1470-490

താലിബാൻ അനുകൂലി = സംഘപരിവാർ വെള്ളം കോരി

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ അധികാരമേറ്റെടുക്കാന്‍ ഒരുങ്ങുന്നതു മുതല്‍ ഇന്നോളം സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ലെന്നത്. ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌നം തുടക്കമിടുമ്പോഴെല്ലാം സേവ് ഗാസ ക്യാംപെയ്ന്‍ ആരംഭിക്കുന്നവരാണ് മലയാളികള്‍. ഇതില്‍ മുന്നില്‍ സിപിഎം നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതുപക്ഷക്കാരും മുസ്ലിം സംഘടനകളുമായിരിക്കും. ഏതൊക്കെ സമയങ്ങളില്‍ ഗാസയില്‍ സംഘര്‍ഷം തുടങ്ങുമ്പോഴും കേരളം ഇതൊരു പതിവാക്കിയിരുന്നു. ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചിലുണ്ടാകുന്ന പക്ഷം എന്ന നിലയില്‍ ഗാസയ്‌ക്കൊപ്പം സ്വാഭാവികമായും അനുകമ്പ ലോകമാകെ പ്രകടമാകുന്നതും കാണാറുണ്ട്. തുടര്‍ന്ന് ഇതേ ക്യാംപെയ്ന്‍ ശക്തമായത് ലക്ഷദ്വീപിലെ കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെയയായിരുന്നു. ലക്ഷദ്വീപിനെ തീവ്രവാദ മുദ്രപോലും ചുമത്തിക്കൊണ്ടാണ് അന്ന് തീവ്ര ഹിന്ദു നിരീക്ഷകര്‍ ലക്ഷദ്വീപിനെ പുകമറയില്‍ നിര്‍ത്തിയത്. പൂര്‍ണമായും ഇസ്ലാമിക സാഹചര്യങ്ങളില്‍ ജീവിച്ചു പോന്ന ജനതയെ മതതീവ്രവാദികളായി ചിത്രീകരിക്കാനും ഒരു വിഭാഗം ശ്രമിച്ചിരുന്നു. നിഷ്‌കളങ്കരായ ലക്ഷദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശത്തിനായായിരുന്നു ലക്ഷദ്വീപ് ക്യാംപെയ്ന്‍ കൂടുതലും കേന്ദ്രീകരിച്ചത്. എന്നാല്‍ മാധ്യമം, മീഡിയവണ്‍, തേജസ് തുടങ്ങിയ മാധ്യമങ്ങള്‍ അതൊരു മുസ്ലീം പ്രശ്‌നമായി തന്നെയാണ് തുടക്കം മുതല്‍ പ്രചരിപ്പിച്ചത്. പ്രസ്തുത രണ്ടു മേഖലകളിലും മുസ്ലിങ്ങള്‍ക്ക് അനുകൂലമായാണ് സേവ് ക്യാംപെയ്‌നുകള്‍ നടന്നിരുന്നതും. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്കു വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ഇടതുപക്ഷക്കാരും മുസ്ലിംസംഘടനകളും ക്യാംപെയ്‌നുകളുമായി വന്നില്ലെന്നു മാത്രമല്ല അക്രമകാരികളായ താലിബാനൊപ്പം നില്‍ക്കുകയുമായിരുന്നു ഒരു വിഭാഗം. ഇടതുപക്ഷമാകട്ടെ താലിബാനെതിരെ ഒരക്ഷരം മിണ്ടാതെ സ്ഥിരം പ്രീണനവേഷമെടുത്തിട്ട് കൂര്‍ക്കം വലിച്ചുറക്കവുമാണ്. ലോകത്തെയും രാജ്യത്തെയും മുസ്ലീങ്ങള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങളിലും അക്രമേതര സംഭവങ്ങളിലും സേവ് ക്യാംപെയ്ന്‍ നടത്തുന്നവര്‍ എന്തുകൊണ്ട് സേവ് അഫ്ഗാന്‍ ഉയര്‍ത്തുന്നില്ലെന്നവാദത്തിന് പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നതില്‍ തര്‍ക്കവുമില്ല. എന്നാല്‍ ഒരു പതിറ്റാണ്ടായി രാജ്യത്താകെ മുസ്ലീങ്ങള്‍ക്കുണ്ടായ ഭീതി ഇത്തരം കാര്യങ്ങളിലെല്ലാം സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നു വേണം വിലയിരുത്താന്‍.
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമോഫോബിയ എന്ന ഒരു പുതിയ രാഷ്ട്രീയ ചര്‍ച്ചാധാര ഉയര്‍ന്നു വന്നിട്ടുണ്ടെന്ന പ്രചാരണം ലോകത്താകമാനമുള്ള ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പം ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഉയര്‍ത്തപ്പെട്ടിട്ടുള്ളതാണ്. ഇസ്ലാമിസത്തോടുള്ള പേടിയാണോ അതോ ഇസ്ലാമോഫോബിയ തന്നെയാണോ എന്ന വിഷയത്തിലൊക്കെ തര്‍ക്കം നിലനില്‍ക്കുന്നുമുണ്ട്. ഇന്ത്യയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ രൂപപ്പെട്ടതോടെ മുസ്ലീങ്ങള്‍ക്കിടയില്‍ ഒരു ഭീതി ഉയര്‍ന്നു വന്നതിന് പൂര്‍ണമായും കുറ്റപ്പെടുത്താനുമാകില്ല. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ ഉയര്‍ന്ന ബീഫ് നിരോധന വിവാദം, മുത്തലാക്ക് ബില്‍, പൗരത്വബില്‍, ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ എന്നിവയെല്ലാം ഇന്ത്യയില്‍ മുസ്ലീങ്ങളില്‍ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രസ്തുത ഭീതിയില്‍ യാതൊരു ആശങ്കയുമില്ലാത്ത കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ വടക്കേ ഇന്തയിലേയ്ക്ക് കൈ ചൂണ്ടി സ്വയംകൃതി അപരവത്കരണം സൃഷ്ടിക്കുന്നുണ്ടെന്ന ആക്ഷേപത്തിലും കഴമ്പില്ലാതില്ല. വടക്കേ ഇന്ത്യയിലെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ ചൂണ്ടി നിരവധി പ്രചാരണങ്ങള്‍ ദുരുദ്ദേശപരമായി ചില മുസ്ലീം സംഘടനകളെങ്കിലും നടത്തിയിട്ടുമുണ്ട്. അവയില്‍ പ്രധാനമായിരുന്നു കാശ്മീരില്‍ പീഡിപ്പിക്കപ്പെട്ടു മൃഗീയമായി കൊല്ലപ്പെട്ട പിഞ്ചുബാലിക ആസിഫയുടെ പേരില്‍ നടന്ന ബേക്കറി ലഹളയെന്നു കളിയാക്കി വിളിച്ച അക്രമ സംഭവങ്ങള്‍. തുടര്‍ന്നു വന്ന പൗരത്വബില്‍ സമരത്തിലും ഇത്തരത്തില്‍ മതം കുത്തി കേറ്റാനുള്ള ബോധപൂര്‍വമായ ശ്രമം ചില കോണുകളില്‍ നിന്നും വന്നിരുന്നു. പൗരത്വബില്‍ മുസ്ലീങ്ങള്‍ക്കെതിരെയാണെന്നും മുസ്ലീങ്ങള്‍ രാജ്യത്തിന് പുറത്താവുമെന്നുമുള്ള അനാവശ്യ പ്രചാരണങ്ങള്‍ പലപ്പോഴും സംഘപരിവാര്‍ നിരീക്ഷകര്‍ക്ക് കയ്യടി നേടിക്കൊടുക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് സ്വതന്ത്രചിന്തകന്‍ സി.രവിചന്ദ്രനും മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍കുമാറുമെല്ലാമാണ് നിരന്തരം തുടര്‍ന്ന സംഘിവ്യാജ പ്രചാരണം പൊളിച്ചത്. ലാഹിലാഹ ഇല്ലള്ള മുഴക്കിയല്ല പൗരത്വബില്ലിനെ പ്രതിരോധിക്കേണ്ടതെന്നും പ്രസ്തുത ബില്‍ മുസ്ലീങ്ങള്‍ക്കെതിരെ മാത്രമല്ലെന്നും പിന്നീട് കേരളം ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ സെക്യുലര്‍ ഫാബ്രിക്കിനെ തകര്‍ക്കുന്നുവെന്ന ശരിയായ ചര്‍ച്ചയിലേയ്ക്ക് എത്തുവാന്‍ വൈകിയതു പോലും ഒരു കോണില്‍ നിന്നുള്ള ഇസ്ലാമിസ്റ്റുകളുടെ വ്യാജ പ്രചാരണം മൂലമായിരുന്നു. ബിഫ് വിഷയത്തിലും മതം മാറ്റി വച്ച് കേരളം ചര്‍ച്ച ചെയ്തപ്പോള്‍ മതം കലര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം നടന്നു. സംഘപരിവാറിനെതിരെയുള്ള പ്രതിരോധത്തില്‍ ഇത്തരത്തില്‍ മതം കലര്‍ത്തുന്ന പ്രവണത ഒരു പതിറ്റാണ്ടായി കൂടിയെന്നതും നിഷേധിക്കാനാവാത്തതാണ്.
ചൈനയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് കേരളത്തില്‍ അത്രയ്‌ക്കൊന്നും ചര്‍ച്ചയാകാറില്ല. മാധ്യമത്തിലും മീഡിയ വണ്ണിലും വരുന്ന ചില്ലറ വാര്‍ത്തകളില്‍ ഒതുങ്ങുകയാണ് പതിവ്. കാരണം ചങ്കിലെ ചൈനയിലെ വിഷയങ്ങളിലും അഫ്ഗാനിസ്ഥാന്‍ പോലുള്ള വിഷയങ്ങളിലുമൊന്നും ഇടതുലേബലൊട്ടിച്ച സാംസ്‌കാരിക നായകരൊന്നും മിണ്ടാറില്ല. എകെജി സെന്ററിലെ വെളിയിടങ്ങളില്‍ വളര്‍ന്ന പുല്ലു തിന്നുന്ന ഇളയിടം സാംസ്‌കാരികന്‍മാരും സാംസ്‌കാരിക തള്ളിച്ച വരാറുള്ള ആഷിഖ്അബു- റിമകല്ലിങ്ങല്‍ ദമ്പതിമാരുമൊന്നും നാളിതേ വരെയായി അഫ്ഗാനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. ഭരണമില്ലാത്തപ്പോള്‍ വീട്ടുമുറ്റത്ത് കാവലിന് കെട്ടിയിടുന്ന പട്ടിയുടെ അവസ്ഥയുള്ള എസ്എഫ്‌ഐ ഭരണം കിട്ടുമ്പോള്‍ വിവാഹവീട്ടിലെ പട്ടിയുടെ അവസ്ഥയാണെങ്കിലും അഫ്ഗാന്‍ വിഷയത്തില്‍ നട്ടെല്ലുയുയര്‍ത്തി പ്രതികരിച്ചിരുന്നു. എസ്എഫ്‌ഐയുടെ നട്ടെല്ലൂരി ഒരു ദിവസമെങ്കിലുമെടുത്ത് മാതൃസംഘടന ഒരു പ്രസ്താവനയിറക്കുന്നതും കാത്തിരിക്കുന്നത് കേരളത്തിലെ സാംസ്‌കാരിക നായകരാണ്. ഇത്രയൊക്കെ ദുരിതം അഫ്ഗാനിസ്ഥാനില്‍ പെയ്തിറങ്ങിയിട്ടും മൗനവ്രതത്തിലായ സാംസ്‌കാരിക നായകരെ തേടി സോഷ്യല്‍ മീഡിയ ഇറങ്ങിട്ടുണ്ടെന്ന കാര്യം കുറഞ്ഞ പക്ഷം അവര്‍ക്കെങ്കിലും അറിയാം. മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ താലിബാനെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാല്‍ സൈബര്‍ താലിബാനിസ്റ്റുകളുടെ ആക്രമണത്തെ തുടര്‍ന്ന് നിലപാട് തന്നെ മാറ്റേണ്ടി വരുമോ എന്ന അവസ്ഥയിലാണ് മുനീര്‍ സാഹിബ്. എന്തുകൊണ്ടാണ് അഫ്ഗാനിലെ മുസ്ലീങ്ങള്‍ക്കു വേണ്ടി ക്യാംപെയ്ന്‍ നടത്താത്തത് എന്ന് നാട്ടിലെ മിതവാദി മുസ്ലീങ്ങളോട് ചോദിച്ചാല്‍ ഉടന്‍ തന്നെ അമേരിക്കയിലേയ്ക്കും റഷ്യയിലേയ്ക്കും പോയി ചുറ്റിക്കളിക്കുന്ന സാഹചര്യമാണുള്ളത്. മാത്രമല്ല താലിബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മലര്‍ത്തി വച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു തരികയും ചെയ്യും. പിന്നെയും കടന്നെന്തെങ്കിലും ചോദിച്ചാല്‍ താലിബാന്‍ ഫോബിയ എന്നു പറഞ്ഞ് ഇരവാദവുമുയര്‍ത്തും. സത്യത്തില്‍ താലിബാന്‍ അക്രമകാരികളാണ് എന്നൊക്കെ അറിഞ്ഞിട്ടും വിശ്വാസികളില്‍ ഭൂരിഭാഗവും അതു തുറന്നു പറയാത്തതിനു പിന്നില്‍ ഒരൊറ്റ കാര്യം തന്നെയുള്ളൂ. മതം… മതം പറയുന്നതു പോലെ ജീവിക്കാന്‍ സാധിക്കുന്ന മതരാജ്യ സ്വപ്‌നങ്ങളില്‍ അഭിരമിക്കുന്നവരാണ് ഭൂരിഭാഗം മതവിശ്വാസികളും. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ എന്താണ് അങ്ങനെ ജീവിക്കാത്തത് എന്നു ചോദിച്ചാല്‍ അക്കാര്യത്തിലും കിത്താബില്‍ വ്യക്തതയുണ്ടെന്നു പറയും മിതവാദികള്‍ പോലും. ഭൂരിപക്ഷമില്ലാത്തിടത്തും ഭൂരിപക്ഷമുള്ളിടത്തുമെല്ലാം എങ്ങനെ ജീവിക്കണമെന്ന് മതം കൃത്യമായി പറഞ്ഞു വച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു മതരാജ്യം സ്വപ്‌നം കാണുന്നവര്‍ക്ക് എങ്ങനെയാണ് താലിബാനെ കുറ്റം പറയാന്‍ സാധിക്കുന്നത്.
ഇന്ത്യ സംഘപരിവാര്‍ ഭരിക്കുന്നേയെന്നു സോഷ്യല്‍ മീഡിയയില്‍ കാലിട്ടടിക്കുന്ന പല മതേതര ഹിന്ദുവിന്റെയും മനസ് ഏതാണ്ടിങ്ങനെയൊക്കെ തന്നെയാണ്. ബിജെപിയിലുള്ള പരസ്യ ഹിന്ദുവിനേക്കാള്‍ രാജ്യം സംഘപരിവാര്‍ ഭരിക്കുന്നതില്‍ കോള്‍മയിര്‍ കൊള്ളുന്നവരാണ് ഈ സോ കോള്‍ഡ് മതേതര ഹിന്ദു. എന്നാല്‍ മുസ്ലീങ്ങളെ പോലെ അതു പുറത്തു ചാടാതെ മതേതര മേലങ്കിയണിയാന്‍ ഹിന്ദുവിനറിയാം. കേരളത്തില്‍ നിന്ന് ബിജെപിക്ക് വോട്ട് കിട്ടിയില്ലെങ്കിലും താലിബാനെ സ്‌നേഹിക്കുന്ന മതവിശ്വാസികളുടെ മറുരൂപങ്ങള്‍ മതേതര ഹിന്ദുവിലുമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എല്ലാവരും അവരവരുടെ മതവെറി അവനവന്റെ തന്നെ സ്വാകാര്യ ഇടങ്ങളില്‍ ഭദ്രമായി പൂട്ടി താക്കോല്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയിലും ചൈനയിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ കേരളത്തിലെ ഏതെങ്കിലുമൊരു ഇടതു സാംസ്‌കാരികന്‍ ഖേദം പ്രകടിപ്പിച്ചതു കണ്ടിട്ടില്ലെങ്കില്‍ അതേ കാരണം തന്നെയാണ് അഫ്ഗാനിസ്ഥാന്‍ വിഷയത്തിലുമുള്ളത്. അവനവന് പാല്‍പ്പായസമായ മതവും പ്രത്യയശാസ്ത്രവുമൊന്നും മനുഷ്യനു വേണ്ടി മാറ്റി വയ്ക്കാന്‍ തയാറാകാത്ത വിധം പക്ഷപാതികളാണ് മലയാളികള്‍. അവരെപ്പോഴും അപരന്റെ തെറ്റുകളും കുഴപ്പങ്ങളും മാത്രമേ കോലില്‍ തൂക്കി വലിച്ചിഴക്കുകയുള്ളൂ. ഇത്തരം മനോഭാവങ്ങളെല്ലാം മാറും വരെ നമ്മള്‍ ഇത്തരം ഷേവിങ് ക്യാംപെയ്ന്‍ നാടകങ്ങള്‍ കണ്ടുകൊണ്ടിരിക്കേണ്ടി വരും.
മുസ്ലീങ്ങള്‍ അപരവത്കരിക്കുന്നുണ്ടേയെന്നു വിലപിക്കുന്നതിനിടയില്‍ ഇത്തരം അപരവത്കരണങ്ങള്‍ വന്നു ചേരുന്നതിനുള്ള സ്വയംകൃതികള്‍ ഉപേക്ഷിക്കുന്നതിനും ശ്രമമുണ്ടാകണം. തീവ്രവാദവും ബോംബ് സ്‌ഫോടനങ്ങളും കലാപങ്ങളും ചൂണ്ടിക്കാട്ടി രാജ്യഭരണം തുടരുന്ന വേതാളങ്ങളുടെ സ്റ്റേജ്‌ഷോ ഒരു പതിറ്റാണ്ടായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇനിയുമത് കണ്ടില്ലെന്നു നടിച്ചാല്‍ നോര്‍ത്ത് ഇന്ത്യയുടെ മാതൃകയില്‍ ഇതെല്ലാം ചൂണ്ടിക്കാട്ടി സംഘപരിവാര്‍ കേരളം കലക്കി മീന്‍ പിടിച്ചു കൊണ്ടു പോകാന്‍ അധികം കാലം വേണ്ടി വരില്ല.

വാൽകഷ്ണം!

സ്വന്തം മതങ്ങളിലെ വർഗീയതയും ഫാസിസ്റ്റ് പ്രവണതകളും എതിർക്കാൻ അതത് മതങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ മറ്റു മതങ്ങളിലെ വർഗീയ ഫാസിസത്തെ എതിർക്കാൻ പൊതു സമൂഹത്തെ കിട്ടാതെ വരും. അത്തരം ഒരു പ്രവണ തഉണ്ടാകാതെ നോക്കണം കുറഞ്ഞ പക്ഷം മതവിശ്വാസികളെങ്കിലും

9539009028

Comments are closed.