1470-490

യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്

ഫ്രഞ്ച് ടീം കിരീടവുമായി (യുവേഫ നേഷന്‍സ് ലീഗ് ട്വീറ്റ് ചെയ്ത ചിത്രം)

സ്‌പെയിനെ 2-1ന് തോല്‍പ്പിച്ചു

മിലാന്‍ (ഇറ്റലി): പൊരുതിക്കളിച്ച സ്‌പെയിനിന്റെ യുവനിരയെ പിന്നില്‍നിന്നും തിരിച്ചടിച്ച് വീഴ്ത്തി ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിന് യുവേഫ നേഷന്‍സ് ലീഗ് കിരീടം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സ്‌പെയിനെ വീഴ്ത്തിയത്. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. 64ാം മിനിറ്റില്‍ മൈക്കല്‍ ഒയാര്‍സബാള്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ സ്‌പെയിനെ, കരിം ബെന്‍സേമ (66), കിലിയന്‍ എംബപ്പെ (80) എന്നിവരുടെ ഗോളുകളിലാണ് ഫ്രാന്‍സ് വീഴ്ത്തിയത്. ഈ കിരീട വിജയത്തോടെ ഫിഫ ലോകകപ്പ്, യൂറോ കപ്പ്, യുവേഫ നേഷന്‍സ് ലീഗ് കിരീടങ്ങള്‍ ചൂടുന്ന ആദ്യ ടീമായി ഫ്രാന്‍സ് മാറി. പ്രഥമ യുവേഫ നേഷന്‍സ് ലീഗ് 2019ല്‍ പോര്‍ച്ചുഗലാണ് ജയിച്ചത്.
സെമിയില്‍ കരുത്തരായ ബല്‍ജിയത്തെ പിന്നില്‍നിന്നും തിരിച്ചടിച്ചു തോല്‍പ്പിച്ച ഫ്രാന്‍സ്, തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമാനമായ രീതിയിലാണ് വിജയവും കിരീടവും സ്വന്തമാക്കിയത്. സെമിയില്‍ ആദ്യ പകുതിയില്‍ 20ന് പിന്നിലായിരുന്ന ഫ്രാന്‍സ് രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ചാണ് ജയിച്ചതെങ്കില്‍, ഇത്തവണ 10ന് പിന്നില്‍ നില്‍ക്കെ രണ്ടു ഗോള്‍ തിരിച്ചടിച്ച് വിജയവും കിരീടവും സ്വന്തമാക്കി. ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ നിര്‍ണായക സേവുകളും ഫൈനല്‍ വിജയത്തില്‍ ഫ്രാന്‍സിനു തുണയായി.
കലാശപ്പോരാട്ടത്തിനു മുന്നോടിയായി നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ബല്‍ജിയത്തെ തോല്‍പ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. നിക്കോളോ ബാരെല്ല (46), ഡൊമിനിക്കോ ബെറാര്‍ഡി (65, പെനല്‍റ്റി) എന്നിവരാണ് ഇറ്റലിക്കായി ഗോള്‍ നേടിയത്. ബല്‍ജിയത്തിന്റെ ആശ്വാസഗോള്‍ 86ാം മിനിറ്റില്‍ ചാള്‍സ് ഡി കെറ്റെലീറെ നേടി.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098