1470-490

കാലിക്കറ്റിൽ ഇടത് ജീവനക്കാരും എസ് എഫ് ഐക്കാരും തമ്മിൽ സംഘർഷം- കയ്യാങ്കളി- ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പരിക്ക്. സർവ്വകലാശാല സ്തംഭിച്ചു. 25 എസ് എഫ് ഐക്കാർക്കെതിരെ കേസ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിൽ എസ് എഫ് ഐ- ഇടത് ജീവനക്കാർ തമ്മിൽ കയ്യാങ്കളി സംഘർഷം – രണ്ട് ജീവനക്കാർക്കും ഏതാനും എസ് എഫ് ഐക്കാർക്കും മർദ്ദനത്തിൽ പരിക്ക്. എസ് എഫ് ഐ ജില്ലാ കമ്മറ്റി യംഗം സി എച്ച് അമൽ, കെ പി ബിപിൻദേവ്, എം കെ ശ്രീലേഷ് എന്നിവർക്കും ഇടത് ജീവനക്കാരനും പരീക്ഷാ ഭവനിലെ കോൺഫിഡൻഷ്യൽ ബ്രാഞ്ചിലെ സെക്ഷൻ ഓഫീസറായ പി ജി ഷിബു, ജിതിൻ എന്നീ ജീവനക്കാർക്കുമാണ് കയ്യാങ്കളിയിലും മർദ്ദനത്തിലും പരിക്കേറ്റത്. ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും അന്യായമായി കൂട്ടം കൂടിയതിനും 25 എസ് എഫ് ഐക്കാർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസ്സെടുത്തു. ഇതിനെ തുടർന്ന് സർവ്വകലാശാല പൂർണ്ണമായും സ്തംഭിച്ചു. ജീവനക്കാർ പൂർണ്ണമായും ജോലി ബഹിഷ്കരിച്ച് പണി മുടക്കി. വിവിധ ആവശ്യങ്ങൾക്കായി എത്തിയ നിരവധി പേർ ഇന്നലെ സേവനം ലഭിക്കാതെ ക്യാമ്പസ് വിടേണ്ടി വന്നു. സർട്ടിഫിക്കറ്റ് സംബന്ധമായ കാര്യത്തിനായ് പരീക്ഷ ഭവനിലെത്തിയ എസ് എഫ് ഐ ക്കാരെ സെക്ഷനിലേക്ക് കടത്തിവിടാത്തതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കം. ഒരു പറ്റം എസ് എഫ് ഐ ക്കാർ സർട്ടിഫിറ്റ് സംബന്ധമായ കാര്യത്തിനായ് പരീക്ഷ ഭവനിലെ ബി എ ബ്രാഞ്ചിൽ എത്തി. ഒന്നിലധികം പേരെ കണ്ട ജീവനക്കാർ ഒരാൾ മാത്രം അകത്തേക്ക് വന്നാൽ മതിയെന്നും മറ്റുള്ളവർ പുറത്ത് നിന്നാൽ മതിയെന്നും നിർദ്ദേശിച്ചു. ഇത് വക വെക്കാതെ എസ് എഫ് ഐക്കാർ ആക്രോശിച്ച്‌ നീ ആരാടാ… അത് പറയാൻ നീ ആരാടാ… എന്ന് ചോദിച്ച് ജീവനക്കാരനെ അദ്ദേഹത്തിന്റെ സീറ്റിൽ വെച്ച് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നെന്ന് ജീവനക്കാർ വ്യക്തമാ ക്കിയത്. അതെ സമയം സർട്ടിഫിക്കറ്റ് സംബന്ധമായ കാര്യത്തിനെത്തിയ എത്തിയ ഞങ്ങളെ ജീവനക്കാർ കൂട്ടമായി ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് എസ് എഫ് ഐക്കാരും ആരോപിച്ചു. എസ് എഫ് ഐ ക്കാർ വളഞ്ഞിട്ട് ജീവനക്കാരെയും തിരിച്ചും പ്രത്യാക്രമണം നടത്തിയെന്നാണ് ഇരു വിഭാഗവും ആരോപിക്കുന്നത്. തുടർന്ന് പോലീസിന്റെ ഇടപെടലിനെ ഇരു വിഭാഗത്തെയും മാറ്റി നിർത്തി. തുടർന്ന് ജീവനക്കാർക്കെതിരെ എസ് എഫ് ഐ ക്കാർ വീണ്ടും വാടാ പോടാ പോർവിളി നടത്തി. തുടർന്ന് ഇടത് ജീവനക്കാരും ജീവനക്കാരുടെ സംയുക്ത സമര സമിതിയും പോർ വിളി നടത്തി. ഇതിനിടയിൽ സംഘർഷത്തിൽ പരിക്ക് പറ്റിയ ജീവനക്കാരനെ പരീക്ഷാ ഭവനിൽ നിന്ന് ഇറക്കി പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റാനുള്ള പോലീസിന്റെ നീക്കത്തെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞു. എസ് എഫ് ഐ യുടെ എതിർപ്പിനെ ചെറുത്ത് പരിക്കേറ്റ ജീവനക്കാ രനെ പൊലീസ് ജീപ്പിലെത്തിച്ചു. പോലീസ് ജീപ്പ് വളഞ്ഞ എസ് എഫ് ഐക്കാർ ജീപ്പിൽ വെച്ചും ജീവനക്കാരനെ മർദ്ദിക്കാൻ ശ്രമിക്കുകയും പോലീസ് ജീപ്പിന് മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഒരു വിധത്തിൽ ജീപ്പ് മുന്നോട്ട് എടുത്തപ്പോൾ എസ് എഫ് ഐ ക്കാർ പരീക്ഷാഭവന്റെ പ്രധാന കവാടം തടയാനുള്ള ശ്രമം തേഞ്ഞിപ്പലം പോലീസ് ഇൻസ്പെക്ടർ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിൽ നീക്കി ജീവനക്കാരനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് പറ്റിയ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റാനെത്തിയ സർവ്വകലാശാല ക്യാമ്പസിലെ ആംബുലൻസ് വാഹനം എസ് എഫ് ഐ പരീക്ഷാഭവൻ കവാടത്തിൽ തടഞ്ഞു. ഈ വാഹനത്തിൽ പിന്നീട് പരിക്കു പറ്റിയ എസ് എഫ് ഐ ക്കാരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി. ഇന്ന് വി സി വിളിച്ച ചർച്ചയിൽ ജീവനക്കാരുടെ സംരക്ഷണത്തിന് ഉറപ്പു നൽകുന്ന തീരുമാനം വന്നാൽ മാത്രമെ ജോലിയിൽ പ്രവേശിക്കു എന്ന നിലപാടിലാണ് ജീവനക്കാർ.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530