1470-490

ഭവനഭേദന കേസിലെ മുൻ കുറ്റവാളികൾ പിടിയിൽ.

പരപ്പനങ്ങാടി : ഭവനഭേദന മോഷണ കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുള്ള 3 പേരെ മോഷണം നടത്തുന്നതിനായുള്ള കൂട്ടായ്മയ്ക്കും ഗൂഢാലോചനയ്ക്കുമിടെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ന്യൂ കട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് രാത്രി 11 മണിക്ക് ഓട്ടോറിക്ഷയിൽ മദ്യപിച്ചിരുന്ന 3 അംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സ്വദേശിയായ മറ്റക്കാട് അഭിലാഷ് എന്നു വിളിക്കുന്ന അഭിലാഷ്, പരപ്പനങ്ങാടി പാലത്തിങ്കൽ സ്വദേശിയായ സ്പൈഡർ സലാം എന്നു വിളിക്കുന്ന അബ്ദുൾ സലാം, തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയായ കുഞ്ഞൂട്ടി എന്നു വിളിക്കുന്ന ഷൈജു എന്നിവരാണ് പിടിയിലായത്.പിടിയിലായ 3 പേരും കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായി പല സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലും കഞ്ചാവ് കച്ചവട അടിപിടി കേസുകളിലും പ്രതികളും മോഷണ കേസുകളിൽ ശിക്ഷ കിട്ടിയിട്ടുള്ള വരുമാണ്. പ്രതികൾ മദ്യപിക്കുന്ന വിവരം കൃത്യമായി സമീപവാസികൾ പോലീസിനെ അറിയിച്ചതാണ് അറസ്റ്റ് ചെയ്യാൻ പോലീസിന് സഹായമായത്. പ്രതികൾ മദ്യപിക്കുന്നതിനായി ഉപയോഗിച്ച ഓട്ടോറിക്ഷയിൽ നിന്നും വീടുകളുടെ വാതിൽ തിക്കിത്തുറക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഇരുമ്പ്പാരയും ജനലഴികൾ അറത്ത് മാറ്റുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള പ്രത്യേക തരം ആക്സോ ബ്ലെയിഡുകളും പോലീസ് കണ്ടെടുത്തു. കടകളുടെ താഴുകളും വീടുകളുടെ പുറകുവശം വാതിൽ പൊളിച്ചും മോഷണം നടത്തുന്ന സ്വഭാവമുള്ള ഇവർ പകൽ സമയത്ത് ഓട്ടോയിൽ സഞ്ചരിച്ച് ഒറ്റപ്പെട്ട വീടുകൾ കണ്ടെത്തിയാണ് മോഷണം നടത്തിയിരുന്നത്. പിടിയിലായ സ്പൈഡർ സലാമിനെ 2019 ൽ രണ്ട് കിലോ കഞ്ചാവുമായി താനൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. നിരവധി കോടതികളിൽ പ്രതികൾക്കെതിരെ വാറന്റുകളും എൽ പി വാറന്റുകളും നിലവിലുണ്ട്. പരപ്പനങ്ങാടി അഡീ.എസ്.ഐ ബാബുരാജൻ, എസ്.ഐ സുരേഷ്, പോലീസുകാരായ ജിതിൻ, സഹദേവൻ, ഫൈസൽ, ദീപു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാക്കരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Comments are closed.