എത്ര ദിവസം നിങ്ങൾക്കിവരെ അടച്ചിടാനാവും?

സി.എസ്. സൂരജ്
ഒന്ന് രണ്ട് വർഷത്തിനുള്ളിൽ ഇവിടെ നിന്നും പൊയ്ക്കോളാമെന്ന കരാറൊപ്പിട്ടിട്ടല്ല കൊറോണയെന്ന രോഗം ഇവിടെയിപ്പോൾ നില നിൽക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ.. അങ്ങനെയായിരുന്നെങ്കിൽ മാത്രം, കൊറോണ പോവുന്നത് വരെ ലോക്ഡൗൺ പ്രഖ്യാപിച്ച് എല്ലാവരെയും വീട്ടിലിരുത്തുന്നതിൽ വല്ല അർത്ഥവുമുണ്ടാവുമായിരുന്നു!
എന്നാൽ, ഈ രോഗം എന്ന് ഇവിടെ നിന്നും പോവുമെന്ന് പറഞ്ഞിട്ടാണ്?
ഒരിക്കലും പോവാതെ, ഇന്ന് നമ്മുക്കിടയിൽ നില നിൽക്കുന്ന മറ്റ് പല രോഗങ്ങളേയും പോലൊരു രോഗമായി കൊറോണയും മാറി കൂടെ?
അങ്ങനെയെങ്കിൽ എന്ന് വരെ ജനങ്ങളെ നിങ്ങൾക്ക് അടച്ചിടാനാവും?
കൊറോണയെന്ന രോഗം വരുകയും, അത് വഴി അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിച്ചിരുന്നവന്റെ വരുമാനം, എന്നന്നേക്കുമായി നിലച്ചു പോയിയെന്നതുമല്ലാതെ മറ്റെന്ത് മാറ്റമാണിവിടെ വന്നിട്ടുള്ളത്?
അവന്/അവൾക്ക് വേണ്ട ചികിത്സകളുടെ ചിലവ് അപ്രത്യക്ഷമായി പോയോ?
അവന്റെ മക്കളുടെ വിദ്യാഭ്യാസ ചിലവ് മാറ്റാരെങ്കിലുമേറ്റെടുത്തോ?
അവൻ അടക്കേണ്ട കറന്റ് ബില്ല് ഇല്ലാതായോ?
വീട്ട് വാടക, പണിയില്ലാതെ കിടക്കുന്ന പണിയിടത്തിന്റെ റെന്റ്,… ഇവയൊന്നും ഇല്ലാതെയായി പോയോ?
ഇതെല്ലാം അവൻ തന്നെ കൊടുക്കുകയും വേണം, വരുമാനമൊന്നുമില്ലാതാനും!
സ്‍മാർട്ട് ഫോണുകളിൽ ആർത്തുല്ലസിച്ച് പഠിക്കുന്ന ഒരു വിഭാഗം കുട്ടികളുള്ള ഈ കേരളത്തിൽ തന്നെയാണ്, സ്മാർട്ട് ഫോണുകളില്ലാത്തതിനാൽ ഒരധ്യയന വർഷത്തെ ഒരൊറ്റ ക്ലാസ് പോലും കിട്ടിയിട്ടില്ലാത്ത മറ്റൊരു വിഭാഗം കുട്ടികളുമുള്ളത്!
ഇവരെല്ലാം എന്ത് ചെയ്യണം? ഇതേ സ്ഥിതി തന്നെ തുടരണോ?
കഴിഞ്ഞ ശനിയാഴ്ച്ച അതായത്, കേരളത്തിൽ ലോക്ക്ഡൗണുള്ള ദിവസം, നിരവധി പരീക്ഷകളിവിടെ നടന്നു. സ്വന്തമായി വാഹനമില്ലാത്തവരുടെ കുട്ടികൾ ആ പരീക്ഷകളിൽ പങ്കെടുത്തിട്ടുണ്ടായിരിക്കുമോ എന്നാരെങ്കിലുമൊന്ന് അന്വേഷിച്ചോ?
അതോ വാഹനമുള്ളവർ മാത്രം വന്ന് പരീക്ഷകളെഴുതിയാൽ മതിയെന്നാണോ?
എത്ര നാൾ ഈ സ്ഥിതി തുടരും?
എത്ര നാളിവിടെ ഉണ്ടാവുമെന്നറിയാത്ത ഒരു രോഗത്തെ ചെറുക്കാൻ “ലോക്ക്ഡൗൺ” ഫലപ്രദമാണെന്നാണോ നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?
എന്തെങ്കിലും മുന്നൊരുക്കങ്ങൾ നടത്തുന്നതിനോ, രോഗാവസ്ഥ മൂർച്ഛിക്കാതിരിക്കാനോ ഇടയ്ക്കെല്ലാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് മനസ്സിലാക്കാം. ഇതെത്ര നാളായി ഇവിടെ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട്?
എന്തിനായിരുന്നു ഈ നീണ്ട ലോക്ഡൗൺ? രോഗം വ്യാപനം തടയാനോ? എന്നിട്ട് തടഞ്ഞോ?
വാക്സിൻ വിതരണം ചെയ്യാനായിരുന്നോ? എന്നിട്ട് ചെയ്‌തോ?
ആദ്യം പറഞ്ഞു TPR 10% ആയിട്ട് ലോക്ഡൗൺ പിൻവലിക്കാമെന്ന്. ഇപ്പോൾ പറയുന്നു അത് 5% ആവട്ടെയെന്ന്!
ഇപ്പോഴുള്ള അടച്ചിടൽ ശാസ്ത്രീയമാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ?
ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ! ചില സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം! ചിലയിടങ്ങളിൽ അതുമില്ല! രാത്രി 7 മണിയോടെ കടകളെല്ലാം അടച്ചിരിക്കുകയും വേണം!
എന്തിനാണ് ഇതെല്ലാം?
തിരക്കുകൾ കുറക്കാനോ? ആളുകൾ കൂട്ടം കൂടുന്നത് തടയാണോ? എന്നിട്ട് തിരക്കുകൾ കുറക്കാൻ കഴിഞ്ഞോ?
വെള്ളിയാഴ്ച്ച വൈകീട്ടൊന്ന് കടകളിലും, ഇടക്കെല്ലാമൊന്ന് ബിവറേജിലും ഒന്ന് പോയി നോക്കിയാൽ മതി, ഇത് ബോധ്യമായി കൊള്ളും!
എല്ലാം അടച്ചിട്ടു കൊണ്ടാണോ തിരക്കുകൾ കുറക്കേണ്ടതും, ആളുകളെ തമ്മിൽ അകലത്തിൽ നിർത്താൻ പഠിപ്പിക്കേണ്ടതും? ഇതാണോ അതിനുള്ള ശാസ്ത്രീയ രീതി?
അതോ ആളുകളിൽ ആ സംസ്ക്കാരം വളർത്തിയെടുക്കുന്നതോ?
കേരളത്തിനിനേക്കാൾ മോശമവസ്ഥയിലായിരുന്ന മറ്റു പല സംസ്ഥാനങ്ങളും ഇന്ന് പൂർവ്വസ്ഥിതിയിലേക്ക് വന്ന് തുടങ്ങി. എന്നിട്ടും അവരെക്കാൾ മികച്ച രീതിയിൽ കോവിഡിനെ തടഞ്ഞെന്ന് അവകാശപ്പെടുന്നവർ ഇപ്പോഴും അടുത്ത ലോക്ക്ഡൗണിനെ പറ്റി ആലോചിച്ചിരിക്കുകയാണ്!
അയൽ സംസ്ഥാനമായ കർണാടക ഈ മാസമാവസാനത്തോട് കൂടി പരീക്ഷകൾ നടത്താനും, കോളേജുകൾ തുറക്കാനും പോവുകയാണ്. ഇവിടുത്തെ പോലെ കുട്ടികൾക്ക് വാക്സിൻ നൽകാതെയല്ല, വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത കോളേജുകളിലൂടെ വാക്സിൻ ലഭ്യമാക്കി കൊണ്ട്! അവിടേക്ക് പോവാനുള്ള കേരളത്തിലെ വിദ്യാർത്ഥികൾ ഇപ്പോഴും സ്ലോട്ട് തിരഞ്ഞു നടക്കുകയാണ്!
ഇതെല്ലാം പോട്ടെ.. വരുമാനമില്ലാതെയുള്ള ഈ അടച്ചു പൂട്ടൽ മാനസികമായി തീർക്കുന്ന വെല്ലുവിളികൾ ചെറുതാണെന്നാണോ നിങ്ങൾ കരുതുന്നത്?
ബാങ്ക് ബാലൻസ് ഉള്ളവരേയും, മാസാമാസം ശബളം കൈ പറ്റുന്നവരേയും മാത്രമേ നിങ്ങൾക്കറിയുകയുള്ളുവെങ്കിൽ, അവരെ പറ്റിയല്ല ഈ പറയുന്നത്. അവരെക്കാളും വരുന്ന മറ്റൊരു ഭൂരിപക്ഷമുണ്ടിവിടെ!
സംരംഭങ്ങൾ പൊട്ടി പൊളിഞ്ഞ് തകർന്ന് തരിപ്പണമായിരിക്കുന്ന, മക്കളുടെ വിദ്യാഭ്യാസം മുന്നോട്ടു പോവാനായി ആരുടെയൊക്കെയോ കരുണ കാത്തിരിക്കുന്ന, അയല്പക്കങ്ങളിൽ പണവും ഭഷ്യസാധനങ്ങളും അന്വേഷിച്ച് നടക്കുന്ന, കടം കേറി കേറി മുടിഞ്ഞു കൊണ്ടിരിക്കുന്നൊരു ജനത!
ഇത്രയൊക്കെയായിട്ടും എന്തൊക്കെയോ പ്രതീക്ഷകൾ എവിടെയൊക്കെയോ അവശേഷിക്കുന്നത് കൊണ്ട് മാത്രമാണ്, നിങ്ങളിന്ന് അടിച്ചേൽപ്പിക്കുന്ന പലതുമവർ മറുത്തൊന്നും പറയാതെ അനുസരിക്കുന്നത്. അല്ലാതെ നിങ്ങളെയൊന്നും ഭയന്നിട്ടല്ല!
എത്ര നാളിത് തുടരും? ഈ അശാസ്ത്രീയ മാനദണ്ഡങ്ങൾ വെച്ച് എത്ര നാൾ നിങ്ങൾക്കവരെ പൂട്ടിയിടാനാവും?
സായുധസേനകളെ മുന്നിൽ കണ്ടു കൊണ്ടാണ് നിങ്ങളിരിക്കുന്നതെങ്കിൽ, പ്രതീക്ഷകളെല്ലാം അസ്തമിച്ച ജനത തെരുവുകളെല്ലാം കീഴടക്കുന്നത് വരെയെ, ആ പ്രതീക്ഷയ്ക്കും ആയുസ്സുണ്ടാവുകയുള്ളൂ!
ശാസ്ത്രീയമായ മാനദണ്ഡങ്ങൾ ആവിഷ്കരിച്ച് നിലവിലെ പരിതസ്ഥിതിക്കൊരു അന്ത്യം കുറിച്ചില്ലെങ്കിൽ, അവിടേക്ക് തന്നെയാവും നമ്മുടെ യാത്ര!
അതത്രമേൽ വേദനാജനകമായ ഒന്നാണത്!
Comments are closed.