1470-490

ഗ്ലോബൽ തിയ്യറ്റർ എക്സലൻസ് അവാർഡ് ലഭിച്ച കാളിദാസ് പുതുമനയെ ഞായറാഴ്ചടാപ് നാടകവേദി ആദരിക്കും

പാലക്കാട്: മലയാള നാടക ശാഖയിൽ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി നിറസാന്നിധ്യമായ ഗ്ലോബൽ തിയ്യറ്റർ എക്സലൻസ് അവാർഡ് ലഭിച്ച കാളിദാസ് പുതുമനയെ പാലക്കാട്ടെ ടാപ് നാടകവേദി ഞായറാഴ്ച ആദരിക്കുന്നു.കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ കാളിദാസ് പുതുമന രചിച്ച പതിനേഴ് വലിയ നാടകങ്ങളിൽ പന്ത്രണ്ടെണ്ണവും ആദ്യമായി അരങ്ങിലെത്തിച്ചത് ടാപാണ്. അംഗീകാരത്തിന്റെ നിറവിൽ തലയുയർത്തി നിൽക്കുന്ന നാടകത്തെ ജീവവായു പോലെ പ്രണയിക്കുന്ന ടാപ് നാടകവേദിയുടെ സ്ഥാപക പ്രസിഡണ്ട് കൂടിയായ കാളിദാസ് പുതുമനയെ ആദരിക്കുന്ന ചടങ്ങിൽ ടാപ് നാടകവേദിയുടെ ആദ്യകാല സാരഥികളും പ്രവർത്തകരുമൊക്കെ ഒത്തുചേരും. ലോക നാടക വാർത്തകളെന്ന അന്താരാഷ്ട്ര. കൂട്ടായ്മയുടെ ഇത്തവണത്തെ ഗ്ലോബൽ തിയ്യറ്റർ എക്സലൻസ് അവാർഡ് നാടക പ്രതിഭകളായ നിലമ്പൂർ ആയിഷ, പ്രൊഫ.പി.ഗംഗാധരൻ, എന്നിവരോടൊപ്പമാണ് പാലക്കാട്ടെ ടാപ് നാടകവേദിയുടെ രക്ഷാധികാരി കൂടിയായ കാളിദാസ് പുതുമനക്കും ലഭിച്ചിരിക്കുന്നത്.ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ ഒന്നാം വർഷ ബി.എ.ഇംഗ്ലിഷ് സാഹിത്യത്തിന് പഠിക്കുമ്പോഴാണ് പുലാപ്പറ്റയിലെ പുതുമന കുടുംബാംഗമായ കാളിദാസ് പുതുമനക്ക് നാടകത്തോട് പ്രണയം തോന്നിയത്. കലാലയ മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടിയ വിടരാൻ കൊതിച്ച പൂമൊട്ടുകൾ ആയിരുന്നു ആദ്യ രചന. തൊട്ടടുത്ത വർഷം പ്രതികൾ എഴുതി. പിന്നെ, പാലക്കാട് ഗവ: വിക്ടോറിയ കോളേജിലെ വാർഷികത്തിന് വേണ്ടി എഴുതിയ ബൂമറാങ്ങ് എന്ന നാടകത്തിന് ഒട്ടേറെ സമ്മാനങ്ങൾ ലഭിച്ചു. പാലക്കാട് ആർട്സ് തിയ്യറ്ററിന് വേണ്ടി കാളിദാസ് പുതുമന രചിച്ച് ഗോവിന്ദൻ പാലക്കാട് സംവിധാനം ചെയ്ത ഗാഞ്ചലോ എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു. തൊട്ടടുത്ത വർഷം കാളിദാസ് പുതുമന രചനയും സംവിധാനവും നിർവ്വഹിച്ച ദി വെബ്ബ് എന്ന നാടകത്തിനും അക്കാദമിയുടെ അവാർഡ് ലഭിച്ചു.1975 ൽ പാലക്കാട് നഗരം കേന്ദ്രീകരിച്ച് തൃപ്തി ആർട്സ് പാലക്കാട് എന്ന സംഘടന പിറവിയെടുത്തപ്പോൾ ടാപിന്റെ ആദ്യ പ്രസിഡണ്ടായി കാളിദാസ് പുതുമന തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, ടാപിന്റെയും, കാളിദാസ് പുതുമനയുടെയും സുവർണ്ണകാലത്തിന്റെ പ്രാരംഭം കുറിക്കലായിരുന്നു. 1976 ൽ കാളിദാസ് പുതുമന രചനയും സംവിധാനവും നിർവ്വഹിച്ച ടാപിന്റെ ആദ്യ നാടകവതരണമായ ലാബ്രോ പാലക്കാട് ടൗൺ ഹാളിലെ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിനിർത്തി അരങ്ങേറി. തുടർന്ന്, ടാപ് അരങ്ങിലെത്തിച്ച പാണപ്പട (1979), ഇതിമന്വന്തരം ശുഭം (1980), എ.ഡി. 2500 (1981), വിത്തും കയ്ക്കോട്ടും (1982), വിശ്വകർമ്മാവ് (1983), സർവ്വാജ്ഞപീഠം (1985), രണ്ടാം പട (1992), ഭ്രാന്തായനം (2003), ഭാരതീയം (2006), തുടങ്ങിയ നാടകങ്ങൾ വൻ വിജയമായിരുന്നു. 2010 ൽ ടാപ് നാടക വേദിക്ക് വേണ്ടി ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസമെന്ന നോവലിന്റെ രംഗഭാഷ്യം നിർവ്വഹിച്ചത് കാളിദാസ് പുതുമനയെ ശ്രദ്ധേയനാക്കി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇതിഹാസങ്ങളുടെ ഖസാക്ക് എന്ന പുസ്തകത്തിൽ ഈ രംഗഭാഷ്യത്തിന്റെ സ്ക്രിപ്റ്റ് പൂർണ്ണമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1984 ൽ ടാപ് നാടകവേദിയുടെ നേതൃത്വത്തിൽ നടത്തിയ പാലക്കാട് കോട്ടയുടെ ചരിത്രത്തെ ആധാരമാക്കിയുള്ള കേരളത്തിലെ ആദ്യത്തെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ രചനയിലും കാളിദാസ് പുതുമനയുടെ കൈ മുദ്ര പതിഞ്ഞിട്ടുണ്ട്.ഉത്തിഷ്ഠത, വീരഭഗത് സിംങ്ങ് തുടങ്ങിയവയാണ് കാളിദാസ് പുതുമനയുടെ മറ്റ് നാടകങ്ങൾ. അടുത്ത കാലത്തായി അഞ്ച് നാടകങ്ങൾ ഉൾപ്പെടുത്തിയുള്ള നാടക പഞ്ചകം എന്ന പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. ദൂരദർശന് വേണ്ടി മഹാകവി ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടിയെ ആധാരമാക്കി കാളിദാസ് പുതുമന തയ്യാറാക്കിയ ടെലിഫിലിം ഏറെ ശ്രദ്ധേയമായിരുന്നു.പയ്യൻ കഥകൾ, സ്ത്രീ പർവ്വം, തുഞ്ചത്താചാര്യൻ തുടങ്ങിയ ടെലിഫിലിമുകളിലൊക്കെ കാളിദാസ് പുതുമനയുടെ സജീവ സാന്നിധ്യമുണ്ട്.കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ച് “പ്രവാസം” എന്ന സിനിമയിലൂടെ സംവിധായകന്റെ മേലങ്കിയണിയാനും കാളിദാസ് പുതുമനക്ക് കഴിഞ്ഞു.നല്ലേപ്പിള്ളിയിൽ താമസിക്കുന്ന കാളിദാസ് പുതുമനയുടെ സഹധർമ്മിണി ശാന്തിനി ദാസ് ഗായികയും അഭിനേത്രിയുമാണ്. സിനിമാ സീരിയൽ താരം ശരൺ പുതുമന മകനാണ്. പാലക്കാട് പബ്ലിക് ലൈബ്രറിയിൽ ഞായറാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന ആദരിക്കൽ ചടങ്ങ് പ്രശസ്ത കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ.പി.എ. വാസുദേവൻ, ടാപ് നാടകവേദിയുടെ സ്ഥാപക ജോയന്റ് സെക്രട്ടറി സൈനുദ്ദീൻ മുണ്ടക്കയം, എ.എൻ.മുരളീധരൻ, മുതിർന്ന മേയ്ക്കപ്പ് മാൻ പുതുപ്പരിയാരം കൃഷ്ണൻകുട്ടി , ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ. പി.സി.ഏലിയാമ്മ, കേരളത്തിലെ നാടക പ്രവർത്തകരുടെ പ്രമുഖ സംഘടനയായ നാടക് പാലക്കാട് മേഖല പ്രസിഡണ്ട് ബേബിഗിരിജ എന്നിവർ ആശംസകൾ അർപ്പിക്കും. ടാപ് നാടകവേദി പ്രസിഡന്റ് വി.രവീന്ദ്രനും, സെക്രട്ടറി എം.എസ്. ദാസ് മാട്ടുമന്തയും ചേർന്ന് ടാപ് നാടകവേദിയുടെ ഉപഹാരം സമർപ്പിക്കും. വിവിധ സാംസ്കാരിക സംഘടനകളും പ്രവർത്തകരും കാളിദാസ് പുതുമനയെ ആദരിക്കും. തുടർന്ന് കെ.എ. നന്ദജൻ സംവിധാനം ചെയ്ത സ്നേഹ രഹിത കർമ്മ പരമ്പര, സി.എച്ച്.അനിൽകുമാറിന്റെ അടുക്കളയുദ്ധം, സതീഷ് രാമകൃഷ്ണന്റെ പരേതന്റെ പട്ട് കോണകം തുടങ്ങിയ നാടകങ്ങൾ അരങ്ങേറും.

Comments are closed.