1470-490

തുടച്ചു നീക്കപ്പെടേണ്ട താലിബാൻ

സി.എസ്. സൂരജ്

ഒറ്റ വാചകത്തിൽ പറഞ്ഞാൽ, മതത്തിലും വംശീയതയിലും തളയ്ക്കപ്പെട്ടു പോയ, ആധുനിക സാമൂഹ്യ മൂല്യങ്ങളോ, നാഗരികതയോ, ജനാധിപത്യ മൂല്യങ്ങളോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു കൂട്ടം ഗോത്ര വർഗ്ഗങ്ങൾക്ക് ആധുനിക പടക്കോപ്പുകൾ കൂടി കൈ വന്നാൽ എന്താണോ സംഭവിക്കുക, അതാണ്‌ താലിബാൻ. മതത്തിന്റേയും, വംശീയതയുടേയും പേരിൽ മനുഷ്യരെ അരുംകൊല ചെയ്തു കൊണ്ടിരിക്കുന്നൊരു കിരാത സംഘം!

തീവ്രവാദികൾ എന്ന് തന്നെ വിളിക്കണമിക്കൂട്ടരെ. അതിനും മുകളിൽ, മറ്റൊരു വാക്ക് കൂടിയുണ്ടെങ്കിൽ അതിനും അർഹരാണ് ഈ തീവ്രവാദ സംഘം.

മനുഷരെ ക്രൂരമായി കൊന്നു കൊണ്ടിരിക്കുന്ന, സ്ത്രീകളെ അടിമകളായി കണക്കാക്കുന്ന, സർവ്വകലാശാലകൾ ബോംബിട്ട് നശിപ്പിക്കുന്ന, ഈ തീവ്രവാദ സംഘം, പക്ഷേ കേരളത്തിലേക്ക് വന്നു കഴിഞ്ഞാൽ പിന്നെ തീവ്രവാദികളല്ല, “പോരാളി”കളാണ്, നന്മയുടെ വെള്ളരി പ്രാവുകളാണ്!

മനുഷ്യരെ നിഷ്ഠൂരമാം വിധം കൊന്നൊടുക്കി കൊണ്ടിരിക്കുന്ന, ആയുധങ്ങളാൽ അക്രമങ്ങൾ അഴിച്ചു വിട്ടു കൊണ്ടിരിക്കുന്ന, മസ്തിഷ്കത്തിന് വിറളി പിടിച്ചു നടക്കുന്ന ഈ കിരാത സംഘത്തെ തീവ്രവാദികളെന്ന് വിളിക്കാൻ പോലും പാടില്ലത്രെ!

ശിരസ്സറ്റ് പിടഞ്ഞു വീണു കൊണ്ടിരിക്കുന്ന മനുഷ്യജീവനുകളോട് ഒരിറ്റ് ദയ പോലും തോന്നാത്ത വിധം, ഈ തീവ്രവാദ സംഘത്തിന് കുഴലൂത്ത് നടത്താൻ, ഇങ്ങ് ഇവിടെയീ കേരളത്തിളെ ഒരു കൂട്ടമാളുകളെ പ്രേരിപ്പിക്കുന്നതിന് പുറകിലൊരു കാരണമുണ്ട്,

ഇരു കൂട്ടരും ഒരേ മതത്തിൽപ്പെട്ടവരാണെന്ന ഒരൊറ്റ കാരണം!

കൊന്നൊടുക്കി കൊണ്ടിരിക്കുന്നതും ഒരേ മതത്തിൽപ്പെട്ടവരെ തന്നെയായത് കൊണ്ട് മാത്രമാണ് ഇപ്പോഴും കേരളത്തിൽ, “താലിബാന് ഐക്യദാർഢ്യം” എന്ന തട്ടു പൊളപ്പൻ ഹാഷ് ടാഗുകൾ കളം പിടിച്ചടക്കാത്തത്. അല്ലെങ്കിൽ അതും നമ്മൾ കാണേണ്ടി വന്നേനെ!

പൊതുവിടങ്ങളിൽ വന്ന്, ഒരു തീവ്രവാദ സംഘത്തെ “പോരാളികൾ” എന്നും, അവർ ചെയ്യുന്നതെല്ലാം മഹത്ക്കരമാണെന്നും, പറഞ്ഞ് അവർക്ക് വേണ്ടി വാഴ്ത്തു പാട്ടുകൾ പാടാൻ, അവർക്ക് പിന്തുണയേകാൻ, എവിടെ നിന്നുമാണിവർക്ക് ധൈര്യം ലഭിക്കുന്നത്? ആരാണിവർക്കിതിന് ഊർജ്ജം പകർന്നു കൊടുക്കുന്നത്?

ഈ ചോദ്യങ്ങൾ ചെന്നിടിച്ചു നിൽക്കുക മതേതരത്വത്തിന്റേയും, മറ്റ് പുരോഗമന ആശയങ്ങളുടേയും മൊത്ത കച്ചവടക്കാരാണെന്ന് സ്വയമവകാശപ്പെടുന്ന ഇവിടെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ തന്നെയാവുമെന്നുറപ്പാണ്!

ആമസോൺ കാടുകളിൽ നടക്കുന്ന തീ പിടുത്തത്തിനെതിരെ പോലും സമരം ചെയ്യുന്ന ഇക്കൂട്ടർക്ക് തൊട്ടടുത്ത് കിടക്കുന്ന അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ ഒന്നപലപിക്കാൻ പോലും ഇനിയും സമയമായിട്ടില്ല. ഇന്നല്ല, പണ്ട് കാലം മുതൽക്കേ ഇവരുടെ ഭൂപടത്തിലില്ലാത്ത ഭൂമികയാണ് അഫ്ഗാനിസ്ഥാൻ. പുരോഗമനം സംസാരിച്ചിരുന്ന സ്വന്തം പാർട്ടിക്കാരൻ കൂടിയായിരുന്ന, ഡോ. നജീബുള്ളയെ അതി-നിഷ്ഠൂരമായ്, കണ്ടു നിൽക്കാൻ പോലും അറയ്ക്കും വിധം, കൊന്ന് തള്ളിയപ്പോൾ പോലും മൗനം പാലിച്ചിരുന്ന കൂട്ടരാണീ വിപ്ലവ സിംഹങ്ങൾ.

അവരിൽ നിന്നും ഇതിൽ കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തന്നെ അർത്ഥ ശൂന്യമായ ഒന്നാണ്!

ഇക്കൂട്ടർ മിണ്ടാതെയിരിക്കുന്നതാണോ, ഇപ്പോഴിവിടത്തെ പ്രശ്നം?

അങ്ങനെയായിരുന്നെങ്കിൽ എത്രയോ നന്നായേനെ!

തീവ്രവാദ സംഘങ്ങളെ മഹത്വവൽക്കരിക്കാൻ, അവരെ പോരാളികളെന്നും വിമോചന സമര നായകരെന്നും വിശേഷിപ്പിക്കാൻ ആരാണ് കേരള ജനതയെ പഠിപ്പിച്ചത്?

അതും ഇക്കൂട്ടർ തന്നെയാണെന്നുള്ളതാണ് വാസ്തവം!

ഇസ്രയേൽ-ഹമാസ് സംഘർഷമുണ്ടായപ്പോൾ, ഹമാസ് എന്ന തീവ്രവാദ സംഘത്തെ “വിമോചന പ്രസ്ഥാന”മെന്ന് വിശേഷിപ്പിച്ചത് കേരളത്തിലെ ഇസ്ലാമിക്ക് മതമൗലികവാദികളായിരുന്നില്ല, ഇതേ വിപ്ലവ പ്രസ്ഥാനം തന്നെയായിരുന്നു അന്നതും ചെയ്തത്. എന്നിട്ട്, പേരിപ്പോഴും പുരോഗമന പ്രസ്ഥാനമെന്നാണെന്ന് മാത്രം!

ഇസ്ലാം മതത്തേയോ, അതിൽ നിന്നുമുൽഭവിച്ചു വരുന്ന ഇസ്ലാം തീവ്രവാദത്തേയോ വിമർശിക്കുകയോ ഒന്നപലപിക്കുകയോ പോലുമരുതെന്നുള്ളത് പ്രബുദ്ധ കേരളത്തിലെ ഒരലിഖിത നിയമമാണ്. അത് നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ ചുക്കാൻ പിടിക്കുന്നതോ ഇതേ വിപ്ലവ പ്രസ്ഥാനം തന്നെ.

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉറ്റ സുഹൃത്തും, പിന്നണിയിലെ രാഷ്ട്രീയ നയതന്ത്രജ്ഞർ കൂടിയായിട്ടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും, അവർ നയിക്കുന്ന ചൈനീസ് ഗവൺമെന്റിന്റേയും താലിബാൻ തീവ്രവാദികളോടുള്ള സമീപനമെന്തെന്ന് പിന്നെ പറയുകയേ വേണ്ട! ചില്ലിട്ട് വെക്കാൻ പാകത്തിലുള്ള ഫോട്ടോകളല്ലേ അവരോരോ ദിവസവും ഒരുമിച്ചു ചേർന്നു നിന്നിറക്കി കൊണ്ടിരിക്കുന്നത്!

ശത്രുക്കളെ നേരിടാൻ ഇസ്ലാം മതത്തേയും, മത തീവ്രവാദത്തേയും പൊതിഞ്ഞു കെട്ടി സംരക്ഷിച്ചു കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കപട മുഖപടങ്ങൾ എന്നാണോ അഴിഞ്ഞു വീഴുക, അന്ന് തന്നെയായിരിക്കും ലോകത്തിലെന്ന പോലെ കേരളത്തിലും പുരോഗമനത്തിന്റെ മാറ്റൊലികൾ ശബ്ദിച്ചു തുടങ്ങുക. സംരക്ഷിച്ച് സംരക്ഷിച്ച് ഒടുക്കം, ശത്രുക്കളെ നേരിടാൻ സ്വയം നിർമിച്ച തീവ്രവാദികൾ സ്വന്തമണ്ണാക്കിൽ തന്നെ കേറിയിരുന്ന് വെടി പൊട്ടിച്ച് പോയ അമേരിക്കയുടെ അവസ്ഥയാവാതെയിരുന്നാൽ മതിയായിരുന്നു!

അഫ്ഗാൻ പ്രവിശ്യ മുഴുവൻ പിടിച്ചെടുക്കാനൊരുങ്ങുന്ന താലിബാൻ, നാളെ അതും കഴിഞ്ഞ് സ്വന്തം രാജ്യത്തിന് തന്നെ ഭീക്ഷണിയായി മാറുമെന്നറിയാത്തവരൊന്നുമല്ല, ഇന്നീ ഓടി നടന്ന് താലിബാന് വേണ്ടി കുഴലൂത്ത് നടത്തുന്ന കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ. രാജ്യത്തേക്കാളേറെ, മനുഷ്യ ജീവനുകളെക്കാളേറെ, മതത്തെ സ്നേഹിക്കുന്നത് കൊണ്ടും, സ്വന്തം മതം ലോകം മൊത്തം ഭരിക്കണമെന്നാഗ്രഹിക്കുന്നത് കൊണ്ടും തന്നെയാണല്ലോ, കേരളത്തിൽ നിന്നും നിരവധി പേർ ഇത്തരം തീവ്രവാദ സംഘങ്ങളിലേക്ക് ദിനം പ്രതി ചേക്കേറി കൊണ്ടിരിക്കുന്നത്.

രണ്ട് ജനവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന അധികാരത്തിനായുള്ള യുദ്ധമെന്നതിലുപരി, മത-ഗോത്ര ജീവികളും മാനുഷിക മൂല്യങ്ങളും തമ്മിലുള്ളൊരു ഏറ്റു മുട്ടലാണിപ്പോൾ അഫ്ഗാനിസ്ഥാനിൽ നടന്നു കൊണ്ടിരിക്കുന്നത്.

ഇതിൽ നമുക്ക് വിജയിച്ചേ മതിയാവൂ..

ആധുനിക മൂല്യങ്ങളും, മനുഷ്യത്വവും, നാഗരികതയും പുലർന്നേ മതിയാവൂ..

അതിനി എത്ര വലിയ മസ്തിഷ്ക്കമില്ലാ മത ജീവികളാണ് എതിർ പക്ഷത്തെന്ന് പറഞ്ഞാലും, അവക്കിനി ഏതൊക്കെ വലിയ ഗോത്ര ജീവികളാണ് പിന്തുണയേകുന്നതെന്ന് പറഞ്ഞാലും, നമ്മുക്ക് വിജയിച്ചേ മതിയാവൂ..!

Comments are closed.