തോറ്റിട്ടും തോറ്റിട്ടും പാഠം പഠിക്കാതെ ഗുരുവായൂരിലെ കോൺഗ്രസ്; ലീഡർ കെ.കരുണാകരന്റെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ ഗ്രൂപ്പ് തിരിഞ്ഞ് യൂത്ത് കോൺഗ്രസ് അനുസ്മരണം


ഗുരുവായൂർ: തോറ്റിട്ടും തോറ്റിട്ടും പാഠം പഠിക്കാതെ ഗുരുവായൂരിലെ കോൺഗ്രസ്. ലീഡർ കെ.കരുണാകരന്റെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ ഗ്രൂപ്പ് തിരിഞ്ഞ് യൂത്ത് കോൺഗ്രസ് അനുസ്മരണം. യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ നിന്നും ഒരു വിഭാഗം മണ്ഡലം ഭാരവാഹികൾ വിട്ടുനിന്നു. വിട്ടുനിന്നവർ മേഖല കമ്മിറ്റിയുടെ പേരിൽ സമാന്തര അനുസ്മരണം സംഘടിപ്പിച്ചു.
ലീഡറുടെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് കിഴക്കേ നടയിലാണ് അനുസ്മരണം സംഘടിപ്പിച്ചിരുന്നത്. ഇതേ സമയത്തു തന്നെ മല്ലിശേരി പറമ്പിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ ഒരു വിഭാഗം മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ സമാന്തര അനുസ്മരണം നടത്തുകയായിരുന്നു.
മേഖല കമ്മിറ്റിയുടെ പേരിലാണ് സമാന്തര പരിപാടി സംഘടിപ്പിച്ചതെങ്കിലും പങ്കെടുത്ത മണ്ഡലം ഭാരവാഹികളിൽ പലരും മണ്ഡലത്തിന്റെ വിവിധ ഭാഗങളിൽ നിന്നുള്ള ഭാരവാഹികളാണ്.
കിഴക്കേ നടയിൽ നടന്ന മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് നിഖിൽ.ജി.കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ചു. മല്ലിശേരി പറമ്പിൽ നടന്ന പരിപാടി നഗരസഭ കൗൺസിലറും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ സി.എസ്.സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ ആനന്ദ് രാമകൃഷ്ണൻ, എം.ജെ.ജോയൽ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.
കഴിഞ്ഞ നഗരസഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഗുരുവായൂരിൽ കോൺഗ്രസ് ദയനീയ തോൽവി ഏറ്റ് വാങ്ങിയിരുന്നു. നഗരസഭ തെരഞ്ഞെടുപ്പിൽ 43 വാർഡുകളിൽ 12 വാർഡുകളിലാണ് യുഡിഎഫിന് വിജയിക്കാനായത്. നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ഇവിടെ ഏറെ പിന്നിലായിരുന്നു. സ്ഥിരമായി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടും നേതാക്കൾ നടത്തുന്ന ഗ്രൂപ്പ് കളിയിൽ ഗുരുവായൂരിലെ കോൺഗ്രസ് പ്രവർത്തകർ അസന്തുഷ്ടരാണ്.
Comments are closed.