1470-490

ഷാജന്‍ ജോസ്

തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ തുറന്നെങ്കിലും സിനിമയുടെ പ്രധാന സീസണായ ഓണത്തിന് ഇത്തവണയും തിയേറ്ററുകള്‍ തുറന്നില്ല. ഉത്സവ പറമ്പുകളേയും പെരുനാളുകളേയും ആഘോഷമാക്കിയിരുന്ന നാടന്‍ കലാരൂപങ്ങളും, നാടകവും, മിമിക്രിയുമെല്ലാം ഈ വര്‍ഷവുമെത്തിയില്ല. മിമിക്രി താരങ്ങള്‍ കൂട്ടത്തോടെ മിനി സ്‌ക്രിനിലേയ്ക്കും യൂടൂബ് ചാനലിലേയ്ക്കുമെല്ലാം ചേക്കേറി. മലയാള സിനിമയും ഊര്‍ദ്ധശ്വാസം വലിച്ച നാളുകളായിരുന്നു കഴിഞ്ഞത്, തിയേറ്ററുകള്‍ അടഞ്ഞൂ കിടന്നു, പിന്നെ ഇടയ്ക്ക് തുറന്നെങ്കിലും പ്രതീക്ഷയെല്ലാം രണ്ടാം കോവിഡ് തരംഗം കൊണ്ടു പോയി. ഇപ്പോഴും തിയേറ്ററുകള്‍ അടഞ്ഞ് തന്നെയാണ്. (ഓണക്കാലത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുയര്‍ന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്നത് ഇനിയും വൈകിയേക്കും.) ഈ സമയത്താണ് ഒ.ടി.ടി ( ഓവര്‍ ദി ടോപ്) പ്ലാറ്റ് ഫോമുകള്‍ സജീവമാകുന്നത്.
മലയാള സിനിമയിലെ പ്രബല വിഭാഗം ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കെതിരെ നിന്നു എങ്കിലും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകള്‍ സിനിമയ്ക്ക് ഒഴിവാക്കാനാത്തതായി. മലയാളത്തില്‍ മാത്രമായി നിരവധി ഒടിടി പ്ലാറ്റ് ഫോമുകളാണ് ഇപ്പോള്‍ നിറഞ്ഞാടുന്നത്. ഓണക്കാലമെന്നും ഓണചിത്രങ്ങളുടെ ആഘോഷ സമയം കൂടിയായിരുന്നു, ഇപ്പോള്‍ തിയേറ്ററുകള്‍ വിട്ട് ഒടിടി പ്ലാറ്റ് ഫോമിലേയ്ക്കും സിനിമയുടെ പൂക്കാലമെത്തിയിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളെല്ലാം മലയാള സിനിമകള്‍ നിറഞ്ഞാടുകയാണ്. സൂഫിയും സുജാതയുമെന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളൊന്നും ഇപ്പോള്‍ പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തുമ്പോള്‍ ബാധിക്കുന്നില്ലെന്നത് വസ്തുതയാണ്. പപ്പടവട പ്രേമം മുതല്‍ ചെറുതും വലുതുമായ നിരവധി സിനിമകളാണ് ഒടിടി പ്ലാറ്റ്ഫോമുകലിലൂടെ എത്തുന്നത്. ഒരു സിനിമ റിലീസ് ചെയ്തു കഴിഞ്ഞ് സിനിമ കാണുന്നതിന് സയമം നോക്കി ടിക്കറ്റ് ബുക്ക് ചെയ്തു കാണുന്ന ശിലത്തില്‍ നിന്ന് മലയാളികളും ഓടി മാറുകയാണ്. മലയാളത്തില്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന പല പോരായ്മകളും പ്ലാറ്റ് ഫോമുകള്‍ പരിഹരിച്ച് കഴിഞ്ഞൂ. ലോകമെമ്പാടുമുള്ള പ്രേഷകരിലേയ്ക്ക് സിനിമ എത്തുന്നും രണ്ടോ മുന്നോ ദിവസം കൊണ്ട് പരമാവധി ആളുകള്‍ക്ക് കണ്ട് തീര്‍ക്കാനാവുമെന്നതും ഒടിടി പ്ലാറ്റ്ഫോമുകളെ കൂടുതല്‍ ജനങ്ങളിലേയ്ക്ക് അടുപ്പിക്കുന്നത്.
തിയേറ്ററില്‍ പരാജയമടഞ്ഞ പല സിനിമകളും ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധ നേടിയതും ഈ സമയത്ത് പറയാതിരിക്കുക വയ്യ. തിയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മടിച്ച പല നവസിനിമകളും ജനങ്ങളിലേയ്ക്കെത്തിയത് ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഒടിടി പ്ലാറ്റ് ഫോമുകള്‍ പ്രത്യേകിച്ച് ഇവ മലയാളത്തില്‍ ആംരഭിച്ചപ്പോള്‍ ഒരോ സിനിമ കാണുന്നതിനും പ്രത്യേകം പണം ഈടാക്കുകയായിരുന്നു ( മാത്രമല്ല, വാര്‍ഷിക വരിസംഖ്യ ഭീമമായിരുന്നു, ചുരുങ്ങിയ ചില ചിത്രങ്ങള്‍ മാത്രം റിലീസ് ചെയ്യുമ്പോള്‍ വാര്‍ഷിക വരിസംഖ്യ അടച്ച് രജിസ്റ്റര്‍ ചെയ്യുന്നത് നഷ്ടവുമായിരുന്നു) ഈ അവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റം ഉണ്ടായി. ചെറിയ പണം മുടക്കി ഒരു മാസത്തേയ്ക്കോ, ആറു മാസത്തേയ്ക്കോ, ഒരു വര്‍ഷത്തേയ്ക്കോ സിനിമ കാണുന്നതിനുള്ള അവസരം ഇപ്പോള്‍ മലയാളം സിനിമാ പ്ലാറ്റ് ഫോമുകള്‍ക്കുണ്ട്. മലയാളം സിനിമ മാത്രം റിലീസ് ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക്,ഇംഗ്ലീഷ് സിനിമകളും കാണാവുന്ന തരത്തിലേയ്ക്ക് പ്ലാറ്റ് ഫോമുകള്‍ മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമും ഉടന്‍ ആരംഭിക്കുന്നതോടെ ഈ രംഗത്ത് ആരോഗ്യകരമായ മത്സരം ഉടലെടുക്കുക തന്നെ ചെയ്യും. നെറ്റ്ഫ്ളിക്സും, ആമസോണ്‍ പ്രൈമും മാത്രം ഉണ്ടായിരുന്ന കാലത്ത് നിന്ന് ചെറിയ സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കുന്ന മലയാളം ഒടിടി പ്ലാറ്റ്ഫോമുകള്‍ തീര്‍ച്ചയായും സിനിമാ മേഖലയുടെ പ്രതീക്ഷയായിരിക്കുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768