1470-490

സീറോ മലബാർ സഭ ഭൂമി തട്ടിപ്പ്: സർക്കാർ ഒത്താശയോടെ

ഷാജന്‍ ജോസ്

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് വൻ ഭൂമി തട്ടിപ്പിൻ്റെ കഥ. മുൻ സർക്കാരുകളും നിലവിലെ സർക്കാരും മന:പൂർവം ഇത് മൂടി വച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്.

2007 സെപ്തംബര്‍ 21 ലെ സെറ്റില്‍മെന്റ് ഡീഡിന്റെ അടിസ്ഥാനത്തില്‍ നടന്ന ഒരു ഭൂമിയിടപാടില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും സർക്കാർ നടപടിയെടുത്തിരുന്നില്ല. ക്രമക്കേട് നടന്നതായി സംശയിക്കാന്‍ മതിയായ കാരണമുണ്ടെന്നും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടു കത്തോലിക സഭയില്‍ പ്രത്യേകിച്ച് സിറോ മലബാര്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു. വിചാരണ ഒഴിവാക്കണമെന്ന ഹര്‍ജിയിലെ പരാമര്‍ശങ്ങളും സഭയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധങ്ങളുമാണ് തലവേദനയാവുന്നത്.

ആലുവയിലെ റിലിജിയസ് കോണ്‍ഗ്രിഗേഷന്‍ ഓഫ് ബ്രദേഴ്‌സിന്റെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയാണോയെന്ന് സംശയമുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്താതരിക്കാനാവില്ല. വിചാരണ ഒഴിവാക്കണമെന്ന ആവശ്യം സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയതോടെ ഇനി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുക മാത്രമാണ് ഹര്‍ജിക്കാരന് ചെയ്യാനാവുക. വിചാരണ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍, ഭൂമിയപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ, പുറമ്പോക്ക് ഭൂമിയാണോ എന്ന സംശയമുണ്ടെന്ന പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ഉയര്‍ന്നു വരും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയില്‍ നിലപാട് എടുക്കേണ്ടി വരും.
ഇപ്പോള്‍ ഭൂമി ഇടപാട് വന്‍വിവാദമായതിനാലും ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ പരിഗണിക്കേണ്ടതിനാലും അന്വേഷണം നടത്താനാവില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനു എടുക്കുക പ്രായോഗികമല്ല. കത്തോലിക സഭയിലെ ഒരു വിഭാഗം തന്നെ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ്. ന്യൂനപക്ഷ സംവരണവുമായി ബന്ധപ്പെട്ട് നിലവില്‍ മുസ്‌ലിം വിഭാഗവും കത്തോലിക സഭയുമായും സര്‍ക്കാരുമായും ഇടഞ്ഞ് നില്‍ക്കുകയാണ്, ഈ സാഹചര്യത്തില്‍ കൂടി അന്വേഷണം വേണ്ടെന്ന നിലപാടിലേയ്‌ക്കോ വിചാരണ ഒഴിവാക്കണമെന്ന തലത്തിലേയ്‌ക്കോ സര്‍ക്കാരിനു ഇടപെടാനാവില്ല. മാത്രമല്ല സുപ്രീം കോടതി സെഷന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്തില്ലെങ്കില്‍ തന്നെ ഹൈക്കോടതി പരാമര്‍ശം കൂടിയുള്ളതിനാല്‍ സര്‍ക്കാരിനു അന്വേഷണം നടത്തേണ്ടി വരും.
മാത്രമല്ല സെഷന്‍സ് കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി പരയുന്നത് ഇങ്ങനെയാണ്-സഭാ വിശ്വാസികളുടെ അറിവോ സമ്മതമോ കൂടാതെ ഏകപക്ഷീയവും സേച്ഛാപരവുമായാണ് ഭൂമി കൈമാറിയത്. ഇതു വിശ്വാസ വഞ്ചനയണ്. ഭൂമി വില്‍ക്കുമ്പോള്‍ പരമാവധി വില ലഭിക്കാന്‍ കഴിയും വിധത്തില്‍ ലേലമോ അറിയിപ്പോ നല്‍കാതെയാണ് നടപടികള്‍ സ്വീകരിച്ചത്. ദേശീയപാതയോരത്തുള്ള ഭൂമി പോലും നിസാര വിലയ്ക്ക് കൈമാറി. 3.99 കോടി രൂപയുടെ ഒരു ഭൂമിയിടപാടില്‍ രജിസ്‌ട്രേഷന്‍ സമയത്ത് പണം ലഭിച്ചില്ല. പിന്നീട് ഭൂമിവില്പനയെക്കുറിച്ച് രാതി ഉയര്‍ന്നപ്പോള്‍ ഗഡുക്കളായാണ് പണം ലഭിച്ചത്. ഇവയൊക്കെ ഇടപാടുകളില്‍ ഗൂഢാലോചന സംശയിക്കാന്‍ മതിയായ കാരണമാണെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ഇത് വ്യക്തമായി പരിഗണിച്ചാല്‍ ഭൂമി ഇടപാട് വെറും സിവില്‍ കേസായി മാത്രം കാണാനാവില്ലെന്നും വിശ്വാസ വഞ്ചന,ഗൂഢാലോചന എന്നിവ ഉള്‍പ്പെട്ടുട്ടുണ്ടെന്നുമാണ്. അഥവാ ക്രിമനല്‍ കേസിലെ നടപടികള്‍ അനുസരിച്ച് കേസ് പരിഗണിക്കേണ്ട ബാധ്യത കൂടി ഹൈക്കോടതി ഉത്തരവില്‍ കാണുന്നു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മുമ്പ് മറ്റൊരു ഹൈക്കോടതി ബെഞ്ച് പറഞ്ഞിരിക്കുന്ന പരാമര്‍ശങ്ങള്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. ആ ഉത്തരവിലെ പാരമര്‍ശം ഇങ്ങനെയാണ്-” 26 കോടി രൂപയുടെ ഭൂമി വില്പനയാണ് നടന്നതെങ്കിലും എട്ട് കോടി രൂപ മാത്രമാണ് അതിരൂപതയുടെ അക്കൗണ്ടിലേക്ക് വന്നത്. ഇടപാടുകള്‍ സംശയകരമാണ്. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ നീക്കേണ്ട ബാദ്ധ്യത കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്. ഇടനിലക്കാരനായ സാജു വര്‍ഗീസ് എങ്ങനെയാണ് ഭൂമി വില്പനയില്‍ കടന്നു വന്നതെന്ന അതിരൂപതയിലെ അന്വേഷണ സമിതിയുടെ ചോദ്യത്തിന് താനാണ് ഇടപെടുത്തിയതെന്ന് കര്‍ദ്ദിനാള്‍ ഉത്തരം നല്‍കിയിട്ടുണ്ട്. കിട്ടാനുള്ള പണം സാജു വര്‍ഗ്ഗീസ് തിരിച്ചടയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ദ്ദിനാളും മറ്റുള്ളവരും പറയുന്നു. എന്നാല്‍ പണം നല്‍കാനില്ലെന്നാണ് സാജു വര്‍ഗീസിന്റെ വാദം. ഇത്തരത്തില്‍ വൈരുദ്ധ്യങ്ങളുള്ള കേസ് അന്വേഷിക്കേണ്ടതല്ലേ ? പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വ്യക്തം. കേസിന്റെ വിശദാംശങ്ങളിലേക്ക് ആഴത്തില്‍ പോകുന്നില്ല. ഗുരുതരമായ കുറ്റം നടന്നെന്ന് പരാതിയില്‍ വെളിപ്പെടുന്നുണ്ടോ എന്നു മാത്രമാണ് നോക്കുന്നത്. കര്‍ദ്ദിനാളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം” -വിധിയില്‍ പറയുന്നു. രണ്ട് വ്യത്യസ്ത ഹൈക്കോടതി ബെഞ്ചുകളുടെ പരാമര്‍ശവും, ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവും, സെഷന്‍സ് കോടതി ഉത്തരവും അവഗണിക്കാനാവുന്നതല്ല. ഹൈക്കോടതി വിധിയോടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മറനീക്കി പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768