1470-490

ലായിക്കിനെ മാത്രമല്ല സുമയെയും പേടിക്കണം

ശ്രീരഥ് കൃഷ്ണന്‍

കുരുതിയെന്ന പൃഥ്വിരാജ് ചിത്രത്തെ കുറിച്ചാണല്ലോ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാകുന്നത്. ചിത്രത്തിലെ മത ചേരുവകള്‍ തന്നെയാണ് ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നത്. സിനിമ കാണുന്ന ഓരോ വ്യക്തിയുടെയും ഉറങ്ങിക്കിടക്കുന്ന മതമനോഗതിയ്ക്കനുസരിച്ച് പക്ഷം പിടിക്കുകയാണ് ഓരോരുത്തരും. ഇതിനിടയില്‍ പ്രീണിപ്പിച്ച് വായനക്കാരെ കൂട്ടുന്ന ഒരു വിഭാഗവും ശക്തമായിട്ടുണ്ട്. ഇതിനിടയില്‍ സിനിമയെ സ്വന്തം നിലയില്‍ നോക്കി കാണുകയാണിവിടെ.
സിനിമയില്‍ ഏറ്റവും അപകടം പിടിച്ച കഥാപാത്രങ്ങളാണ് പൃഥ്വിരാജ് അവതരിപ്പിച്ച ലായിക്കും ഷൈന്‍ ടോം ചാക്കോയും കമ്മുവുമെല്ലാം. കൂടാതെ തീവ്രവാദിയായ മറ്റൊരു കഥാപാത്രവുമുണ്ട്. തീവ്രവാദത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന റസൂലും സവര്‍ണരിലെ അസ്വസ്ഥനായ സംഘി കഥാപാത്രമായി വിഷ്ണുവുമെല്ലാം അപകടം പിടിച്ച കഥാപാത്രങ്ങളായുണ്ട്.
സിനിമ നടക്കുന്നത് ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ്. ഭാഷ ശ്രദ്ധിച്ചാല്‍ ഒരു ഏറനാടന്‍ ടച്ചുമുണ്ട്. ഈ പശ്ചാത്തലം മാറ്റി അതൊരു ഹിന്ദു ഭൂരിപക്ഷ പ്രദേശമാക്കുകയും നിലവിലെ കഥാപാത്രങ്ങളുടെ മതം മാറ്റുകയും ചെയ്താല്‍ എന്താകും സിനിമയുടെ റിവ്യൂ. നിലവില്‍ മുസ്ലിം വിരുദ്ധമെന്നു വിലപിക്കുന്നവര്‍ മുസ്ലിംപക്ഷ സിനിമയെന്നു പറയുമോ? അത്തരത്തിലൊരു രീതിയില്‍ ചിന്തിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ സിനിമയ്ക്ക്.
സിനിമയിലെ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും കേരളത്തില്‍ കണ്ടു കിട്ടുന്ന കഥാപാത്രങ്ങളാണ്. ലായിക് എന്ന തീവ്രമതവാദിയായ മുസ്ലിംയുവാവിനെ പോലെ നിരവധി പേരുണ്ട് ചുറ്റിലും. കേരളം അത് പല തവണ അഡ്രസ് ചെയ്തിട്ടുമുണ്ട്. പല സന്ദര്‍ഭങ്ങളിലൂടെയും കേരളമത് കണ്ടതുമാണ്. ഷൈന്‍ അവതരിപ്പിക്കുന്ന കമ്മുവിനെ പോലെ പൊതുഇടത്തില്‍ മതേതരമായി നില്‍ക്കുന്നവരും ഏറെയുണ്ടെന്നതും നാം കാണുന്നതാണ്. റസൂലിനെ പോലെ തീവ്രവാദത്തിലേയ്ക്ക് കടക്കാന്‍ ചിന്തിക്കുന്ന യുവനിരയുമുണ്ട്. നല്ല വിശ്വാസിയായിരിക്കുമ്പോഴും നല്ല മനുഷ്യസ്‌നേഹി കൂടിയായിരിക്കണമെന്ന് നിര്‍ബന്ധമുള്ള ഇബ്രാഹിമിനെ പോലെയും നിരവധി പേരുണ്ട് നമുക്ക് ചുറ്റും. മതവിശ്വാസമുണ്ടെങ്കിലും അത് പ്രാക്ടീസ് ചെയ്യാത്ത മൂസയെ പോലുള്ളവരും മലയാളിയ്ക്ക് പുതുമുഖമല്ല. ക്ഷേത്രങ്ങളുടെ പേരിലും വിശ്വാസത്തിന്റെ പേരിലും വികാരം കൊള്ളുകയും വെറുപ്പ് ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വതീവ്ര മനസുള്ള ചെറുപ്പക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നത് വിഷ്ണുവെന്ന കഥാപാത്രത്തിലൂടെ വ്യക്തമാണ്. അത്തരക്കാരെയും സോഷ്യല്‍ മീഡിയയില്‍ നാം കാണുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ മോശം കഥാപാത്രങ്ങളായ ലായിക്കും കമ്മുവും വിഷ്ണുവും റസൂലുമെല്ലാം ചിത്രത്തില്‍ തുറന്നു കാട്ടപ്പെടുന്നുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെയേറെ കേരളം തുറന്നു കാട്ടേണ്ടത് സുമയെ പോലുള്ള കഥാപാത്രങ്ങളെയാണ്. സത്യത്തില്‍ ലായിക്കിനേക്കാളും വിഷ്ണുവിനേക്കാളും അപകടകരമാണ് മതം ഉള്ളില്‍ ഒളിപ്പിച്ച് മതേതരനാട്യം കൊണ്ടു നടക്കുന്നവര്‍.
സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് ഇരുമതത്തിലുള്ളവരെങ്കിലും രണ്ടു വീട്ടുകാരും കഴിയുന്നത്. എല്ലാ കാര്യത്തിലും പരസ്പരം സഹായിക്കാന്‍ അവര്‍ക്ക് മതം തടസമല്ല. സുമ ഭക്ഷണം വച്ചു വിളമ്പുമ്പോഴും മൂന്നു പുരുഷന്‍മാരുള്ള വീട്ടില്‍ അവള്‍ക്ക് വലിയ സുരക്ഷ അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. എന്നിട്ടും അവര്‍ പോലുമറിയാതെ ഒരാളെ കൊന്ന വിഷ്ണുവിന് ഭക്ഷണമൂട്ടിയത് സ്വന്തം മതക്കാരനായതുകൊണ്ടു മാത്രമാണ്. ഒരായുസ് മുഴുവന്‍ നിന്നെ സ്‌നേഹിച്ചു എന്ന് അവകാശപ്പെടുന്നുണ്ട് ഇബ്രാഹിമിനോട് സുമ. എന്നാല്‍ ആ ആയുസിലെ സ്‌നേഹത്തെ പോലും മറന്ന് ഹിന്ദുവായതു കൊണ്ടു മാത്രം വിഷ്ണുവിനൊപ്പം രക്ഷപ്പെടുകയാണ് സുമ. തന്നെ സ്‌നേഹിച്ച ഇബ്രാഹിമിനെ അവള്‍ തിരിച്ചറിഞ്ഞില്ല. എന്നും വീട്ടില്‍ കയറിയിറങ്ങിയിട്ടും മൂസയേയും അവള്‍ തിരിച്ചറിഞ്ഞില്ല. കേവല അറിവു മാത്രമുള്ള ഒരാള്‍ക്കൊപ്പം അവള്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുന്നിടത്താണ് സുമയുടെ മതേതര മുഖം അഴിഞ്ഞു വീഴുന്നത്. കേരളത്തില്‍ നിശബ്ദമായി കത്തിക്കൊണ്ടിരിക്കുന്ന ഈ മൃദുഹിന്ദു വര്‍ഗീയ പലപ്പോഴും അഡ്രസ് ചെയ്യപ്പെടാറില്ല എന്നതാണ് വാസ്തവം. രക്ഷനേടി സ്വന്തം മതക്കാരനൊപ്പം പോയിട്ടും സുമ രക്ഷപ്പെട്ടില്ല. ഒടുവില്‍ രക്ഷപ്പെടുത്തിയതാകട്ടെ മതത്തിന്റെ പേരില്‍ ഉപേക്ഷിച്ചു പോയ മൂസയും ഇബ്രാഹിമും. ജാതി സ്പിരിറ്റുള്ള വിഷ്ണു പോലും വിട്ടു പോയിട്ടും ഏറ്റവും ഒടുവിലും സുമ ഇബ്രാഹിമിന്റെയും മൂസയുടെയും കയ്യില്‍ സുരക്ഷിതയാണ്.
വിശ്വാസം മനസില്‍ സൂക്ഷിക്കുമ്പോഴും മനുഷ്യത്വം കൈവിട്ടു പോകാത്ത ഇബ്രാഹിമുമാരുടെതു കൂടിയാണ് കേരളം. മനുഷ്യനാണ് മതത്തേക്കാളേറെ പ്രാധാന്യമെന്നു തിരിച്ചറിയുന്ന മൂസാമാരുടെ കൂടിയാണ് കേരളം എന്നു തന്നെയാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്. ഒപ്പം മനസില്‍ വര്‍ഗീയത കൊണ്ടു നടക്കുകയും ചിലപ്പോഴൊക്കെ അതു പുറത്തു ചാടുകയും ചെയ്യുന്ന സുമയെ പോലുള്ളവരെ കൂടി തുറന്നു കാട്ടി സിനിമ. കേരളത്തിലെ ഹിന്ദുക്കളെ സംഘപരിവാറിനെ കിട്ടില്ലെന്നു ഊറ്റം കൊള്ളുന്ന പൊതുസമൂഹം സുമമാരെ കാണാതെ പോകുകയാണ്.

അചഞ്ചലമായ മനുഷ്യത്വമുള്ള രണ്ടു കഥാപാത്രങ്ങള്‍ (ഇബ്രാഹിമും മൂസയും) ഹിന്ദുകഥാപാത്രങ്ങളായാലായിരിക്കും ഈ സിനിമ ഏറ്റവും വലിയ മുസ്ലിം വിരുദ്ധ സിനിമയാകുകയെന്നതാണ് കാണേണ്ടത്. ലായിക്കുമാരും വിഷ്ണുമാരും മുന്‍പും നിലവിലും ഭാവിയിലും ഇവിടെയുണ്ടാകും. ഉണ്ടാകാന്‍ പാടില്ലാത്തത് സുമമാരാണ്. സുമമാരായിരിക്കും കേരളത്തെ ഭ്രാന്താലയമാക്കുന്നതെന്ന സൂചന കൂടിയാണ് കുരുതിയെന്ന സിനിമ പറഞ്ഞു വയ്ക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612