1470-490

പാല്‍ ശേഖരണത്തിനും വിതരണത്തിനും മൊബൈല്‍ യൂണിറ്റ് ഒരുക്കി മാന്ദാമംഗലം ക്ഷീരോല്‍പാദക സഹകരണ സംഘം

കോവിഡ് മഹാമാരി കാലത്തെ അതിജീവിക്കാന്‍ പാല്‍ ശേഖരണ മൊബൈല്‍ യൂണിറ്റ് ഒരുക്കി മാന്ദാമംഗലം ക്ഷീരോല്‍പാദക സഹകരണ സംഘം. ക്ഷീര കര്‍ഷകരുടെ പാലിന് കൃത്യമായി വിപണി ഒരുക്കുകയാണ് സംഘം. മൊബൈല്‍ യൂണിറ്റ് ആരംഭിച്ച കാലത്ത് 1800 ലിറ്റര്‍ പാല്‍ ശേഖരിച്ചിരുന്നു. നിലവില്‍ 2800 ലിറ്റര്‍ പാല്‍ ദിനംപ്രതി ശേഖരിക്കുന്നുണ്ട്. 1000 ലിറ്ററിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മലയോര മേഖലകളില്‍ ക്ഷീര വിപ്ലവം തീര്‍ത്ത് പ്രാദേശിക വില്‍പനയില്‍ നേട്ടം ഉണ്ടാക്കിയാണ് സംഘത്തിന്റെ മുന്നേറ്റം.

പ്രതിദിനം ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലില്‍ 1400 ലിറ്റര്‍ മില്‍മ വാങ്ങിയിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് പകുതി മാത്രമായി മില്‍മ സംഭരണം ചുരുക്കിയിരുന്നു. കര്‍ഷകരില്‍ ഭൂരിഭാഗവും മലയോര മേഖലയിലുള്ളവരാണ്. പാല്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് കഴിയാതെ വന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ പ്രശ്‌നത്തിന് പരിഹരമായാണ് മൂന്നു മൊബൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കിയത്.

എല്ലാ കര്‍ഷകരുടെയും വീടുകളിലെത്തിയാണ് പാല്‍ സംഭരണം. ഇതേ യൂണിറ്റുകള്‍ ഉപയോഗിച്ച് പ്രാദേശിക തലത്തില്‍ ചില്ലറ വില്‍പ്പനയും തുടങ്ങി. ഇതോടെ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന പാലിന് വിപണിയും കണ്ടെത്താനായി. കൂടാതെ മൊബൈല്‍ യൂണിറ്റിലൂടെ പാല്‍ ഉല്‍പന്നങ്ങളും വിറ്റഴിച്ചു. പ്രതിദിനം 800 ലിറ്റര്‍ പാല്‍ ചില്ലറ വില്‍പ്പന നടത്തുന്നുണ്ട്. തൈര്, പനീര്‍ എന്നിവയും ഇതിലൂടെ വില്‍ക്കുന്നു.

കര്‍ഷകര്‍ക്ക് കാലിത്തീറ്റ, വൈക്കോല്‍ എന്നിവയും വാഹനങ്ങളില്‍ എത്തിച്ച് നല്‍കുന്നു. മലയോര മേഖലയുടെ പതിനഞ്ചു കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഈ സേവനം നല്‍കുന്നത്. ഒരു യൂണിറ്റില്‍ ഡ്രൈവറടക്കം മൂന്നു ജീവനക്കാരുണ്ട്. ദിവസത്തില്‍ രണ്ടുനേരമാണ് പാല്‍ സംഭരണവും വില്‍പനയും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൊബൈല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ക്ഷീരസംഘം കര്‍ഷകരുടെ അരികിലെത്തി പാല്‍ ശേഖരിക്കുകയും കാലിത്തീറ്റ എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. സംഘത്തിന്റെ നേതൃത്വത്തില്‍ ഓഫീസില്‍ ടെലിവിഷന്‍ സ്ഥാപിച്ച് 15 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനും സൗകര്യമൊരുക്കിയിരുന്നു. ഓഫീസിന് മുകളില്‍ സോളര്‍പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി സ്വയം പര്യാപ്തത കൈവരിക്കാനും സാധിച്ചു. പ്രവര്‍ത്തന മികവിന് ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്ന ഡോ.വര്‍ഗീസ് കുര്യന്‍ പുരസ്‌കാരവും രണ്ടാം സ്ഥാനം മാന്ദാമംഗലം ക്ഷീര ഉല്‍പ്പന്ന സഹകരണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പുത്തൂര്‍ പഞ്ചായത്തംഗം ജോര്‍ജ്ജ് പന്തപ്പള്ളിയാണ് ക്ഷീരസംഘ പ്രസിഡന്റ്, സെക്രട്ടറി ഡേവീസ് കണ്ണൂക്കാടന്‍.

കർഷകരുടെ അരികിലെത്തി പാല്‍ ശേഖരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന മൊബൈല്‍ യൂണിറ്റ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689