1470-490

തിരുവനന്തപുരം: സർക്കാർ സഖാക്കളുടെ മാത്രം ആകരുതെന്ന് സിപിഎം സംസ്ഥാന കമ്മറ്റി പ്രത്യേകം തയാറാക്കിയ റിപ്പോർട്ട്. എല്ലാവിഭാഗം ജനങ്ങൾക്കും നീതിയുറപ്പാക്കുന്ന പ്രവർത്തനമാണ് സർക്കാർ പിന്തുടരേണ്ടത്. സർക്കാർ, പാർട്ടിസഖാക്കളെമാത്രം പരിഗണിക്കുന്ന ഒന്നായിമാറരുത്. അത് മറ്റു ജനവിഭാഗങ്ങളിൽനിന്ന് പാർട്ടിയെ ഒറ്റപ്പെടുത്തും. നീതിയുക്തമായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് സി.പി.എമ്മിന്റെ അടിത്തറ വിപുലപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടർച്ചയായി അധികാരം കിട്ടിയപ്പോൾ പാർട്ടിതന്നെ ഇല്ലാതായിപ്പോയ അനുഭവം ബംഗാളിൽനിന്ന് കേരളവും ഉൾക്കൊള്ളണമെന്ന് സി.പി.എം. സർക്കാരിനെ എല്ലാവരുടെയും സർക്കാരാണെന്ന് കണക്കാക്കാനായില്ലെങ്കിൽ അത് നാശത്തിന് വഴിയൊരുക്കും. പാർട്ടിപ്രവർത്തനമെന്നാൽ ദൈനംദിന സർക്കാർ പ്രവർത്തനത്തിൽ ഇടപെടലല്ല. ഇത് പാർട്ടി സെൽഭരണം എന്ന പ്രചാരണത്തിന് ആക്കംകൂട്ടും. ആ രീതി വേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനങ്ങളുടെ ദുഃഖവും പ്രയാസവുമാണ് വർഗീയശക്തികളടക്കം ചൂഷണം ചെയ്യുന്നത്. ഹിന്ദുകുടുംബങ്ങളിൽ ആർ.എസ്.എസ്. ഇടപെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കണം. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനുകഴിഞ്ഞാൽ ഛിദ്രശക്തികൾക്ക് നുഴഞ്ഞുകയറാൻ അവസരമുണ്ടാകില്ല. കഴിഞ്ഞകാല ത്യാഗങ്ങളെമാത്രം ആശ്രയിച്ചുകൊണ്ട് പാർട്ടിക്ക് ഇനി മുന്നോട്ടുപോകാനാകില്ല. വർത്തമാനകാലപ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഇടപെട്ട് ജനങ്ങളെ നയിക്കാൻ പ്രാപ്തരാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവങ്ങൾ സൃഷ്ടിക്കാൻ പാർട്ടി അംഗങ്ങൾക്ക് കഴിയണം.

സി.പി.എമ്മിന്റെ അടിത്തറ അടിസ്ഥാന ജനവിഭാഗങ്ങളിലാണ്. അവരുടെ ജീവിതത്തെ മുന്നോട്ടുനയിക്കാൻ ഇടതുപക്ഷസർക്കാരിന് കഴിയുകയെന്നത് പ്രധാനമാണ്. എങ്കിലേ തന്റെ സർക്കാരാണിതെന്ന ബോധത്തിലേക്ക് പാവപ്പെട്ടവരെ എത്തിക്കാനാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269