1470-490

പുതിയ നയം, വിദ്യാര്‍ഥികളുള്ള വീട്ടില്‍
എല്ലാവരും വാക്‌സീന്‍ എടുക്കണം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുള്ള വീടുകളില്‍ 18 വയസ്സു കഴിഞ്ഞ എല്ലാവരും വാക്‌സീന്‍ എടുത്തെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധ സമിതി. നവംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച ശുപാര്‍ശ സമിതി കൈമാറിയത്.
വിദ്യാര്‍ഥികളുടെ വീടുകളില്‍ എല്ലാവരും വാക്‌സീന്‍ എടുത്തെന്ന് ഉറപ്പാക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാംപെയ്ന്‍ ആരംഭിക്കണം. കുട്ടികളില്‍നിന്ന് വിവരം ശേഖരിച്ച് ആരോഗ്യവകുപ്പിനു കൈമാറേണ്ട ഉത്തരവാദിത്തം സ്‌കൂളിനാണ്. പ്രായമായവരോ മറ്റു രോഗങ്ങളോ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവരോ വീട്ടിലുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണ വിധേയമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വീടുകളില്‍ ആരെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ വീടിനുള്ളില്‍ ക്വാറന്റീനില്‍ കഴിയണം. വീട്ടില്‍ സൗകര്യമില്ലെങ്കില്‍ പുറത്തുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിക്കണം. വിദ്യാര്‍ഥികളിലൂടെ ഇക്കാര്യങ്ങള്‍ വീട്ടുകാര്‍ക്കുള്ള സന്ദേശമായി എത്തിക്കുന്നത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
കുട്ടികളെ കോവിഡ് കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധസമിതിയുടെ അഭിപ്രായം. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളില്‍ ചിലര്‍ക്കു കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡിന്റെ ആദ്യ തരംഗത്തില്‍ അപൂര്‍വമായി ചില കുട്ടികളെ രോഗം കാര്യമായി ബാധിച്ചിരുന്നു.
എന്നാല്‍, അത്തരം സാഹചര്യങ്ങളെ നേരത്തേ കണ്ടെത്തി പ്രതിരോധിക്കാനുള്ള സംവിധാനം ഇപ്പോള്‍ ആരോഗ്യ മേഖലയ്ക്കുണ്ട്. കുട്ടികളിലൂടെ മുതിര്‍ന്നവരിലേക്കു രോഗം പടര്‍ന്നു ഗുരുതരമാകാതിരിക്കാനുള്ള തയാറെടുപ്പുകള്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന. മറ്റു രോഗങ്ങളുള്ള കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കുട്ടികള്‍ എണ്ണത്തില്‍ കുറവായതിനാല്‍ ആശങ്ക വേണ്ടെന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം.
പുതിയ വൈറസ് വകഭേദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് രോഗം നിയന്ത്രണ വിധേയമാകും. വാക്‌സിനേഷന്റെ ആദ്യഘട്ടം 90% പിന്നിട്ടത് അനുകൂല ഘടകമാണ്. 38% പേര്‍ക്ക് രണ്ടാം ഡോസും നല്‍കാനായി. സ്‌കൂളുകള്‍ തുറക്കുന്ന സമയമാകുമ്പോള്‍ രണ്ടാം ഡോസും 70 ശതമാനത്തില്‍ അധികംപേര്‍ക്കു നല്‍കാന്‍ കഴിയുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269