സർക്കാർ ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ സി.പി.എം. നേതാക്കൾക്ക് ഊജ്ജ്വല വരവേൽപ്പ്.
കുന്നംകുളം: സർക്കാർ ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ സി.പി.എം. നേതാക്കൾക്ക് ഊജ്ജ്വല വരവേൽപ്പ്. ആർ.എസ്.എസ്. പ്രവർത്തകൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന സി.പി.എം നേതാക്കളായ എം.ബാലാജി, എം.എൻ. മുരളിധരൻ, മുഹമ്മദ് ഹാഷിം എന്നിവരാണ് സർക്കാർ ഉത്തരവ് പ്രകാരം ജയിൽ മോചിതരായത്. കണ്ണൂർ സെൻട്രൽ ജയിലിലെ നടപടികൾ പൂർത്തീകരിച്ച് ജൻമനാട്ടിലെത്തിയ നേതാക്കൾക്ക് പാർട്ടി പ്രവർത്തകർ ആവേശകരമായ വരവേൽപ്പാണ് നൽകിയത്. പെരുമ്പിലാവിലാണ് നേതാക്കൾക്ക് പ്രവർത്തകർ സ്വീകരണമൊരുക്കിയത്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയുടെ ശുപാർശയിൽ ജയിൽ മോചനമനുവദിച്ചുള്ള മന്ത്രിസഭ തിരുമാനത്തിൽ ഗവർണ്ണർ ഒപ്പുവെച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഉത്തരവിറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ആവേശകരമായ പ്രതികരണമാണ് പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായത്. എം. ബാലാജിക്ക് അഭിവാദ്യമർപ്പിച്ച പോസ്റ്റുകളാണ് നവ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് നിറഞ്ഞത്. ബാലാജിയുടെ തിരിച്ച് വരവ് വലിയ ആവേശമാണ് പാർട്ടി പ്രവർത്തകരിലും അനുഭാവികളിലുമുണ്ടാക്കിയിരിക്കുന്നത്. സാധാരണ പ്രവർത്തകരോട് പോലും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുകയും, സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കുകയും ചെയ്യുന്ന സി.പി.എമ്മിലെ ജനകീയ മുഖങ്ങളിൽ പ്രധാന നേതാവാണ് ബാലാജി. അതുകൊണ്ട് തന്നെ പാർട്ടിയുടെ താഴെക്കിടയിലുള്ള പ്രവർത്തകർക്കും അനുഭാവികൾക്കുമിടയിൽ ബാലാജിയുടെ തിരിച്ചു വരവ് പുതിയആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്. നാല് വർഷത്തിലേറെ നീണ്ട ശിക്ഷയ്ക്ക് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ബാലാജി മടങ്ങിയെത്തുന്നതോടെ കുന്നംകുളത്തെ സി.പി.ഐ.എമ്മിന് പുത്തൻ ഉണർവ്വാണുണ്ടാകുക.

Comments are closed.