1470-490

ശ്രീരഥ് കൃഷ്ണന്‍

തൃശൂര്‍: തീരമേഖലയിലെ പ്രധാന നഗരമായ തിരൂര്‍ വഴി തൃശൂരിലേയ്ക്ക് കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന ആവശ്യത്തില്‍ ബസ് അനുവദിക്കുന്നതിനു മുന്‍പ് തന്നെ റൂട്ടിന്റെ കാര്യത്തില്‍ തര്‍ക്കം. തിരൂര്‍-തിരുനാവായ-കുറ്റിപ്പുറം വഴി തൃശൂരിലേയ്ക്ക് സര്‍വീസ് വേണമെന്നാണ് ചിലരുടെ ആവശ്യം. എന്നാല്‍ തിരൂര്‍-പൊന്നാനി-ചാവക്കാട്-വാടാനപ്പള്ളി വഴി തൃശൂരിലേയ്ക്ക് സര്‍വീസ് നടത്തണമെന്ന ആലോചനയാണ് കെഎസ്ആര്‍ടിസിയ്ക്കുള്ളത്. പ്രസ്തുത റൂട്ട് ദൂരം കുറവും കൂടുതല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നതിനാലുമാണ് സ്വീകാര്യമാകുന്നത്.
എന്തുകൊണ്ടാണ് കെഎസ്ആര്‍ടിസിയുടെ പ്ലാന്‍ ശരിയാവുന്നതെന്നു നോക്കാം. തിരൂര്‍-തിരുനാവായ-കുറ്റിപ്പുറം വഴി സര്‍വീസ് നടത്തുന്നത് കൂടുതല്‍ യാത്രക്കാര്‍ക്ക് സഹായകരമായിരിക്കില്ല. കാരണം തിരുനാവായയില്‍ നിന്നു കുറ്റിപ്പുറത്തേയ്ക്ക് 9 കിലോമീറ്റര്‍ മാത്രമാണ് ദൂരം. കുറ്റിപ്പുറം വഴി നിരവധി ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുമുണ്ട്. ഇനി തിരുനാവായയ്ക്കിപ്പുറമുള്ളവര്‍ക്കാകട്ടെ ബിപി അങ്ങാടിയിലേയ്ക്ക് എത്താനും കുറഞ്ഞ കിലോമീറ്ററേയുള്ളൂ.
തിരൂര്‍-പൊന്നാനി വഴി തൃശൂരിലേയ്ക്ക് സര്‍വീസ് നടത്തിയാല്‍ കൂടുതല്‍ യാത്രക്കാര്‍ക്കത് ഗുണം ചെയ്യും. മുന്‍പ് തിരൂര്‍-ഗുരുവായൂര്‍-തൃശൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി അനുവദിച്ചിരുന്നുവെന്നും ഇത് നഷ്ടത്തിലായതിനാല്‍ നിര്‍ത്തിയെന്നുമാണ് വാദം. എന്നാല്‍ പ്രസ്തുത റൂട്ട് തന്നെ അശാസ്ത്രീയമായതിനാലാണ് നഷ്ടത്തിലായത്. തിരൂരില്‍ നിന്നും ഗുരുവായൂര്‍ വഴിയാണ് പ്രസ്തുത ബസ് ഓടിയിരുന്നത്. മാത്രമല്ല ഈ ബസ് ഗുരുവായൂരില്‍ കൂടുതല്‍ സമയം ഹാള്‍ട്ടും ചെയ്തിരുന്നു. മൂന്നു മണിക്കൂറിനു മേലെയെടുത്ത് ഓടുന്ന ബസിനെ ദീര്‍ഘദൂര യാത്രക്കാര്‍ തള്ളുകയായിരുന്നു.
തിരൂര്‍-പൊന്നാനി- ചാവക്കാട്-വാടാനപ്പള്ളി റൂട്ടിലൂടെയായാല്‍ സമയത്തില്‍ വലിയ ലാഭമുണ്ടാകും. ഗുരുവായൂരിനെ ഒഴിവാക്കുന്നതു കൊണ്ടാണിത്. 50 കിലോമീറ്ററോളം ദൂരത്തുള്ളവര്‍ക്കാണ് യാത്രാപ്രശ്‌നത്തിന് പരിഹാരമാകുന്നത്. വെറും 15 കിലോമീറ്റര്‍ യാത്രക്കാരുടെ സൗകര്യം ഉയര്‍ത്തിക്കാട്ടിയുള്ള തിരുനാവായ വഴിയുള്ള ബസ് റൂട്ട് ആവശ്യം തള്ളി, പൊന്നാനി-ചാവക്കാട് വഴി തൃശൂരിലേയ്ക്ക് സര്‍വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Comments are closed.