കവിത



പുഴയില്‍ തെളിനീരൊഴുകുന്നത് സ്വപ്നം
കാണുന്നൊരാള്‍
ശ്രീകുമാര്‍ മാവൂര്‍
(ഫോണ്‍: 9447234931)
പ്ലാസ്റ്റിക് കുപ്പിയിലടയ്ക്കപ്പെട്ട പുഴ
ഷോപ്പിംഗ് മാളിലെ കടയില്‍ നിന്ന് കുപ്പിയുടെ
സുതാര്യതയിലൂടെ പുറത്തേയ്ക്ക് നോക്കുന്നത് കണ്ടു.
വിലാസമന്വേഷിച്ചുപോയപ്പോള്
അപ്പുറമിപ്പുറം വലിച്ചുകെട്ടിയ പാലങ്ങള്‍ക്കു താഴെ നീണ്ടുകിടക്കുന്ന മണല്പ്പരപ്പിലങ്ങിങ്ങായി കുരുങ്ങിക്കിടന്ന് വിങ്ങിക്കരയുന്ന പുഴയുടെ അവശിഷ്ടങ്ങള്‍
വീട്ടുമുറ്റത്തു നിന്നും ഇറക്കിവിട്ട മഴ മണ്ണിനെ പ്രണയിച്ച് മതിവരാതെ ഇരമ്പുന്ന കടലിലേയ്ക്ക് പലായനം ചെയ്തത് ഈ മണല്വഴിയിലൂടെയത്രെ!!
ചത്തുകരുവാളിച്ച വെള്ളത്തില്‍ ശ്വാസം കിട്ടാതെ പിടയുന്ന മീനുകള്‍ കണ്ണിലേയ്ക്ക് നോക്കുന്നു.. ഞാനെന്തുപറയും?
പുഴയുടെ ശവപ്പറമ്പില്‍ ആഴത്തില്‍ കുഴിച്ച കിണറുകളില്‍ നിന്ന് ആകശത്തിന്റെ ഉയരമളക്കുന്ന കെട്ടിടങ്ങളിലെ ഷവറുകളിലൂടെ പെയ്യുന്നത് ചോര
ദാഹിച്ച് ദാഹിച്ച് നിര്‍ജ്ജലീകരണം വന്ന ചേരികളെക്കുറിച്ച് പഠിക്കാനെത്തിയ വിദേശസംഘം കത്തുന്ന തെരുവില്‍ വെയില് തിന്നുന്നു
പ്ലാസ്റ്റിക് പുതപ്പിനടിയില്‍ മുളപൊട്ടാനാവാതെ ചാപിള്ളയായിപ്പോയ അനേകം വിത്തുകളുടെ കരച്ചില് കടലിനടിയില്‍ ഭൂകമ്പങ്ങള്‍ തീര്‍ക്കുന്നുണ്ട്
തമാശയതല്ല!
പുഴയെ കുപ്പിയിലടച്ച് വില്‍ക്കുന്ന കമ്പനിക്ക് ജീവനുരുവായ നദീതടത്തിന്റെ പേര്!
മണ്ണ് കുടിച്ചു നിറഞ്ഞതിന്റെ ബാക്കിക്കായി പുഴയും
നിറഞ്ഞ പുഴയില്‍ പുളയ്ക്കുന്നത് മീനുകളും കിനാവ് കാണുന്നുണ്ട്..
കാടും കണ്ടലും ഉര്‍വ്വരമായ മണ്ണില്‍ വേരുകളാഴ്ത്തി
പുതുനാമ്പ് കിളിര്‍ക്കാന്‍ കൊതിക്കുന്നുണ്ട്
നീലാകാശം വീണുകിടക്കുന്ന
തെളിഞ്ഞൊഴുകുന്ന പുഴയില്‍നിന്നും
കുട്ടികള്‍ കൈക്കുമ്പിളില്‍
വെള്ളം കോരിക്കുടിക്കുന്നത്
ഞാനും സ്വപ്നം കാണുന്നുണ്ട്.
Comments are closed.