1470-490

ചെമ്മലപ്പാറ പൂരപറമ്പ് പാലം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കും: കെ.പി.എ മജീദ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി-താനൂര്‍ മുന്‍സിപ്പാലിറ്റികളെ ബന്ധിപ്പിച്ച് കോട്ടന്തല ചെമ്മലപ്പാറ പാലം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു. ഈ പ്രദേശം മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് ഉള്‍പ്പെടെയുള്ള നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി കൊട്ടന്തല പ്രദേശവും താനൂര്‍ നിയോജക മണ്ഡലത്തില്‍ ഓലപീടിക മോര്യ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പാലത്തിനായി ശ്രമങ്ങള്‍ നടത്തുന്നത്. ന്യൂക്കട്ട് ടൂറിസം പദ്ധതിക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലാണ് പാലം നിര്‍മ്മിക്കുക. ഉള്‍നാടന്‍ ജലഗതാഗത പാതയായതിനാല്‍ ആര്‍ച്ച് രൂപത്തിലുള്ള പാലമായിരിക്കും ഉണ്ടാക്കുക. ഡിസൈന്‍ പി.കെ അബ്ദുറബ്ബ് വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് തന്നെ തെയ്യാറാക്കിയിരുന്നു. എന്നാല്‍ പിന്നീടെത്തിയ ഇടത് സര്‍ക്കാര്‍ പ്രവൃത്തി മുന്നോട്ട് കൊണ്ട് പോയില്ല. പാലത്തിന്റെ എസ്റ്റിമേറ്റ് പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. 18 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തെയ്യാറാക്കിയിട്ടുള്ളത്. ഇത് നടപ്പിലാക്കുന്നതിന് വേണ്ടി വലിയ പരിശ്രമങ്ങള്‍ നടത്തും.
അടുത്ത നിയമ സഭ സമ്മേളന സമയത്ത് വിഷയം പൊതുമരമാത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ഈ പ്രൊജക്ട് നടപ്പിലാക്കുന്നതിലൂടെ ഈ പ്രദേശത്തെ ടൂറിസം പദ്ധതിക്കും, വാന നിരീക്ഷണ കേന്ദ്രമുള്‍പ്പെടെയുള്ള സയന്‍സ് പാര്‍ക്കിനും വലിയ സഹായകമാകുമെന്നതിനാല്‍ ആ വകുപ്പുകളെ കൂടി ചേര്‍ത്ത് തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മജീദ് പറഞ്ഞു.
പാലത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞാണ് ഫയല്‍ മുന്നോട്ട് നീങ്ങാതിരുന്നതെന്ന് മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. എല്ലാ പേപ്പര്‍ വര്‍ക്കുകളും യു.ഡി.എഫ് ഭരണത്തില്‍ തന്നെ പൂര്‍ത്തികരിച്ചിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ തുടര്‍ നടപടികളുണ്ടായില്ല. ഇവിടെ പാലത്തിന് വലിയ സാധ്യതയാണുള്ളത്. കോട്ടന്തല പ്രദേശത്തെ എസ്.സിക്കാരുടെ സ്മാശാനം പുഴക്ക് അപ്പുറത്താണ്. പലപ്പോഴും മൃതദേഹം തോണിയിലാണ് കൊണ്ട് പോകാറുള്ളത്. വെള്ളം കൂടുതലുള്ള സമയത്ത് ഏഴ് കിലോമീറ്ററോളം ആംബുലന്‍സില്‍ സഞ്ചരിച്ചാണ് മൃതദേഹം സംസ്‌കരണത്തിന് എത്തിക്കാറുള്ളത്. ടൂറിസം പദ്ധതി കൂടി മുന്നില്‍ കണ്ടാണ് അന്ന് പദ്ധതി നടപ്പിലാക്കിയിരുന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു.
കെ.പി.എ മജീദിനും പി.കെ അബ്ദുറബ്ബിനും പുറമെ മുസ്്‌ലിംലീഗ് താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി അഷ്‌റഫ്, താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത്, ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു, സ്ഥിരസമിതി അധ്യക്ഷരായ പി.പി ഷാഹുല്‍ ഹമീദ്, സി നിസാര്‍ അഹമ്മദ്, താനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ റഷീദ് മോര്യ, പി.വി നൗഷാദ്, വി.പി അഷ്‌റഫ്, പരപ്പനങ്ങാടി കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്, സീനത്ത് ആലിബാപ്പു, മുസ്്‌ലിംലീഗ് നോക്കളായ സി അബ്ദുറഹ്മാന്‍ കുട്ടി, സി.ടി നാസര്‍, ആസിഫ് പാട്ടശ്ശേരി, പി.വി മുസ്തഫ, സി അബൂബക്കര്‍ ഹാജി, കെ നൂര്‍ മുഹമ്മദ്, എ സുബ്രമണ്യന്‍, പാട്ടശ്ശേരി ബാപ്പുട്ടി ഹാജി, ബഷീര്‍ പാട്ടശ്ശേരി, കോയ പിലാശ്ശേരി, പി.വി അസീസ്, ഇസ്ഹാഖ് കൂളത്ത്, എ.കെ ഫൈസല്‍, അനീസ് പാട്ടശ്ശേരി സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Comments are closed.