1470-490

കൊച്ചി: കടുത്ത കോവിഡ് നിയന്ത്രണങ്ങൾ മൂലം നാടുവിടാനൊരുങ്ങി മലയാള സിനിമ. മറ്റു സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളില്ലാത്തതിനാലാണ് ഈ കൂടുമാറ്റം. അനുമതിയില്ലാത്തതിനാൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി അടക്കം ഏഴ് സിനിമകളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളിൽ വച്ചാണ് നടക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ കേരളത്തിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സിനിമാതൊഴിലാളികൾ പട്ടിണിയിലാകുമെന്ന് സംഘടനകൾ. അതു കൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിനിമാ ചിത്രീകരണത്തിന് കേരളത്തിൽ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

സീരിയൽ മേഖലയിലുള്ളവർക്ക് വാക്സിൻ എടുത്തതിന് ശേഷം പ്രോട്ടോക്കോൾ പ്രകാരം നിശ്ചിത ആളുകളെ വച്ച് ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇത് സിനിമയ്ക്കും ബാധകമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ഫെഫ്ക അടക്കമുള്ള സംഘടനകൾ കേരളത്തിൽ ചിത്രീകരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവർ പറയുന്നു. നിർമാതാക്കളും ഇതേ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

ബ്രോ ഡാഡി കേരളത്തിൽ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തിൽ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോകുന്നത്. നിശ്ചിതയാളുകളെ വച്ച് ഇൻഡോറിൽ ചിത്രീകരിക്കാനെങ്കിലും അനുമതി ലഭിച്ചിരുന്നുവെങ്കിൽ ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ കേരളത്തിലെ ടെക്നീഷ്യൻമാർക്ക് ജോലി കൊടുക്കാൻ സാധിക്കുകയില്ല. സർക്കാർ ഇടപ്പെട്ടില്ലെങ്കിൽ കേരളത്തിലെ ചലച്ചിത്ര വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നും ഇവർ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584