1470-490

കണ്ണന്‍ പട്ടാമ്പി വിലസുന്നത് പോലീസ് തണലില്‍

ശ്രീരഥ് കൃഷ്ണന്‍

പട്ടാമ്പി: സിനിമ-സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തണലേകിയത് കേരള പോലീസ്. ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടും ഒരു കേസില്‍ പോലും ഇയാള്‍ ജയിലില്‍ കിടക്കാതിരുന്നത് പോലീസിന്റെ കൈമെയ് മറന്ന സഹകരണം ഒന്നു കൊണ്ടു മാത്രം. 2011 ഫെബ്രുവരി അഞ്ചിന് റിപ്പോര്‍ട്ട് ചെയ്ത തൃത്താലയിലെ അഭിലാഷിനെ വധിക്കാന്‍ ശ്രമിച്ച കേസാണ് പോലീസ് ആദ്യം അട്ടിമറിച്ചത്. കണ്ണന്‍ പട്ടാമ്പിയുടെ കുത്തേറ്റ് 20ഓളം ദിവസമാണ് അഭിലാഷ് ഐസിയുവില്‍ കിടന്നത്. എന്നാല്‍ ഈ കേസില്‍ ഐപിസി 324ല്‍ ഒതുക്കി തൃത്താല പോലീസ് കണ്ണന്‍ പട്ടാമ്പിയെ സംരക്ഷിക്കുകയായിരുന്നു. കാസര്‍ഗോഡ് റെയ്ല്‍വേ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച് കെ.സി. ജെയിംസ് എന്നയാളെ മര്‍ദ്ദിച്ച കേസില്‍ മൂന്നു മാസം ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിലും ജയിലില്‍ കിടക്കേണ്ടി വന്നില്ല. കണ്ണന്‍ പട്ടാമ്പി ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു പരാതി നല്‍കിയ വിവേകിനെതിരെ മറ്റൊരു കള്ളക്കേസ് എടുത്താണ് പോലീസ് കണ്ണന്‍പട്ടാമ്പിയെ സംരക്ഷിച്ചത്.
കുന്നംകുളത്ത് മാര്‍ട്ടിന്‍ തോമസ് എന്ന സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പോലീസിനെ വെട്ടിച്ച് മുന്‍കൂര്‍ ജാമ്യമെടുത്തു. കുന്നംകുളം പോലീസ് അന്ന് കണ്ണന്‍ പട്ടാമ്പിയെ കുരുക്കാന്‍ വലിയ ശ്രമം നടത്തിയെങ്കിലും പോലീസിലെ തന്നെ ഒരു വിഭാഗം കണ്ണനെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2017 ജൂലായ് 22നായിരുന്നു പ്രസ്തുത സംഭവം.
പട്ടാമ്പിയിലെ ഡോ. രേഖയെന്ന വനിതയെ നിരന്തരം ഫോണ്‍ ചെയ്തു ശല്യപ്പെടുത്തിയിട്ടും കേസെടുക്കുകയല്ലാതെ പോലീസ് യാതൊരു നടപടിയും സ്വകീരിച്ചില്ലെന്നും പരാതിയുണ്ട്. ഡോ. രേഖയെ 2019 ഡിസംബര്‍ 24നാണ് ആദ്യമായി ഫോണില്‍ വിളിച്ച് അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അന്ന് കെപി ആക്റ്റ് 120(0)യും ഐപിസി 509 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒന്നര വര്‍ഷത്തിനു ശേഷം 2021 ജൂലായ് രണ്ടിന് ഇതേ സ്ത്രീയോട് തന്നെ വീണ്ടും പ്രസ്തുത കുറ്റം ആവര്‍ത്തിച്ചു. ഇതിലും ഒന്നര വര്‍ഷം മുന്‍പ് എടുത്ത അതേ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഒമ്പതു ദിവസങ്ങള്‍ക്കു ശേഷം ഇവരെ നേരിട്ട് ആക്രമിക്കുകയായിരുന്നു. ഇതുപ്രകാരം 354 ഐപിസി വകുപ്പ് കൂടി കണ്ണന്‍ പട്ടാമ്പിക്കെതിരെ ചേര്‍ത്തു. എത്രയൊക്കെ കേസുകള്‍ എടുത്തിട്ടും കണ്ണന്‍ പട്ടാമ്പിയെ തൊടാന്‍ പോലും പോലീസ് ഇതുവരെ തയാറായിട്ടില്ല.
ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന്‍ പട്ടാമ്പിക്കെതിരെ ഗുണ്ടാ ആക്ട് അനുസരിച്ചുള്ള നടപടികള്‍ എടുക്കാതിരിക്കാന്‍ വൈകുന്നത് പോലീസിലെ തന്നെ ചില ഉന്നതരുടെ നിര്‍ദേശ പ്രകാരമാണെന്നാണ് സൂചന. മുന്‍ ഡിജിപിയടക്കം സംസ്ഥാനത്തെ പോലീസ് ഉന്നതരുമായി ബന്ധമുള്ള മേജര്‍ രവിയുടെ അനിയന്‍ എന്ന പരിഗണന ആദ്യകാലത്ത് ഇയാള്‍ക്ക് കിട്ടിയിരുന്നു. എന്നാല്‍ മേജര്‍ രവി പോലും നിലവില്‍ ഇയാളെ കയ്യൊഴിഞ്ഞിട്ടും പോലീസ് സംരക്ഷിക്കുന്നുവെന്നതാണ് നിലവിലെ സാഹചര്യം. ഒരു സ്ത്രീക്കെതിരെ അതും ഒരു ഡോക്റ്റര്‍ക്കെതിരെ നിരന്തരം ആക്രമണമുണ്ടായിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. കണ്ണന്‍ പട്ടാമ്പിക്കെതിരെയുള്ള ഒരു കേസില്‍ വഴങ്ങാത്തതിന് ഒരു പോലീസുകാരനും കണ്ണന്റെ ശത്രുതയുടെ ചൂടറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയും പോലീസിലെ തന്നെ ചിലരുടെ ഒത്താശയോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ സത്യസന്ധരായ പോലീസുകാര്‍ക്കു പോലും കണ്ണനെ പേടിയാണെന്നാണ് പറയുന്നത്. ഇത്രയേറെ ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാളെ സംരക്ഷിക്കുന്നത് പോലീസ് ഉന്നതരായതു കൊണ്ടു മാത്രമാണ് കണ്ണന്‍ നാട്ടില്‍ ക്രിമിനലായി വിലസുന്നതെന്നാണ് ആക്ഷേപം.

Comments are closed.