1470-490

ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍:
വിജയം നാട്യബിംബമാക്കിയ ലാസ്യനടനം

ആര്‍എല്‍വിയുടെ കലയേയും ജീവിതത്തേയും കുറിച്ച് ഒരാമുഖ വിശകലനം

ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍

എല്ലാവരുടെ ഭാവങ്ങളും ഒരാള്‍ തന്നെ അഭിനയിച്ചാവിഷ്‌കരിക്കുന്നതിനെ ഏകഹാര്യം എന്ന് വിശേഷിപ്പിക്കുന്നു ഭരതമുനിയുടെ നാട്യശാസ്ത്രം. ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് പതിനൊന്നാം നൂറ്റാണ്ടില്‍ അഭിനവഗുപ്തന്‍ ചമച്ച വ്യാഖ്യാനത്തിലും നൃത്തകലയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇന്ത്യയിലെ ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ ഏതെല്ലാമാണ് എന്നതിനെക്കുറിച്ച് ഖണ്ഡിതമായ തീര്‍പ്പു പറയുക സാദ്ധ്യമല്ല. ഇന്ത്യന്‍ നൃത്തകലയുടെ ഔദ്യോഗിക ചരിത്രകാരി എന്ന് വിശേഷിപ്പിക്കാവുന്ന പ്രശസ്ത കലാ വിമര്‍ശക കപിലാവാത്സ്യായന്‍ ഭരതനാട്യം, കഥകളി, ഒഡിസി, കഥക്, മണിപ്പൂരി എന്നിവയെ മാത്രമേ ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങളായി കണക്കാക്കുന്നുള്ളൂ. മോഹിനിയാട്ടം, കുച്ചുപ്പിടി തുടങ്ങിയവയെല്ലാം അവരുടെ പരിഗണനയില്‍ വരുന്നില്ല.
നവവേദാന്ത ദാര്‍ശനിക രൂപങ്ങളും വ്യവഹാരങ്ങളും കൊണ്ട് ഇന്ത്യന്‍ കലാവിഷ്‌ക്കാരങ്ങളെ ബ്രാഹ്‌മണീകരിക്കാനും പ്രാദേശിക നൃത്താവിഷ്‌ക്കാരങ്ങളുടെ പാരമ്പര്യങ്ങള്‍ക്കു മേല്‍ ദേശീയമായ ഈ സവര്‍ണ്ണ ഏകപാരമ്പര്യത്തെ ഉറപ്പിച്ചെടുക്കാനുമുള്ള പരിശ്രമങ്ങള്‍ ശക്തമാണിവിടെ. ഇതിനെതിരായി കേരളീയ തനത് നൃത്തരൂപമായ മോഹിനിയാട്ടത്തെ മുന്‍ നിര്‍ത്തിയുള്ള പഠനങ്ങളിലൂടേയും ആവിഷ്‌ക്കാരങ്ങളിലൂടേയും നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിലെ വൈവിദ്ധ്യത്തിന്റെ സൗന്ദര്യത്തെ അപനിര്‍മ്മിച്ച് വിമോചിപ്പിക്കുകയാണ് ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍ ചെയ്യുന്നത്. അതുവഴി സവര്‍ണ്ണ ദേശീയതയുടെ നാട്യ ചരിത്ര നിര്‍മ്മിതിയുടെ രീതിശാസ്ത്രത്തെ അദ്ദേഹം തന്റെ അഗാത പഠനങ്ങള്‍ കൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്നു.
ഒടുവിലിതാ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോള്‍സ് ആന്‍ഡ് ട്രയിനിംഗ് ഡല്‍ഹിയുടെ മോഹിനിയാട്ടത്തിനുള്ള സീനിയര്‍ ഫെല്ലോഷിപ്പിനും ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍ അര്‍ഹനായി.കലാഭവന്‍ മണിയുടെ സഹോദരനും ചാലക്കുടിയുടെ അഭിമാനവുമായ പ്രശസ്ത കലാ പ്രതിഭ ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന് നൃത്തകലയിലെ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ഈ അഖില ഭാരത പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
നൃത്തകലയിലെ പാരമ്പര്യ വാദങ്ങള്‍ക്കെതിരായ കലാപമായി ഒരു കലാകാരന്‍
കലാപരഹിതമായ കല വസന്തങ്ങളില്ലാത്ത ഋതുക്കളെ പോലെയാണ്.രണ്ട് രീതിയില്‍ കലാപമാവുകയാണ് ഡോ.ആര്‍എല്‍വി രാമകൃഷ്ണന്റെ കലാജീവിതം.

ഒന്ന്:
സവര്‍ണ്ണ തമ്പുരാക്കള്‍ മാത്രം വിഹരിച്ചിരുന്ന ക്ലാസ്സിക് കലാരംഗത്ത് ദളിതന്റെ സര്‍ഗ്ഗ സാനിദ്ധ്യം കൊണ്ട് ഇളക്കിമറിച്ച്

രണ്ട്:

നൃത്തകലയിലെ പാരമ്പര്യ വാദങ്ങളെ വിപ്ലവാത്മകമായ നവചിന്തകള്‍ കൊണ്ട് ഉടച്ചു വാര്‍ത്തുകൊണ്ട്.

ഒന്നാമത്തെ കാരണത്താല്‍ കുറച്ചൊന്നുമല്ല എതിര്‍പ്പുകളും അവഹേളനങ്ങളും അദ്ദേഹത്തിനെതിരായി ഉയര്‍ന്നു വരുന്നത്.ഏറ്റവുമൊടുവില്‍ ജീവന്‍ ആയുധമാക്കി പോലും അദ്ദേഹം അതിനെതിരായി പോരടിച്ചത് നാം കണ്ടു.രണ്ടാമത്തേതാകട്ടെ നമ്മുടെ നൃത്ത കലാ മേഖലയെ മാത്രവല്ല മലയാളിയുടെ സൗന്ദര്യ ഭാവുകത്വ പരികല്പനകളെ കൂടി പരിഷ്‌കരിച്ച് നവീകരിക്കുന്ന ചരിത്രപരമായ ഇടപെടലായി വികസിക്കുന്ന സൗന്ദര്യചിന്തകളുടേതാണ്..’നര്‍ത്തകി’ എന്ന പേരില്‍ അറിയപ്പെടുന്ന ഹാരപ്പന്‍ ശില്പവും മൊഹന്‍ജദാരോവില്‍ നിന്ന് ലഭിച്ച ‘ഡാന്‍സിംഗ് ഗേള്‍ ‘ എന്നറിയപ്പെടുന്ന നഗ്‌നയായ ഒരു സ്ത്രീയുടെ ശില്പവും പ്രാചീനമായ നൃത്ത നിലയ പ്രതിനിധാനം ചെയ്യുന്ന ചരിത്രശേഷിപ്പുകള്‍ ആകാം. നൃത്ത സ്ഥാനങ്ങളെ ശില്പ രൂപങ്ങളായി ആവിഷ്‌കരിക്കുന്ന രീതി പുരാതന ഇന്ത്യയില്‍ വ്യാപകമായിരുന്നു എന്നത് തര്‍ക്കരഹിതമായ ചരിത്ര യാഥാര്‍ത്ഥ്യമാണ്.
കലാഭവന്‍ മണിയുടെ നടനരീതികളോടും മൊഴി വഴക്കങ്ങളോടും പതിനായിര കണക്കിന് പണിയാളര്‍ താദാത്മ്യം പ്രാപിക്കുകയും അഗാധമായി ഇഷ്ടപ്പെടുകയും ചെയ്തത് അത് കീഴാള ശൈലിയുടെ സൗന്ദര്യാവിഷ്‌കാരമായിരുന്നു എന്നതുകൊണ്ടാണ്. കലാഭവന്‍ മണി തുറന്നിട്ട ജനപക്ഷ സൗന്ദര്യാവിഷ്‌കാര രീതികളുടെ കൂടുതല്‍ ശാസ്ത്രീയവും ദാര്‍ശനികവുമായ വികാസമാണ് അദ്ദേഹത്തിന്റെ സഹോദരനായ ഡോ.ആര്‍ എല്‍ വി രാമകൃഷ്ണനിലൂടെ സാദ്ധ്യമായി തീരുന്നത്.
കേരളീയ നൃത്തരൂപമായ മോഹിനിയാട്ടം സാധാരണയായി സ്ത്രീകളാണ് രംഗത്തവതരിപ്പിക്കാറുള്ളത്. പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുകയാണെങ്കില്‍ സ്ത്രീവേഷം കെട്ടി അവതരിപ്പിക്കണമെന്നതാണ് പരമ്പരാഗതമായ സങ്കല്പം. മോഹിനിയാട്ടത്തിന്റെ ലഭ്യമായ ചരിത്രം പരിശോധിച്ചാല്‍ ഈ നൃത്ത രൂപം പഠിപ്പിച്ചിരുന്നത് പുരുഷന്‍മാരാണ് എന്ന് കാണാം. മോഹിനിയാട്ടം മോഹിനി മാരുടെ ആട്ടമാണെന്നും ശൃംഗാര രസ പ്രധാനമായ ലാസ്യം മാത്രമാണെന്നും ഉള്ള ചിന്തകള്‍ അതിനെ സ്ത്രീകളില്‍ മാത്രം ഒതുക്കി നിര്‍ത്തി. ശൃംഗാരം ഏകലിംഗ കേന്ദ്രിതമായ വികാരമല്ല. സ്ത്രീ – പുരുഷ സംഗമത്തില്‍ നിന്നുണ്ടാകുന്ന വികാര പ്രപഞ്ചമാണത്. അതുകൊണ്ട് തന്നെ ലാസ്യ- താണ്ഡവ പകര്‍ന്നാട്ടത്തിന്റെ സാദ്ധ്യതകള്‍ മോഹിനിയാട്ടത്തിലും സുലഭമാണ്. ഭരതനാട്യത്തിലും കുച്ചിപ്പിടിയിലും കഥക്കിലുമെല്ലാം താണ്ഡവം സ്ത്രീകളും ലാസ്യം പുരുഷന്‍മാരും ചെയ്ത് വരുന്നുണ്ട്. ഈ പശ്ചാതലത്തില്‍ നിന്നുകൊണ്ട് കേരളത്തിന്റെ തനത് കലയായ മോഹിനിയാട്ടം പുരുഷന്‍മാര്‍ക്ക് രംഗാവതരണം നടത്താനുള്ള സാദ്ധ്യതകള്‍ സൃഷ്ടിക്കുകയാണ് ആട്ടത്തിലെ ആണ്‍ വഴികള്‍ എന്ന ഗവേഷണ പ്രബന്ധത്തിലൂടെ ഡോ.ആര്‍ എല്‍ വി രാമകൃഷ്ണന്‍. നാല് ഭാഗങ്ങളും 374 പേജുകളുമുള്ള ഈ ഗവേഷണ പ്രബന്ധം നൃത്ത നിരൂപണ ചരിത്രത്തിലെ ഒരു വിഛേദം തന്നെ സൃഷ്ടിക്കുന്നു.പുരുഷന്‍മാര്‍ക്കിണങ്ങുന്ന വേഷവിതാനത്തോടൊപ്പം വിഷയ വൈവിധ്യവും പുരുഷന്‍ രംഗത്തെത്തുമ്പോള്‍ ഉണ്ടാകുന്നുണ്ട്.
കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ ഡോ.എന്‍ കെ ഗീതയുടെ കീഴിലാണ് ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഗവേഷണം നടത്തിയത്. ആര്‍എല്‍വി കോളേജില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ഡിപ്ലോമ, എം ജി സര്‍വ്വകലാശാലയില്‍ നിന്നും മോഹിനിയാട്ടത്തില്‍ എം എക്ക് ഒന്നാം റാങ്ക്, കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ നിന്ന് എംഫില്‍ ഒന്നാം റാങ്ക്, പെര്‍ഫോമിംഗ് ആര്‍ട്ടിസില്‍ യുജിസി നെറ്റ് പരീക്ഷയില്‍ ഉന്നത വിജയം എന്നിങ്ങനെ ഉന്നതബിരുദങ്ങളുടെ തിളക്കമുണ്ട് ആ പ്രതിഭയുടെ കലാ വ്യക്തിത്വത്തിന്. തീറ്ററപ്പായി, താമര കുന്നിലെ ഭദ്ര പുരാണം തുടങ്ങിയ ചില മലയാള സിനിമകളിലും പ്രധാന വേഷം അവതരിപ്പിച്ചു.
എങ്കിലും നൃത്തമാണ് തന്റെ സര്‍ഗ്ഗ പ്രവര്‍ത്തനത്തിന്റെ മേഖല എന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് അദ്ദേഹം.സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയുടെ പരിമിതികളില്‍ നിന്ന് സമര്‍പ്പിതമായ സപര്യയിലൂടെ കലയുടെ ഉത്തംഗ ശൃംഖത്തിലേക്ക് നടന്നുകയറിയിട്ടും ജാതി വിവേചനത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നും രക്ഷപ്പെടാനാകുന്നില്ല ദളിതര്‍ക്ക് എന്ന വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന് സംഗീത നാടക അക്കാദമിയില്‍ നേരിടേണ്ടി വന്ന ദുരനുഭവം.ജാതി – ജന്മി – നാടുവാഴിത്വ കാലത്തെ സവര്‍ണ്ണ മാടമ്പി സംസ്‌കാരം ആന്തരവല്‍ക്കരിച്ച മാന്യന്മാര്‍ ഇപ്പോഴും നമ്മുടെ ജീവിത നടത്തിപ്പിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നു എന്നാണത് വെളിവാക്കുന്നത്.
പുറമേക്ക് എത്ര പുരോഗമന പരമെന്ന്‌തോന്നിപ്പിച്ചാലും ഉള്ളില്‍ നിന്നും പൂതലിക്കുന്ന മരം പോലെ നമ്മുടെ സാമൂഹത്തിന്റെ ഉള്ളകം ജാതിബോധത്തിന്റേയും സവര്‍ണ്ണാഹന്തകളുടേയും വിളനിലം തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം.ജാതിമര്‍ദ്ദനത്തിന്റെ പ്രത്യക്ഷ ക്രൂരതകള്‍ ചെറുത്തു നില്പുകളുടെ കരുത്തുകൊണ്ട് പിന്‍വാങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ സാമൂഹ്യ ജീവിത നടത്തിപ്പുകളുടെ സുപ്രധാന നിര്‍ണ്ണയനമായി അതിന്റെ പ്രത്യയശാസ്ത്രം ഇപ്പോഴും സജീവമായി നിലനില്‍ക്കുക തന്നെയാണ്. അതിന്റെ ഒടുവിലത്തെ ഇരയായി തീരുകയായിരുന്നു ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍.
നൃത്തകലക്കായി ജീവിതം സമര്‍പ്പിച്ച ഉന്നതനായ ഒരു കലാകാരെനെ ജാതിക്കുശുമ്പിന്റെ തീയില്‍ ചുട്ടെരിക്കാന്‍ സാംസ്‌കാരിക കേരളം വിട്ടു കൊടുക്കില്ല എന്ന താക്കീതും ഈ സംഭവത്തോടനുബന്ധിച്ച് ശക്തമായുയര്‍ന്ന് വന്നതും നാം കണ്ടു.ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന് ലഭിച്ച പിന്തുണ അതു കൂടി വിളിച്ചു പറയുന്നുണ്ട്.ഇക്കൊല്ലത്തെ ജെ.സി.ഡാനിയല്‍ നൃത്ത പുരസ്‌കാരം ഡോ.ആര്‍.എല്‍.വിരാമകൃഷ്ണനായിരുന്നു.
ഇതാ അഖിലേന്ത്യാ നിലവാരത്തിലുള്ള അംഗീകാരവും ആ സര്‍ഗ്ഗ പ്രതിഭയെ തേടി വന്നിരിക്കുന്നു.ചാലക്കുടിക്ക് അഭിമാനിക്കാം. കലാഭവന്‍ മണിക്ക് ശേഷം മികവിന്റെ പടവുകള്‍ കയറി അദ്ദേഹത്തിന്റെ സഹോദരന്‍ സര്‍ഗ്ഗ ജീവിതത്തിന്റെ വിജയ കൊടി അഭിമാനത്തിന്റെ ആകാശ ചില്ലകളില്‍ ഉയര്‍ത്തി കെട്ടുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242