1470-490

പരപ്പുഴപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു

പരപ്പുഴപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. മുരളി പെരുനെല്ലി എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാവക്കാട് തഹസിൽദാർ സി.എസ്. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ജിയോ ഫോക്സ്, ശ്രീദേവി ജയരാജൻ, ജില്ലാ പഞ്ചായത്തംഗം ബെന്നി ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സത്യൻ, ശിൽപ ഷിജു, ഗ്രാമപഞ്ചായത്തംഗം സുനീതി, പാവറട്ടി സബ്ബ് ഇസ്പെക്ടർ ആർ.പി. സുജിത്, എ.എസ്.ഐ. ഗിരീഷ്, പൊതുമരാമത്ത് പാലം വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ. സന്തോഷ് കുമാർ, അസി. എഞ്ചിനീയർ ടി.ആർ.ജിതിൻ, സൈറ്റ് എഞ്ചിനീയർ പി.സി. മെഹ്ത്താബ് എന്നിവർ പങ്കെടുത്തു.

പാലം നിർമ്മാണത്തിന് 3.87 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സർവ്വീസ് റോഡിന് 46 മീറ്ററിന് 10 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ 34 മീറ്ററാണ് ചെയ്തിട്ടുള്ളത്. അതിനനുസരിച്ച് തുക കുറഞ്ഞിട്ടുണ്ട്. പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ഒരു വർഷമാണ് കാലാവധി. കാലാവസ്ഥാവ്യതിയാനവും കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണും പാലം പണിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. കണ്ടാണശ്ശേരി, തൈക്കാട്, എളവള്ളി പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിപോകുന്ന വളരെ പ്രധാനപ്പെട്ട തോട് എന്ന നിലയിൽ എളവള്ളി പഞ്ചായത്തിലെ 7 വാർഡുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് താൽക്കാലിക റോഡ് പൊളിച്ചുമാറ്റിയത്.

നിർത്തി വെച്ച പാലം പണി ഉടനെ ആരംഭിക്കും. വെള്ളപ്പൊക്കം ഉണ്ടാകാത്ത രീതിയിൽ നിലവിലുള്ള തോടിനു നടുവിൽ രണ്ട് താൽക്കാലിക റിംഗ് ബണ്ട് നിർമ്മിച്ച് ആളുകൾക്ക് നടന്നു പോകാവുന്ന സ്റ്റീലിന്റെ നടപ്പാതയുണ്ടാക്കും. ജൂലായ് മാസത്തിൽ ഇതിന്റെ പണിപൂർത്തീകരിക്കും. ഇരു ഭാഗത്തുനിന്നും വരുന്ന ബസുകൾ പാലത്തിനടുത്ത് വന്ന് തിരിച്ചുപോകുകയോ അന്നകര – കോക്കൂർ റോഡ് വഴിയോ പോകണം. അന്നകര – കോക്കൂർ റോഡിന്റെ അറ്റകുറ്റ പണികൾ എളവള്ളി, മുല്ലശ്ശേരി പഞ്ചായത്തുകൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം. ഈ നിലയിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, യുദ്ധകാല അടിസ്ഥാനത്തിൽ പാലത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് എം.എൽ.എ. പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Comments are closed.