1470-490

മാധ്യമങ്ങളെ പിടിച്ചുകെട്ടും,
11 നിയമങ്ങളുമായി താലിബാന്‍

പ്രതീകാത്മക ചിത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി താലിബാന്‍. വാര്‍ത്താ സ്ഥാപനങ്ങള്‍ക്കെതിരെ ’11 നിയമങ്ങള്‍’ താലിബാന്‍ അവതരിപ്പിച്ചു. ഇസ്‌ലാമിനെക്കുറിച്ച് പരാമര്‍ശമുള്ളതോ ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്താനാണു തീരുമാനം. സര്‍ക്കാരിന്റെ മാധ്യമ ഓഫിസുമായി ഏകോപിപ്പിച്ചു വാര്‍ത്തകള്‍ എഴുതാന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം.
അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്ത ശേഷം രൂപീകരിച്ച പുതിയ സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ താലിബാന്‍ ആക്രമണം നടത്തിയിരുന്നു. കാബൂളിലെ അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ മീഡിയ സെന്റര്‍ ഡയറക്ടര്‍ ദാവ ഖാന്‍ മേനാപാല്‍ ഓഗസ്റ്റ് ആദ്യവാരം കൊല്ലപ്പെട്ടു. രണ്ട് ദിവസങ്ങള്‍ക്കു ശേഷം പക്തിയ ഘാഗ് റേഡിയോയിലെ മാധ്യമപ്രവര്‍ത്തകന്‍ തൂഫാന്‍ ഒമറിനെ താലിബാന്‍ പോരാളികള്‍ കൊലപ്പെടുത്തി.
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തതുമുതല്‍ സ്വകാര്യ ടിവി ചാനലുകളില്‍ കാണിക്കുന്ന ഉള്ളടക്കത്തിലും മാറ്റം വന്നിട്ടുണ്ട്. വാര്‍ത്താ ബുള്ളറ്റിനുകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, വിനോദം, സംഗീത പരിപാടികള്‍ എന്നിവയ്ക്കു പകരം താലിബാന്‍ സര്‍ക്കാരിന് അനുകൂലമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ചില പ്രമുഖ പത്രങ്ങള്‍ അച്ചടി നിര്‍ത്തി ഓണ്‍ലൈനിലേക്കു മാറാനും നിര്‍ബന്ധിതരായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ താലിബാനെ ഭയപ്പെടുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള മാധ്യമസ്വാതന്ത്ര്യ സംഘടനയിലെ മുതിര്‍ന്ന അംഗം സ്റ്റീവന്‍ ബട്ട്‌ലര്‍ പറഞ്ഞു. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് സഹായം അഭ്യര്‍ഥിച്ചു നൂറുകണക്കിന് ഇ മെയിലുകള്‍ സംഘടനയ്ക്കു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരെ തടയുന്നത് അവസാനിപ്പിക്കണമെന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള സമിതി (സിപിജെ) താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270