1470-490

ലോക ജന്തുജന്യ ദിനാചരണം – വിവിധ വകുപ്പുകൾ യോഗം ചേർന്നു

ലോക ജന്തുജന്യ ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. ജന്തുജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം നൽകണം. ഇതിന് എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് കൊണ്ട് എ ഡിഎം എസ്. ഷാജഹാൻ പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്ത ജന്തുജന്യ രോഗം എലിപ്പനിയാണ്. ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നോക്കുന്നവർ, കർഷതൊഴിലാളികൾ തുടങ്ങിയവർ നിർബന്ധമായും ആഴ്ചയിൽ 2 തവണ ഡോക്സിസൈക്ലിൻ ഗുളികകൾ കഴിക്കണം. പ്രതിരോധ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിൽസ നടത്തരുത്. ഇ- സഞ്ജീവനി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോൺ കോവിഡ് സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ് പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് ജന്തു ജന്യ രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിയ്ക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേരാനും തീരുമാനമായി. ഓൺലൈനായി നടന്ന യോഗത്തിൽ ആരോഗ്യം , കൃഷി, മൃഗസംരക്ഷണം, വനം , തൊഴിൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് തുടങ്ങ വിവിധ ജില്ലാ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

പകര്‍ച്ച വ്യാധികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങളാണ്. എലിപ്പനി, സ്‌ക്രബ് ടൈഫസ്, കുരങ്ങ് പനി, നിപാ, പേ വിഷബാധ, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ ഫീവര്‍ എന്നിവയാണ് കേരളത്തില്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങള്‍.

മനുഷ്യനും മൃഗങ്ങളും ജീവിത പരിസരങ്ങളിലും വനമേഖലയിലും പരസ്പരം ഇടപഴകുമ്പോള്‍ ജീവികളില്‍ നിന്നും വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയ രോഗാണുക്കള്‍ മനുഷ്യരിലേക്ക് എത്തുകയും രോഗങ്ങള്‍ ഉണ്ടാകുവാനും ഇടയാകുന്നു. മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ഇടപഴകലുകള്‍ പലപ്പോഴും ഒഴിവാക്കുവാന്‍ കഴിയില്ല. തൊഴില്‍, ഭക്ഷണം, മൃഗപരിപാലനം, വിദ്യാഭ്യാസം, വിനോദം, വനം വന്യജീവി സംരക്ഷണം ഇങ്ങനെ പല മേഖലകളിലായി മനുഷ്യര്‍ അറിഞ്ഞും അറിയാതെയും ജീവജാലങ്ങളുമായി നേരിട്ടും അല്ലാതെയും ഇടപഴകുന്നു. അതിനാല്‍ ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള അറിവുണ്ടായാല്‍ മാത്രമേ അവയെ പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളൂ.

ജന്തുജന്യ രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലുകൾ

• മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

• മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

• മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാന്‍ അവയെ അനുവദിക്കരുത്.

• 5 വയസില്‍ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം.

• മൃഗങ്ങളില്‍ നിന്ന് മുറിവോ പോറലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.

•വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായി എടുക്കണം.

• വനമേഖലയില്‍ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോള്‍ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0