മഞ്ഞള്‍ ഒരു രോഗവും മാറ്റില്ല, ഇതാണ് കാരണം

ഹെല്‍ത്ത് ഡെസ്ക്: കുറച്ചു കാലങ്ങളായി നമ്മുടെ ഫെയ്സ്ബുക്ക്-യൂടൂബ് ശാസ്ത്രജ്ഞന്മാരുടെ അത്ഭുത ഔഷധങ്ങളിലൊന്നാണ് മഞ്ഞള്‍. സദ്ഗുരുവിനെ പോലുള്ള ആത്മീയ ആചാര്യന്മാരും ഹോമിയോഡോക്റ്ററായ രാജേഷുമാണ് മഞ്ഞള്‍ കൊണ്ട് അത്ഭുതകരമായി മാറാ രോഗങ്ങള്‍ മാറ്റുന്നത്. ക്യാന്‍സര്‍ മുതല്‍ അല്‍ഷിമേഴ്സ് വരെ ഇത്തരത്തില്‍ മാറുമെന്ന് തള്ളി മറിക്കുകയാണ് ഇത്തരം മുറി ശാസ്ത്രജ്ഞന്മാര്.
ഇതില്‍ മഞ്ഞളിനെ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നത് സദ്ഗുരുവാണ്. ആയൂര്വേദത്തിലെയും മോഡേണ്‍ സയന്‍സിലെയും ചില വാക്കുകളെ കൂട്ടിക്കെട്ടി പുറപ്പെടുവിക്കുന്ന വിജ്ഞാനത്തില്‍ ഏതൊരു സാധാരണക്കാരനും വീണു പോകും. ക്യാന്‍സര്‍ മാറ്റല്‍, മസില് റിലാക്സേഷന്, ഉദരരോഗങ്ങളെ ശമിപ്പിക്കല്‍ എന്നിവയെല്ലാം ചെയ്യുമെന്നാണ് ആശാന്റെ ഗീര്‍വാണങ്ങള്‍. കൂടാതെ ശ്വാസകോശ രോഗങ്ങള്‍, വയറിലെ അള്‍സര്‍ എന്നിവയെല്ലാം മഞ്ഞള്‍ മാറ്റിയെടുക്കുമെന്നും സദ്ഗുരു പറയുന്നു. ഐബൂപ്രഫിന് പോലുള്ള മരുന്നുകളുടെ അതേ എഫക്റ്റ് മഞ്ഞള്‍ നല്‍കുന്നുണ്ടെന്നും ഡോ. രാജേഷ് കുമാര്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യത്തില്‍ മഞ്ഞളിന് ഇത്തരം വ്യാജന്മാര് പ്രചരിപ്പിക്കുന്ന ഗുണങ്ങളുണ്ടോ….പരിശോധിക്കാം.
നമ്മുടെ പ്രകൃതിയിലെ സസ്യങ്ങളിലെല്ലാം പല തരത്തിലുള്ള കെമിക്കലുകള്‍ കാണാം. ആല്‍ക്കലോയ്ഡുകള്‍ ഉള്പ്പടെയുള്ളവയുള്ള സസ്യങ്ങളുണ്ട്. ഇരപിടിയന്മാരില് നിന്നും രക്ഷനേടുന്നതിനായി സസ്യങ്ങള്‍ സംരഭരിച്ചു വയ്ക്കുന്നതാണ് ഈ രാസവസ്തുക്കള്‍. പ്രസ്തുത രാസവസ്തുക്കള്‍ക്കെല്ലാം ഔഷധ ഗുണങ്ങളുണ്ടാകും. മലേറിയ മരുന്നായ ക്യൂനിന് വേര്‍തിരിച്ചെടുത്തത് സിങ്കോണയെന്ന ചെടിയില്‍ നിന്നാണ്.
മഞ്ഞളില്‍ ഏകദേശം 230പരം കെമിക്കലുകളുണ്ട്. ഇതില്‍ പ്രധാന രാസവസ്തുവാണ് കുര്കുമിന്. കുര്കുമിന് നിരവധി തരത്തിലുള്ള ഔഷധ ഗുണങ്ങളുണ്ട്. നിരവധി ശാസ്ത്രീയ പഠനങ്ങള്‍ കുര്കുമിനുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. കുര്കുമിന് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതായി ലാബില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മഞ്ഞള്‍ കഴികുന്നതു കൊണ്ട് ഈ ഗുണം നമുക്ക് കിട്ടുന്നില്ലെന്നതാണ് വാസ്തവം. മാത്രമല്ല ഒരു രോഗവും മാറുന്നതായും തെളിയിക്കപ്പെട്ടിട്ടില്ല. അതെങ്ങനെയെന്നു നോക്കാം.
കുര്ക്കുമിന് ബയോ അവയ്ബലിറ്റി വളരെ കുറവാണ്. നാം ഒരു മരുന്നു കഴിക്കുമ്പോള്‍ പ്രസ്തുത മരുന്ന് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കണമെങ്കില് രക്തത്തില്‍ പ്രസ്തുത മരുന്നിന്റെ സാന്നിധ്യം ഒരു നിശ്ചിത അളവില്‍ ഉണ്ടായിരിക്കണം. രക്തത്തില്‍ നിശ്ചിത അളവുണ്ടായാല്‍ മാത്രമേ അത് ശരീര കോശങ്ങളിലേയ്ക്ക് എത്തപ്പെടുകയുള്ളൂ. മരുന്നിന്റെ രക്തത്തിലെ പ്രസ്തുത അളവിനെയാണ് ബയോ അവയ്ബലിറ്റി എന്നു പറയുന്നത്. വായിലൂടെ കഴിക്കുമ്പോള്‍ ആമാശയത്തിലൂടെ ചെറുകുടലിന്റെ ഭിത്തി വഴി രക്തത്തിലെത്തുന്നത് ഒരു ചെറിയ ശതമാനം മാത്രമാണ്. ഈ ചെറിയ ശതമാനം കുര്ക്കുമിന് യാതൊരു ഔഷധധര്മ്മവും നിര്വഹിക്കാനാവില്ലെന്നു ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ കുര്കുമിന് വെള്ളത്തിലും അലിയില്ല. അതുകൊണ്ട് ഇന്ജക്ഷനായി കുത്തിവയ്ക്കുന്നതിനും കഴിയില്ല. ഇനി സാധിച്ചാല്‍ തന്നെ കാര്യമായ ബയോഅവയ്ലബിലിറ്റി കാണിക്കുന്നില്ലെന്നും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് മരുന്നായി കുര്കുമിന് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.
വായിലൂടെ ശരീരത്തിലേയ്ക്കെത്തിച്ചാല് കുര്കുമിന് കുര്കുമിന്ബ്ലൂക്രനൈഡ് എന്ന മെറ്റബൊലൈറ്റായി മാറുകയാണ് ചെയ്യുന്നത്. ഇന്ജക്ഷനായി എടുക്കുമ്പോള്‍ മറ്റു പലവിധ മെറ്റബൊലൈറ്റായി മാറുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ കുര്കുമിന് ടാര്‍ജറ്റ് സ്പെസിഫിസിറ്റിയില്ല. ലാബില്‍ കാണിക്കുന്ന ഔഷധഗുണം മനുഷ്യ ശരീരത്തില്‍ കാണിക്കാന്‍ സാധിക്കാത്തതിനു കാരണം കുര്കുമിന് ബയോഅവയ്ലബിലിറ്റിയിലുള്ള പ്രശ്നമാണ്. കുര്കുമിന് എന്ന ഈ രാസവസ്തുവിന് അനുയോജ്യമായ ഡ്രഗ് ഡെലിവറി സിസ്റ്റമില്ലാത്തിനാലാണ് ഇത് മരുന്നായി ഉപയോഗിക്കാന്‍ കഴിയാത്തത്.
വിവിധ ഡ്രഗ് ഡെലിവറി സംവിധാനങ്ങളുണ്ടെന്നു നമുക്കറിയാം. വായിലൂടെ കഴിച്ച് ആമാശയത്തിലെത്തി രക്തത്തിലെത്തുന്ന ഗുളികള്‍, രക്തത്തിലേക്ക് നേരിട്ട് കുത്തിവയ്ക്കുന്ന ഇന്‍ജക്ഷനുകള്‍, തൊലിയിലൂടെ കുത്തിവയ്ക്കുന്ന മരുന്നുകള്‍ തുടങ്ങിയവയെല്ലാം ഡ്രഗ് ഡെലിവറി സിസ്റ്റങ്ങളാണ്. പ്രസ്തുത സംവിധാനങ്ങളിലൂടെ മരുന്നായി ഉപയോഗിക്കുന്നതിനായി നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി കുര്‍ക്കുമിനെ നാനോകുര്കുമിനായി മാറ്റുന്ന പ്രക്രിയയുണ്ട്. ഈ പ്രക്രിയയിലൂടെ മരുന്നായി ഉപയോഗിക്കാനുള്ള പഠനങ്ങളും നടക്കുന്നുണ്ട്. 2011 മുതല്‍ 1500ല്‍ പരം പഠനങ്ങളുടെ വിവരം എന്‍സിബിഐ പബ്മെഡ് ഡാറ്റാബേസിലുണ്ട്.
കുര്കുമിന്ക്യാന്സറിനെതിരെ ലോകത്തെവിടെയും മരുന്നായി ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. ക്യാന്‍സറിനെതിരെയുള്ള കീമോ പ്രവന്റീവ് ഡയറ്റായി കുര്കുമിന് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. ക്യാന്‍സര്‍ സെല്ലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന വിഷയത്തില്‍ ഇരുനൂറോളം പഠനങ്ങള്‍ യൂനൈറ്റഡ് സ്റ്റേറ്റ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 92 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. ഇതിലൊന്നും മനുഷ്യരില്‍ മരുന്നായി ഉപയോഗിക്കാമെന്നു കണ്ടെത്തിയിട്ടില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ക്യാന്‍സര്‍, അല്‍ഷിമേഴ്സ്, ഉറക്കക്കുറവ്, ഡിപ്രഷന്, കൊറോണയ്ക്കെതിരെയുള്ള പ്രതിരോധം എന്നിവയൊന്നും ചെയ്യാന്‍ മഞ്ഞളിന് കഴിയില്ല. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ചെയ്യുന്നത് സാധാരണക്കാരായ മനുഷ്യരെ വലിയ രോഗാവസ്ഥയിലേയ്ക്ക് തള്ളിവിടുകയാണ്. അതുകൊണ്ടു തന്നെ വ്യാജപ്രചാരണങ്ങള്‍ക്കു പുറകെ പോകാതിരിക്കുക. നമ്മുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുക്കേണ്ടത് നമ്മളാണ്. വ്യാജപ്രചാരവേലയ്ക്കു പുറകെ പോയാല്‍ നശിക്കുന്നത് നമ്മുടെ ശരീരമാണെന്ന ബോധ്യമുണ്ടാകണം ഓരോരുത്തര്‍ക്കും.
Comments are closed.