1470-490

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ സിപിസി ജനറൽ സെക്രട്ടറിക്ക് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിവാദ്യസന്ദേശം അയച്ചു

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന(സി‌പി‌സി)യുടെ രൂപീകരണത്തിന്റെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് സി‌പി‌സിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യുടെ ഊഷ്മളമായ അഭിവാദ്യങ്ങൾ.
സിപിസി രൂപീകരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ്,
നിഷ്ഠൂരമായ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്ന ഇന്ത്യൻ പ്രദേശത്തിന് പുറത്തു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്. അതിനുശേഷം, ഇരുപതാം നൂറ്റാണ്ടിലുടനീളം ഉയർച്ച താഴ്ചകളുടെ വിവിധ ഘട്ടങ്ങളിൽ, സഹോദര കമ്യൂണിസ്റ്റ് പാർട്ടികളെന്ന നിലയിൽ, നമ്മുടെ ഇരു പാർട്ടികളും കമ്മ്യൂണിസ്റ്റ് സാഹോദര്യം നിലനിർത്തി
മാർക്സിസം-ലെനിനിസം ഒരു സർഗ്ഗാത്മക ശാസ്ത്രമാണെന്ന് സിപിഐ എം കരുതുന്നു. അന്തിമാർത്ഥത്തിൽ അത്‌ പ്രമാണവിരുദ്ധമാണ് . ഒരിക്കലും ഒരു കൂട്ടം ഫോർമുലകളായി മാർക്സിസം-ലെനിനിസത്തെ ചുരുക്കാൻ കഴിയില്ല. ഒരു സർഗ്ഗാത്മക ശാസ്ത്രം എന്ന നിലയിൽ, അതിന്റെ വിപ്ലവതത്വങ്ങളും വിമോചനലക്ഷ്യങ്ങളും കർശനമായി ഉറച്ചു പിന്തുടരുമ്പോൾ തന്നെ, ഓരോ രാജ്യത്തും ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂർത്ത സാഹചര്യങ്ങൾക്ക് അനുസൃതമായി അതിനെ രൂപപ്പെടുത്തേണ്ടതുണ്ട്. ലെനിൻ പറഞ്ഞതുപോലെ “മൂർത്ത സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനമാണ് വൈരുദ്ധ്യാത്മകതയുടെ സത്ത”. മാർക്സിസം-ലെനിനിസത്തിന്റെ ഈ സർഗ്ഗാത്മകത, ചൈനയിൽ ലഭ്യമായ മൂർത്ത സാഹചര്യങ്ങൾക്ക് അനുസൃതമാക്കി മാറ്റിയതിന്റെ തെളിവാണ് സിപിസിയുടെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം.
റഷ്യൻ വിപ്ലവത്തിന്റെ പ്രചോദനത്തിലും അനുഭവത്തിലും നിന്ന്, അത്തരമൊരു പ്രയോഗത്തിലൂടെ സിദ്ധാന്തത്തിലും പ്രയോഗത്തിലും നൂതനമായ മാർഗ്ഗം വികസിപ്പിച്ചെടുക്കുകയും അതുവഴി ദേശീയ വിമോചനസമരത്തിന്റെ നേതൃത്വം വിജയകരമായി ഏറ്റെടുക്കുന്നതിനും സിപിസിക്ക് സാധിച്ചു. ഇത് ഒടുവിൽ സോഷ്യലിസ്റ്റ് ചൈന, അഥവാ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നതിലേക്ക് നയിച്ചു. ഈ നീണ്ട ചരിത്രത്തിൽ, ഓരോ ഘട്ടത്തിലും സി‌പി‌സിക്ക് നിരവധി പരീക്ഷണങ്ങൾക്കും കഷ്ടതകൾക്കും വിധേയരാകേണ്ടി വന്നു. തെറ്റുകൾ സംഭവിച്ചത് കണ്ടെത്തുവാനും തിരുത്തുവാനും സോഷ്യലിസ്റ്റ് ചൈനയുടെ ഏകീകരണത്തിന് വഴിയൊരുക്കുവാനും സാധിച്ചു. സാമൂഹ്യ പ്രക്ഷുബ്ധതയുണ്ടാക്കിയ സംഭവങ്ങൾ ഉൾപ്പെടെ നിരവധി കയ്പേറിയ പോരാട്ടങ്ങൾ നടന്നിരുന്നു, എന്നാൽ അത്തരം തെറ്റുകൾ തിരുത്തുന്നതിലും ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കുന്നതിലും സിപിസി വിജയിച്ചു.
പിഴവുകൾ കണ്ടെത്തുകയും തിരുത്തുകയും ആവർത്തിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയെന്നത് ജനങ്ങളുടെ വിമോചനത്തിനായുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അടിസ്ഥാനമാണെന്നത് സി‌പി‌സിയുടെ അനുഭവം സ്ഥിരീകരിക്കുന്നു. ഈ നവീകരണ പ്രക്രിയയിലൂടെ, സ്വയം വിമർശനാത്മക വിലയിരുത്തലിനും തിരുത്തലിനുമുള്ള ധീരമായ ഒരു യാത്രക്ക് 1978ലെ പരിഷ്കരണങ്ങളിലൂടെ സിപിസി തുടക്കം കുറിച്ചു. ഇതിന്റെ അതിശയകരമായ ഫലങ്ങൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്. പരിഷ്കരണങ്ങളുടെയും തുറന്നുകൊടുക്കലിന്റെയും ഈ പ്രക്രിയ, മാർക്സിസം-ലെനിനിസത്തിന്റെ വിപ്ലവകരമായ സിദ്ധാന്തങ്ങളാൽ നയിക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്; സാധ്യമായ എല്ലാവിധത്തിലും സോഷ്യലിസത്തെ ദുർബലപ്പെടുത്താനും തുരങ്കംവെയ്ക്കാനും തക്കം പാർത്തിരിക്കുന്ന ശത്രുക്കൾക്ക് ഒരവസരവും നൽകില്ലെന്നും ഞങ്ങൾക്കുറപ്പുണ്ട്. ഈ ദശകങ്ങളിലെ പരിഷ്കരണങ്ങളിലും തുറന്നുകൊടുക്കലിലും, സോഷ്യലിസത്തെ ദുർബലപ്പെടുത്തുകയെന്ന സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം സ്വീകരിച്ച് പിആർസിയെ ഉന്നംവെച്ച എല്ലാ എതിരാളികളെയും സിപിസി വിജയകരമായി നേരിട്ടു. കോവിഡാനന്തര ലോകത്തെ രൂപപ്പെടുത്താനുള്ള സാമ്രാജ്യത്വ ശ്രമങ്ങളായും ഈ വർഗ്ഗവൈരുധ്യം തുടരും. അത്തരം ഗൂഢാലോചനകളെ പരാജയപ്പെടുത്തുന്നതിൽ സിപിസിക്ക് എല്ലാ വിജയവും ആശംസിക്കുന്നു.
സാരാംശത്തിൽ മനുഷ്യത്വരഹിതമായ മുതലാളിത്തത്തിന് മനുഷ്യ ചൂഷണത്തിൽ നിന്നും വ്യവസ്ഥാപരമായ ആന്തരികപ്രതിസന്ധികളിൽ നിന്നും വിമുക്തമായ ഒരു സംവിധാനമാകാൻ കഴിയില്ലെന്ന മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ധാരണ ഇന്നത്തെ ലോകം സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അതിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം ലാഭം പരമാവധിയാക്കുകയും അതിനാൽ ചൂഷണം വർദ്ധിപ്പിക്കുകയും ചെയ്യുകയെന്നതാണ്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച പ്രതിസന്ധിയിൽ . നിന്ന് ഉയർന്നുവരാൻ ലോക മുതലാളിത്തത്തിന് കഴിവില്ലെന്ന് 21-ാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാവുകയും മാന്ദ്യത്തിലേക്ക് നീങ്ങുകയും ചെയ്തുകൊണ്ടിരുന്ന ഘട്ടത്തിൽ, കോവിഡ് മഹാമാരി വരികയും, ഇതിനകം തകർന്നുകൊണ്ടിരിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥയെ അത്‌ തകർക്കുകയും ചെയ്തു. അന്താരാഷ്ട്ര ധനമൂലധനത്താൽ നയിക്കപ്പെടുന്ന സാമ്രാജ്യത്വ നവലിബറൽ ആഗോളവൽക്കരണം ഇതിന് പരിഹാരം കണ്ടെത്തുന്നതിലെ സ്വന്തം പാപ്പരത്തം കാണിക്കുകയാണ്.
കോവിഡ് മഹാമാരിയെ പിആർസി കൈകാര്യം ചെയ്യുകയും പിടിച്ചുകെട്ടുകയും ചെയ്ത മാതൃകാപരമായ രീതിയും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സാമൂഹ്യജീവിതവും സമ്പദ്‌വ്യവസ്ഥയും വീണ്ടും തുറന്ന് സമ്പദ്‌വ്യവസ്ഥയെ വളർച്ചാപാതയിലേക്ക് തിരിച്ചുവിട്ടതും, മുതലാളിത്തത്തേക്കാൾ മികച്ച ഒരു സംവിധാനമെന്ന നിലയിൽ സോഷ്യലിസത്തിന്റെ ശ്രേഷ്ഠത സ്ഥാപിക്കുന്നതിനുള്ള പാഠമാണ്. 2020 ഓടെ സമ്പൂർണ്ണ ദാരിദ്ര്യം ഇല്ലാതാക്കാനും, പ്രതിവർഷം ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ തൊഴിലില്ലായ്മ കുറയ്ക്കാനും, ആരോഗ്യസംരക്ഷണ സംവിധാനം ശക്തിപ്പെടുത്താനും ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പടുക്കുവാനും ചൈനയ്ക്ക് സാധിച്ചത് സിപിസി തുടങ്ങിവച്ച ഇത്തരം നടപടികൾ കാരണമാണ്.
ഗവേഷണത്തിലും വികസനത്തിലും നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളുടെ രൂപത്തിൽ ചൈന ലാഭവിഹിതം കൊയ്യുകയാണ്. അസമത്വങ്ങളും അഴിമതിയും ഉന്മൂലനം ചെയ്യാനും ജീവിതനിലവാരം ഉയർത്താനുമുള്ള നിങ്ങളുടെ ശ്രമങ്ങൾ പ്രശംസനീയമാണ്.
നിങ്ങളുടെ വിജയങ്ങളെ പ്രശംസിക്കുകയും സ്വയം വിമർശനാത്മകമായ തിരുത്തലുകളിൽ നിന്ന് പഠിക്കുകയും ചെയ്യുമ്പോൾ, 2049 ഓടെ ‘സമൃദ്ധവും ശക്തവും ജനാധിപത്യപരവും സാംസ്കാരികമായി മുന്നേറുന്നതും യോജിപ്പുമുള്ളതുമായ ഒരു ആധുനിക സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കുക’ എന്ന നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള വിപ്ലവാശംസകൾ അറിയിക്കുന്നു.

Comments are closed.