1470-490

കാത്തിരിപ്പിന് വിരാമം;
ജംഗിള്‍ സഫാരി @ ‘ലൈവ്’

ചാലക്കുടി:കാത്തിരിപ്പിന് വിരാമമിട്ട് ഡിഎംസിയുടെ ജംഗിള്‍സഫാരി വീണ്ടും ‘ലൈവ്’. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളമായി ‘ഓഫ്ലൈന്‍’ ആയിരുന്ന ചാലക്കുടി – മലക്കപ്പാറ വിനോദയാത്രയാണ് നീണ്ട ഇടവേളക്കുശേഷം ലൈവ് ആയത്. ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നിന്നും ആരംഭിച്ച യാത്രക്ക് സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു.
രാവിലെ 8ന് പുറപ്പെടുന്ന യാത്രക്ക് ആദ്യ പ്രവേശനം തുമ്പൂര്‍മുഴി ബട്ടര്‍ഫ്ളൈ ഗാര്‍ഡനിലേക്കാണ്. തൂക്കുപാലവും ഉദ്യാനവും കണ്ട് പ്രാഭാത ഭക്ഷണശേഷം യാത്ര തുടരും. ലോകപ്രശസ്തമായ അതിരപ്പിള്ളിവെള്ളച്ചാട്ടവും വാഴച്ചാലും ചാര്‍പ്പ വെള്ളച്ചാട്ടവും ആവോളം കണ്ടശേഷം ഉച്ചയോടെ വിഭവസമൃദ്ധമായ വെജ്, നോണ്‍വെജ് ഭക്ഷണത്തിനായി പുളിയിലപ്പാറയിലെ കെഎസ്ഇബി ഐബിയില്‍ ഉച്ചയോടെ എത്തും. തുടര്‍ന്ന് കൊടും കാട്ടിലൂടെയുള്ള യാത്രയില്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളും ആനക്കയവും കണ്‍കുളിര്‍ക്കെ കണ്ടശേഷം മലക്കപ്പാറയിലെത്തും. അവിടെനിന്നും മടങ്ങി രാത്രിയില്‍ പുറപ്പെട്ട സ്ഥലത്ത് തന്നെ എത്തിക്കുന്നതാണ് പാക്കേജ്.
കഴിഞ്ഞ സീസണില്‍ മികച്ച പ്രതികരണമായിരുന്നു സഞ്ചാരികളില്‍നിന്നും ഉണ്ടായിരുന്നത്. നിരവധി പ്രകൃതി സ്നേഹികളാണ് ജംഗിള്‍സഫാരിയുടെ യാത്ര പുനരാരംഭിക്കുന്നത് അന്വേഷിച്ചുകൊണ്ടിരുന്നത്. ആ കാത്തിരിപ്പിനാണ് കഴിഞ്ഞദിവസം വിരാമിട്ടുകൊണ്ട് ആദ്യ യാത്ര പൂര്‍ത്തിയാക്കിയത്. തുമ്പൂര്‍മുഴി, ശലഭോദ്യാനം, തൂക്കുപ്പാലം, അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍, ആനക്കയം, മലക്കപ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ തൊണ്ണൂറ് കിലോമീറ്ററോളം നീണ്ട യാത്രയാണ്. സുരക്ഷയിലും ഭക്ഷണത്തിലും കാഴ്ചയിലും വിനോദത്തിലും സംതൃപ്തരാണ് സഞ്ചാരികള്‍. കൂടാതെ മൈലാടും പാറ ഉള്‍പ്പെടുന്ന പുതിയ പാക്കേജും ആരംഭിക്കും. ജംഗിള്‍ സഫാരിയ്ക്ക് പുറമേ പുതിയ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായും എംഎല്‍എ അറിയിച്ചു.
ഡി.ടി.പി.സി. സെക്രട്ടറി ഡോ. കവിത എ.,നഗരസഭാ ചെയര്‍മാന്‍ വി.ഒ.പൈലപ്പന്‍, ജില്ലാ പഞ്ചായത്തഗം ജെനിഷ് പി.ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, പഞ്ചായത്തഗം സി.സി.കൃഷ്ണന്‍, ഡി.എം.സി. അംഗം ടി.പി.ജോണി സംസാരിച്ചു.

ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നിന്നും ആരംഭിച്ച യാത്രക്ക് സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യുന്നു

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651