1470-490

മാലിന്യം നിറഞ്ഞ് തിരൂര്‍ മാര്‍ക്കറ്റ്

ശ്രീരഥ് കൃഷ്ണൻ

തിരൂര്‍: ആറു മാസത്തോളമായി മാലിന്യനീക്കത്തിലും ശുചിത്വ നടപടികളിലും ദയനീയ പരാജയമായ തിരൂര്‍ നഗരസഭയുടെ നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനം. നഗരത്തിലെ വിവിധ മേഖലകളിലെ മാലിന്യവും മലിനജലവും കണ്ടില്ലെന്ന് നടിച്ച് സ്വന്തം ചിത്രം വച്ചു പ്രചാരണം നടത്തുന്ന നഗരസഭാ ചെയര്‍പേഴ്‌സ്ണ്‍ എ.പി. നസീമയുടെ പ്രവര്‍ത്തനത്തിനെതിരെയാണ് വ്യാപക വിമര്‍ശനം.


തിരൂര്‍ നഗരസഭയ്ക്ക് അവാര്‍ഡിന് അര്‍ഹതയില്ലെന്നതിന് ഉത്തമ തെളിവാണ് തിരൂര്‍ മാര്‍ക്കറ്റ്. മാര്‍ക്കറ്റിനകത്ത് പലയിടത്തും മാലിന്യ കൂമ്പാരങ്ങളാണുള്ളത്. മാര്‍ക്കറ്റിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിനരികിലും മത്സ്യമാര്‍ക്കറ്റിനരികിലുമെല്ലാം ഇത്തരത്തില്‍ മാലിന്യം കൂട്ടിയിരിക്കുകയാണ്.
ദിനംപ്രതി നൂറു കണക്കിന് ലോഡ് മത്സ്യം ഇറക്കുകയും കയറ്റുകയും ചെയ്യുന്ന മാര്‍ക്കറ്റില്‍ നാറിയിട്ട് നടക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ട്. ദിനംപ്രതി നഗരസഭ ശുചീകരിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും നാറ്റത്തിന് ഒരു ശമനവുമില്ല. മാംസ മാര്‍ക്കറ്റിന് സമീപം കണ്ടാലറയ്ക്കുന്ന തരത്തില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. മത്സ്യമാര്‍ക്കറ്റിനകത്തെ ചാലുകളിലും പകല്‍ സമയങ്ങളില്‍ മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്.

മാർക്കറ്റിനകത്ത് കെട്ടിക്കിടക്കുന്ന മലിനജലം

പകല്‍ സമയങ്ങളില്‍ നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്. മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണിവിടെ ജനങ്ങള്‍ക്ക്. സാംക്രമിക രോഗങ്ങളടക്കം പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ശുചിത്വ അവാര്‍ഡിന്റെ പേരിലുള്ള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിലാണ് നഗരസഭയ്ക്കും ചെയര്‍പേഴ്‌സണും ശ്രദ്ധയെന്നാണ് വ്യാപക പരിഹാസം. മുന്‍ ഇടതു ചെയര്‍മാന്‍മാരായ എസ്. ഗീരീഷിന്റെയും കെ. ബാവയുടെയും ശ്രമഫലമായാണ് തിരൂര്‍ നഗരസഭ ശുചിത്വ അവാര്‍ഡിന് അര്‍ഹത നേടിയത്. ഇവരുടെ പ്രവര്‍ത്തനത്തിന് കിട്ടിയ അവാര്‍ഡിന്റെ പേരിലുള്ള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച നഗരസഭാ ചെയര്‍പേഴ്‌സണെതിരെ സോഷ്യല്‍ മീഡിയയിലും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269