ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം
ഓര്‍മ്മകള്‍ മരവിക്കുമ്പോള്‍:
അല്‍ഷിമേഴ്സിന്റെ കാണാപ്പുറങ്ങള്‍

(സംസ്ഥാന ആരോഗ്യ വകുപ്പ്
smithamv78@gmail.com)
ഹെൽത്ത് ഡെസ്ക്:
ലോറന്‍സ് ഓഫ് അറേബ്യ,ഡോക്ടര്‍ ഷിവാഗോ, ചെഗ്വേരയുടെ ജീവിതം എന്നിങ്ങനെ വിഖ്യാത ലോകസിനിമകളില്‍ കൂടി ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ഒമര്‍ ഷരിഫ.അല്‍ഷിമേഴ്സ് രോഗബാധിതനായ ഇദ്ദേഹത്തിന് ഇപ്പോള്‍ താന്‍ ഒരു നടനായിരുന്നുവെന്ന് മാത്രമേ ഇപ്പോള്‍ അറിയു.ഒരു സിനിമയെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയില്ല.
മലയാള കവയിത്രി ബാലാമണിയമ്മ, അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റോണാള്‍ഡ് റെയ്ഗന്, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹാരോള്‍ഡ് വില്‍സണ്‍,2009ലെ നോബല്‍ സമ്മാനാര്‍ഹനായ ചാള്‍സ്.കെ.കോ എന്നിവര്‍ ഈ രോഗം ബാധിച്ചവരില്‍ ചിലരാണ്. ഇന്ത്യന്‍ കേന്ദ്ര മന്ത്രി ആയിരുന്ന ജോര്‍ജ് ഫെര്‍ണണ്ടസും ഈ രോഗബാധിതനായിരുന്നു.

സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്സ് ദിനം.ഡിമന്‍ഷ്യ എന്ന രോഗത്തിലെ ഒന്ന് മാത്രമാണ് അല്ഷിമേര്സ് രോഗം. മാരകമായ ഈ രോഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോക അല്‍ഷിമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഓരോ വര്‍ഷവും ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. തലച്ചോറിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ പതിയെ നശിക്കുന്ന അവസ്ഥ.തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്നു. ഈ രോഗത്തില്‍ തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു.നാഡീകോശങ്ങള്ഒരിക്കല് നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമാണ്.
ചരിത്രം
1906 ല്‍ അലോയ്സ് അല്ഷിമേര്സ് എന്ന ജര്‍മ്മന്‍ സൈക്യാട്രിസ്റ്റ് മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറില്‍ ചില പ്രത്യേക വ്യത്യാസങ്ങള്‍ കണ്ടെത്തി . അവിടെ നിന്നാണ് അല്ഷിമേര്സ് രോഗത്തിന്റെ ചരിത്രം തുടങ്ങുന്നത്
രോഗസാധ്യത
65 വയസ്സിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് വീതം അല്‍ഷിമേഴ്സ് ഉണ്ട്.85 വയസ്സിനു നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്സ് വരാനുള്ള സാധ്യതയുണ്ട്.ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്സ് ബാധിതര്‍ കൂടുതലുള്ളത്.

രോഗലക്ഷണങ്ങള്‍
അല്‍ഷിമേഴ്സിന്റെ മറ്റേതു ലക്ഷണങ്ങളേക്കാളും മുമ്പ് തലച്ചോറിലെ മാറ്റങ്ങള്‍ സംഭവിക്കും. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഈ അവസ്ഥയെയാണ് പ്രീക്ലിനിക്കല്‍ അല്‍ഷിമേഴ്സ് ഡിസീസ് എന്നു പറയുന്നത്. പ്രധാനമായും മൂന്നു ഘട്ടങ്ങളിലൂടെയാണ് അല്‍ഷിമേഴ്സ് കടന്നുപോകുന്നത്. പ്രാരംഭഘട്ടം,മധ്യഘട്ടം,അവസാനഘട്ടം എന്നിങ്ങനെയാണത്.
അല്‍ഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തില്‍ രോഗി പരാശ്രയം ഇല്ലാതെ തന്നെ തന്റെ കാര്യങ്ങള്‍ നിര്‍വഹിക്കും. ്രൈഡവ് ചെയ്യാനോ ജോലി ചെയ്യാനോ സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടാനോ ബുദ്ധിമുട്ടുണ്ടാകില്ല. ഇതിനെല്ലാം പുറമേ ഓര്‍മക്കുറവുണ്ടെന്ന തോന്നല്‍ തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്.പരിചിതമായ പേരുകള്‍ മറക്കുകയോ സാധനങ്ങള്‍ വച്ചസ്ഥലം മറന്നുപോവുകയോ ഒക്കെ ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.
മധ്യഘട്ടം വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. രോഗാവസ്ഥ കൂടുംതോറും രോഗിക്ക് പരാശ്രയമില്ലാതെ കഴിയില്ലെന്ന അവസ്ഥയാണിത്. വാക്കുകള്‍ പറയുമ്പോഴുള്ള ആശങ്ക, പെട്ടെന്ന് ദേഷ്യമോ നിരാശയോ വരിക, അപ്രതീക്ഷിതമായി പെരുമാറുക, കുളിക്കാന്‍ മടി കാണിക്കുക എന്നിവയെല്ലാം ഈ ഘട്ടത്തില്‍ കാണിച്ചേക്കാം. തലച്ചോറിലെ നാഡീകോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതമാണ് ദൈനംദിനചര്യകള്‍ പാലിക്കാനും മനസ്സിലുള്ളത് പ്രകടിപ്പിക്കാനും തടസ്സമാകുന്നത്.ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകുന്ന ഘട്ടമാണിത്.
അല്‍ഷിമേഴ്സിന്റെ അവസാന ഘട്ടമാകുന്നതോടെ രോഗികള്‍ക്ക് തങ്ങളുടെ ചുറ്റുപാടിനോട് പ്രതികരിക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടും. ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാനോ സ്വന്തം ചലനത്തെ നിയന്ത്രിക്കാനോ കഴിയാതാകും.വാക്കുകളോ വാചകങ്ങളോ ഒക്കെ പറഞ്ഞേക്കാമെങ്കിലും സ്വന്തം വേദന പങ്കുവെക്കാന്‍ കഴിയാതെവരും. ഓര്‍മശക്തിയും ഗ്രഹിക്കാനുള്ള കഴിവും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കും.
വ്യക്തിത്വത്തിലും പെരുമാറ്റത്തിലും കാതലായ മാറ്റങ്ങള്‍ വരുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ പരാശ്രയമില്ലാതെ രോഗികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ചുറ്റുപാടിനെക്കുറിച്ചോ തൊട്ടുമുമ്പു നടന്ന സന്ദര്‍ഭത്തെക്കുറിച്ചോ ഓര്‍മയുണ്ടാകില്ല. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട്, ന്യൂമോണിയ പോലുള്ള ഇന്ഫെക്ഷനുകള് പെട്ടെന്നു ബാധിക്കാനുള്ള സാധ്യത എന്നിവയൊക്കെ ഈ ഘട്ടത്തില്‍ ഉണ്ടായേക്കാം.പതിയെപതിയെ കാര്യങ്ങള്‍ മറന്നു തുടങ്ങുന്നതാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്,പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ശേഷിയാണ് കുറഞ്ഞു തുടങ്ങുക,പഴയ കാര്യങ്ങള്‍ ഓര്‍മ്മയിലുണ്ടാകും.
ദൈന്യംദിന കാര്യങ്ങള്‍ മറന്നു പോവുക. ഉദാഹരണത്തിന് താക്കോല്‍ വച്ചത് എവിടെയാണെന്ന് അറിയാതെ തിരഞ്ഞു നടക്കേണ്ടി വരിക.സംഭാഷണത്തിനിടെ വാക്കുകള്‍കിട്ടാതാവുക,സാധനങ്ങളുടേയും വ്യക്തികളുടേയും പേരുകള്‍ ഓര്‍മ്മയില്‍ കിട്ടാതാവുക.ഈയിടെ നടന്ന പരിപാടികളോ സംഭാഷണങ്ങളോ മറന്നു പോവുക.തിയ്യതികള്‍,അപ്പോയിന്റ്മെന്റുകള്‍ എന്നിവ ഓര്‍മ്മ വയ്ക്കാന്‍ കഴിയാതാവുക.പരിചിതമായ സ്ഥലങ്ങളില്‍ പോലും വഴി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക.
അല്‍ഷിമേഴ്സ് രോഗികള്‍ പെരുമാറ്റപ്രശ്നങ്ങളും മാനസിക രോഗലക്ഷണങ്ങളും പ്രകടമാക്കുന്നു.പലതരത്തിലുള്ള മിഥ്യാധാരണകളും മിഥ്യാഭ്രമങ്ങളും ഇവര്‍ പ്രകടമാക്കുന്നു.വീടുവിട്ട് പുറത്ത് ഇറങ്ങിപ്പോകാന്‍ ശ്രമിക്കുക, തങ്ങളുടെ സാധനങ്ങളും വസ്തുവകകളും മറ്റാരോ മോഷ്ടിക്കുന്നു എന്ന് ആരോപിക്കുക,സ്വന്തം കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാന്‍ കഴിയാതെ ഇരിക്കുക,അനുചിതമായ ലൈംഗികസ്വഭാവങ്ങള്‍ കാണിക്കുക എന്നിങ്ങനെ സങ്കീര്‍ണമായ രോഗലക്ഷണങ്ങള്‍ കൊണ്ട് സംശയാലുക്കളായിത്തീരുന്നു.
ചികിത്സ
അല്‍ഷിമേഴ്സ് രോഗികളുടെ നാഡീകോശങ്ങളില്‍ അസറ്റൈല്‍ കോളിന് എന്ന രാസവസ്തുവിന്റെ കുറവ് ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവസ്തുവിന്റെ വിഘടനം തടഞ്ഞ് തലച്ചോറില്‍ അതിന്റെ അളവ് വര്‍ധിപ്പിക്കുന്ന ഔഷധങ്ങള്‍ ഉണ്ട്.ഡോണപ്പസില്‍, റിവാസ്റ്റിഗ്മിന്‍, മെമാന്റിന്‍, ഗാലന്റമിന്‍ തുടങ്ങി വിദേശരാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക ഔഷധങ്ങളും ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ അസുഖത്തിന്റെ മുന്നോട്ടുള്ള ഗതിയെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
Comments are closed.