പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൽക്കത്തയിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമം – ബംഗാൾ യുവതി പിടിയിൽ

കൊരട്ടി: അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവി (25 ) എന്ന സ്ത്രീയെ കൊരട്ടി SHO B K അരുൺ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയം പെൺകുട്ടിയുടെ ബംഗാൾ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ചാലക്കുടി Dysp CR സന്താഷിന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കാണാതായ പെൺകുട്ടിയേയും പ്രതിയേയും ഇന്നലെ രാത്രി പെരുമ്പാവൂരിൽ നിന്നും കണ്ടെത്തിയത്. സാത്തി ബീവി മൂർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുമ്പാവൂരിൽ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാൻ വന്നതാണെന്നും, പെൺകുട്ടിയേയും കൂട്ടി കൊൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോട് സമ്മതിച്ചു. ട്രെയിൻ മാർഗ്ഗം കൽക്കത്തയിലേക്ക് പോകുമ്പോൾ പോലീസ് പരിശോധനയിൽ പിടിയിലാകുനുള്ള സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കി പ്രതി അന്തർസംസ്ഥാന ബസ്സുകളിൽ ആണ് പെൺകുട്ടിയെ കടത്താൻ ശ്രമിച്ചത്. നിരവധി ദീർഘ ദൂര സർവ്വീസ് നടത്തുന്ന ട്രാവൽ ഏജൻസികളിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പെൺകുട്ടിയുമായി രാത്രി യാത്രക്ക് ബുക്ക് ചെയ്ത യാത്രാ രേഖകൾ കണ്ടെത്തുകയും തുടർന്ന് പോലീസ് മഫ്തിയിൽ ട്രാവൽ ഏജൻസി ഓഫീസിലും യാത്രക്കാരെന്ന വ്യാജേന ബസ്സിൽ കയറി രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടിക്കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതി സാത്തി ബീവിക്കെതിരെ കൽക്കത്തയിൽ സമാനമായ കേസുകളുണ്ടോ എന്നും മറ്റുമുള്ള കാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് SHO Bk അരുൺ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിൽ എസ് ഐ CS സൂരജ്, എ എസ് ഐ മാരായ MV സെബി, ജയ്സൺ, സീനിയർ സിപിഒ മാരായ സജിമോൻ, നിതീഷ് കെ എം , അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്.
Comments are closed.