1470-490

തിരുവനന്തപുരം: ക്വാളിറ്റി മെമ്പർഷിപ്പിൽ നിന്നും ക്വാണ്ടിറ്റി മെമ്പർഷിപ്പിലേയ്ക്ക് കടന്ന സിപിഎം തെറ്റ് തിരുത്തുന്നു. ഇനി മുതൽ അംഗത്വം നൽകുന്നതിന് കർശന നിയന്ത്രണം. നിലവിലുള്ളവരെയും തിരുത്തും.സംഘടനാപ്രവർത്തനം
ജനകീയവും മാതൃകാപരവുമാക്കും. ജനങ്ങൾ അംഗീകരിക്കാത്തവരുമായി പാർട്ടി അംഗങ്ങളുടെ ചങ്ങാത്തം വിലക്കാനാണ് തീരുമാനം.

അടുത്ത സംസ്ഥാനകമ്മിറ്റിയിൽ ഇതിനുള്ള നിർദേശങ്ങൾ നൽകും. സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി ചില പാർട്ടി അംഗങ്ങൾക്കുള്ള അടുപ്പം വെളിപ്പെട്ട പശ്ചാത്തലത്തിലാണിത്.

സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പാർട്ടി മാർഗരേഖ ഏർപ്പെടുത്തും. നേരത്തേയും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മാർഗരേഖ പാർട്ടി തയ്യാറാക്കിയിരുന്നു.

ജനങ്ങളുടെ പ്രശ്നങ്ങളും പ്രതികരണങ്ങളും ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നാണ് പാർട്ടിനിർദേശം. പ്രാദേശികമായി ജനങ്ങളുമായി ചേർന്നുനിന്ന് പ്രവർത്തിക്കുന്നവരാകണം അംഗങ്ങളെന്നാണ് പാർട്ടി നിർദേശിക്കുന്നത്.

ക്രിമിനൽപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ദുഷ്പ്രവണതകൾക്ക് അടിപ്പെട്ടവർ, ബ്ലേഡ്-ക്വട്ടേഷൻ സംഘങ്ങൾ എന്നിവരുമായൊന്നും പാർട്ടി അംഗങ്ങൾക്ക് ബന്ധമുണ്ടാകാൻ പാടില്ലെന്ന വ്യവസ്ഥ കർശനമാക്കും.

വോട്ടുകണക്കിൽ സൂക്ഷ്മപരിശോധന

തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കാൻ സി.പി.എം. സംസ്ഥാനസമിതി ജൂലായ് 9, 10 തീയതികളിൽ ചേരും. ജില്ലകളിൽനിന്നുള്ള റിപ്പോർട്ട് ജൂലായ് 7, 8 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടാകും സംസ്ഥാനസമിതിയിൽ അവതരിപ്പിക്കുക.

ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ശക്തമായി ഉണ്ടായപ്പോഴും ചില ശക്തികേന്ദ്രങ്ങളിൽ വോട്ടുചോർന്നത് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. കുണ്ടറയിലെയും തൃപ്പൂണിത്തുറയിലെയും പരാജയവും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി മാറിയിട്ടുണ്ടെന്ന പൊതുവിലയിരുത്തലിന്റെ വ്യാപ്തി, വോട്ടുചോർച്ചയുടെ മറ്റുകാരണങ്ങൾ, വീഴ്ചകൾ എന്നിവയെല്ലാം ഇപ്പോഴത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

Comments are closed.