ഒൻപതുമാസത്തെ ആശുപത്രിവാസത്തിനൊടുവിൽ മരണപ്പെട്ട യു.പി സ്വദേശി അഫ്‌സർ അലിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി


മക്ക: മക്ക അൽ നൂർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ട ഉത്തർ പ്രദേശ് സീതാപൂർ സ്വദേശി അഫ്‌സർ അലിയുടെ(41) മൃതദേഹം മക്ക ഇന്ത്യൻ സോഷ്യൽ ഫോറം വളണ്ടിയർമാരുടെ നേതൃത്വത്തിൽ മറവു ചെയ്തു. പത്തു വർഷത്തിലധികമായി ഖുൻഫുദയിൽ ടൈലറായി ജോലിചെയ്തു വരികയായിരുന്നു. ഉത്തർ പ്രദേശ് സീതാപൂർ ജില്ലയിലെ ഗാന്ധി നഗർ സിദ്ദൗലിയിൽ പരേതനായ മുഹമ്മദ് ഷാഫിയുടെയും നസീമുനിന്റെയും മകനായ അഫ്സർ അലിയെ ഒൻപതു മാസം മുമ്പ് മസ്തിഷ്‌കാഘാതം സംഭവിച്ചതിനാൽ മക്ക അൽ നൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.വിദഗ്ധ ചികിത്സക്കായി നാട്ടിലേക്കു കൊണ്ട് പോകാൻ മലയാളിയായ സുഹൃത്ത് അബ്ദുൽ ലത്തീഫ് സന്നദ്ധ പ്രവർത്തകർ മുഖേന പലതവണ ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു. അതിനിടെ ആരോഗ്യാവസ്ഥ മോശമാവുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്ന അഫ്‌സർ അലി അവിവാഹിതനാണ്. ഒന്നര വർഷം മുമ്പാണ് അവധിക്കു നാട്ടിൽപോയി മടങ്ങിയെത്തിയത്. മാതാവും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു അഫ്‌സർ അലി. ബാധ്യതകൾ തീർക്കുന്നതോടൊപ്പം അടുത്ത തവണ അവധിക്കു പോയി വിവാഹം കഴിക്കണമെന്ന ആഗ്രഹവും സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. അതിനിടെയാണ് അസുഖബാധിതനായി ഒൻപതു മാസത്തോളം കിടപ്പിലായതും മരണത്തിനു കീഴടങ്ങിയതും. കുടുംബവുമായി ബന്ധപ്പെട്ട് രേഖകൾ സംബന്ധമായ നടപടിക്രമങ്ങൾക്കു ശേഷം മയ്യത്ത് മക്കയിലെ ഷറായ ഖബർസ്ഥാനിൽ മറവുചെയ്തു.
മരണാനന്തര നടപടി ക്രമങ്ങൾക്കായി മക്ക ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡണ്ട് മുഹമ്മദ് നിജ ചിറയിൻകീഴ്, വെൽഫെയർ വളണ്ടിയർമാരായ അബ്ദുസ്സലാം മിർസ, ജാഫർ പെരിങ്ങാവ്, അഫ്സൽ, അൻസാർ, റാഫി വേങ്ങര, ഹസൈനാർ മാരായമംഗലം (ജിദ്ദ) എന്നിവർ രംഗത്തുണ്ടായിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം മക്ക
Comments are closed.