1470-490

ചാരിറ്റി തട്ടിപ്പ് ഒരാൾ അറസ്റ്റിൽ

കുറ്റിപ്പുറം: സെറീൻ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ തട്ടിപ്പ് സംഘം രൂപീകരിച്ച് നിരവധിയാളുകളെ പറ്റിച്ച മുഹമ്മദ് റിയാസ് ചങ്ങനാശ്ശേരി എന്നയാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പന്തല്ലൂർ സ്വദേശി അബ്ദുൾ നാസർ എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്. ഇയാളിൽ നിന്ന് പ്രതി 1,62000/- രൂപ കൈക്കലാക്കി ചതിച്ചു എന്നാണ് പരാതി. കടബാധ്യത ഉള്ളവരെ അതിൽ നിന്ന് കരകയറ്റാൻ സഹായിക്കും എന്നുള്ള സംഘടനയുടെ പ്രചാരണത്തിൽ വീഴുന്നവരിൽ നിന്ന് 1000/- രൂപ മെമ്പർഷിപ്പ് വാങ്ങി അംഗങ്ങളാക്കും, ഇവരെ പിന്നീട് ഇയാളുടെയും സംഘടനയുടെയും ഗുണഗണങ്ങൾ വാഴ്ത്തുന്ന പ്രചാരകർ (കോ-ഓർഡിനേറ്റർ) ആക്കുന്നു. ഇവർ പിന്നീട് അവരുടെ നാട്ടിലെ സാമ്പത്തിക ശേഷിയുള്ളവരുമായി റിയാസിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും പണം വാങ്ങിക്കൊടുക്കുകയും ചെയ്യണം. ഇങ്ങനെ കാരുണ്യ പ്രവർത്തനത്തിന് രശീതിയില്ലാതെ ലക്ഷങ്ങൾ ഇയാൾ പിരിച്ചെടുത്തിരുന്നു. ആഴ്ചയിൽ 10,000/- രൂപയെങ്കിലും പിരിക്കാത്തവരെ ഭീഷണിപ്പെടുത്തലും പതിവായിരുന്നു. ആദ്യം ചങ്ങനാശ്ശേരിയിൽ തുടങ്ങിയ സംഘടന പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി പുതിയ ഓഫീസ് 2020 ൽ തുടങ്ങി. പിന്നീട് നിലമ്പൂരും, മണ്ണാർക്കാടും, ആലപ്പുഴയിലും, മറ്റ് സ്ഥലങ്ങളിലും വിപുലമായി ഓഫീസുകളും പ്രവർത്തനങ്ങളും ആരംഭിച്ചു. സംഘടനയിൽ ചേർന്ന് കോവിഡ് കാലത്ത് പോലും പിരിവിനിറങ്ങിയ സ്ത്രീകളുൾപ്പെടെയുള്ളവർ തങ്ങളുടെ ചികിത്സാചെലവിന് ചെറിയതുക പോലും കിട്ടാതെയായപ്പോൾ സംശയം തോന്നി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. റിയാസിൻ്റെ ഭീഷണിക്ക് വഴങ്ങാത്ത ഇവരെയും കടം വീട്ടാൻ പണം ആവശ്യപ്പെട്ട പല മെമ്പർമാരെയും ഇയാൾ സംഘടനയിൽ നിന്ന് പുറത്താക്കി. തൻ്റെ സിൽബന്ധികളെ മാത്രം നിലനിർത്തി. ഇയാൾക്കെതിരെ നിരവധി പുതിയ പരാതികൾ കുറ്റിപ്പുറം പൊലീസിൽ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

Comments are closed.