1470-490

ആതുരാലയങ്ങൾക്ക് ഇനി ആശങ്ക വേണ്ട; അതിനൂതന സംരംഭവുമായി ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്

കോഴിക്കോട്: ദിനംപ്രതി പലവിധ വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യരംഗത്തിനു സാങ്കേതികതയുടെ ഗുണഫലങ്ങൾ പകർന്നു നൽകിക്കൊണ്ട് ഒരു പുത്തൻ ഉണർവേകുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്. അനുഭവസമ്പത്തുള്ള ജീവനക്കാരും, ഗുണനിലവാരമുള്ള ഉപകരണങ്ങളും മാത്രമല്ല, സാങ്കേതികവിദ്യയും ആതുരാലയങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, കേരളത്തിൽ ആദ്യമായി, ആതുരാലയങ്ങൾക്കുവേണ്ട എല്ലാവിധ സേവനങ്ങളും വിദഗ്ധോപദേശങ്ങളും ഒരു കുടക്കീഴിലൂടെ സമന്വയിപ്പിക്കുകയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷൻസ് എന്ന നൂതന സംരംഭം.

ശ്രീ. അജിത്ത് ഗോപാലകൃഷ്‌ണൻ, ശ്രീ. ബിജു വൈ.പി എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്, ഇതിനോടകം തന്നെ നിരവധി പ്രൊജെക്റ്റുകൾ ഏറ്റെടുക്കുകയും അവ പൂർത്തീകരിക്കുകയും ചെയ്യ്തു. ആതുര സേവന രംഗത്ത് പതിറ്റാണ്ടുകളുടെ അറിവും അനുഭവസമ്പത്തുമുള്ള ഹെൽത്ത് പ്രഫഷണലുകളെ കൂടാതെ പരിചയസമ്പന്നരായ ആർക്കിടെക്റ്റുകളും, നിയമോപദേശകരും, ഐ.ടി വിദഗ്ദ്ധരും ടെക് ക്വസ്റ്റിന്റെ ഭാഗമാണ്. ആതുരാലയങ്ങളുടെ ആശയ രൂപീകരണം മുതൽ സ്ഥാപനം പ്രവർത്തനമാരംഭിച്ച് കൈമാറുന്നത് വരെയുള്ള കാര്യങ്ങൾ ഒരു വിട്ടുവീഴ്ച്ചയും കൂടാതെ വിദഗ്ദ്ധ സംഘത്തിന്റെ സഹായത്തോടുകൂടി യാഥാർഥ്യവൽകരിക്കുകയാണ് ടെക് ക്വസ്റ്റിലൂടെ.

“ഇന്നത്തെ സാഹചര്യത്തിൽ, സ്വകാര്യ ആശുപത്രികളിലായാലും സർക്കാർ ആശുപത്രികളിലായാലും വിദഗ്ദ്ധ ചികിത്സയുടെയും ഗുണനിലവാരമുള്ള ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ലഭ്യതയിൽ ഒരു വിട്ടുവീഴ്ച്ചയും വന്നു കൂടാ. അതിനാൽ, ഞങ്ങളുടെ ഈ ഉദ്യമത്തിലൂടെ ആരോഗ്യമേഖലയിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങൾ നിലനിർത്തുവാനും അതിനായുള്ള ചിലവുകൾ ഏറ്റവും പരിമിതപ്പെടുത്തുവാനുമാണ് ശ്രമിക്കുന്നത്. സർക്കാർ ആശുപത്രികളോടൊപ്പംതന്നെ സ്വകാര്യ ആശുപത്രികൾക്കും ഈ സേവനം ഒരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെക് ക്വസ്റ്റ് ഇന്നോവേഷൻസ് സി.ഇ.ഒ ശ്രീ. ബിജു വൈ.പി പറഞ്ഞു.

“മെഡിക്കൽ രംഗത്ത് സാങ്കേതിക വിദ്യ സൃഷ്ടിച്ച പുരോഗതി ഉൾകൊണ്ടു മാത്രമേ ഇനി ആരോഗ്യരംഗം മുന്നോട്ടുപോകൂ. ആർട്ടിഫിഷ്യൽ ഇൻറലിജൻസും മെഷീൻ ലേണിങും ആശുപത്രികളുടെ അവിഭാജ്യഘടകമാകുന്ന കാലം വിദൂരമല്ല. ആ അനിവാര്യത ഉൾക്കൊള്ളാൻ ആതുരശുശ്രൂഷ രംഗവും പൊതുസമൂഹവും തയ്യാറാവുകയാണ് വേണ്ടതെന്ന്” ടെക് ക്വസ്റ്റ് ഇന്നോവേഷൻസ് ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. പി. മോഹനകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആതുരശുശ്രൂഷ രംഗത്ത് സാങ്കേതിക വിദ്യയുടെ പുതുപാഠങ്ങൾ സംസ്ഥാനത്തിന് പരിചയപ്പെടുത്തിയ പ്രമുഖ ആരോഗ്യ വിദഗ്ദ്ധൻ കൂടിയാണദ്ദേഹം.

സംസ്ഥാനത്തിലുടനീളം നിരവധി ചെറുകിട-ഇടത്തരം ആശുപത്രികളുണ്ടെങ്കിലും, അവയുടെ സേവനങ്ങൾ വേണ്ടവിധത്തിൽ ആവശ്യക്കാരിലേക്ക് എത്തുന്നില്ല. ടെക് ക്വസ്റ്റിന്റെ കമ്മീഷനിങ് ആൻഡ് ഓപ്പറേഷൻസ്‌ മാനേജ്മേന്റ് (COM ) ടീം അത്തരം ആശുപത്രികളെ അവയുടെ സൗകര്യങ്ങളും സേവനങ്ങളും നവീകരിക്കുന്നതിനും നിലവിലുള്ള ഓപ്പറേഷനൽ മാനേജ്മെൻറിനെ പിന്തുണയ്ക്കുന്നതിനും സജ്ജമാണ്.

“ഇത്തരം ചെറുകിട-ഇടത്തരം ആശുപത്രികൾ നിർദ്ദിഷ്ട ബജറ്റിൽ പൂർത്തീകരിക്കുന്നതിലൂടെയും പ്രവർത്തനനിരതമാക്കുന്നതിലൂടെയുംകൂടുതൽ ജനങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുവാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, അടുത്ത ഘട്ടങ്ങളിലായി ടെക് ക്വസ്റ്റിന്റെ സേവനങ്ങൾ ഇന്ത്യയിലുടനീളവും ആഗോളതലത്തിലും വ്യാപിപ്പിക്കുവാൻ ആണ് ലക്ഷ്യമിടുന്നതെന്നും” ടെക് ക്വസ്റ്റ് മാനേജിംഗ് ഡയറക്ടർ ശ്രീ. അജിത്ത് ഗോപാലകൃഷ്‌ണൻ അറിയിച്ചു.

പുതിയ ആശുപത്രി സ്ഥാപിക്കൽ, നിലവിലുള്ളതിന്റെ വിപുലീകരണം, ഏതു രീതിയിലുള്ള ആശുപത്രി, ഏതൊക്കെ സ്പെഷ്യാലിറ്റികൾ, എത്രയായിരിക്കണം ചിലവ് തുടങ്ങിയവയുടെ ശാസ്ത്രീയമായ വിശകലനവും പഠനവും. കൂടാതെ, മെഡിക്കൽ ഉപകരണങ്ങൾ, ഐടി മറ്റ് ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ എന്നിവയുടെ ലഭ്യത, ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കൽ, ജീവനക്കാരെ തീരുമാനിക്കൽ, പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിക്കൽ, ഐടി സംബന്ധമായ വിഷയങ്ങൾ പൂർത്തീകരിക്കൽ, ഫാർമസി സജ്ജീകരിക്കൽ, മാർക്കറ്റിംഗ് സംബന്ധമായ വിഷയങ്ങൾ തീരുമാനിക്കൽ, ജീവനക്കാർക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കൽ, എൻഎബിഎച്ച്, ജെസിഐ പോലുള്ള അക്രഡിറ്റേഷനുകൾക്കാവശ്യമായ നിബന്ധനകളും, പേപ്പർ വർക്കുകളും, പരിശീലനങ്ങളും, നിയമപരമായ രേഖകളുമെല്ലാം പൂർത്തീകരിക്കൽ തുടങ്ങി ഒരു 360 ഡിഗ്രി ഹെൽത്ത് കെയർ കൺസൾട്ടന്റ് തന്നെയാണ് ടെക് ക്വസ്റ്റ് ഇന്നോവേഷൻസ്.

Comments are closed.