
ശ്രീരഥ് കൃഷ്ണൻ
തൃശൂര്‍: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അണ്‍ലോക്ക് നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടും ഇരുണ്ട ഇടനാഴിയായി കടലുണ്ടി-തിരൂര്‍-തൃശൂര്‍ റൂട്ട്. അണ്‍ലോക്ക് നടപടികളുമായി കെഎസ്ആര്‍ടിസി മുന്നോട്ടു പോകുമ്പോഴും കടലുണ്ടി-തിരൂര്‍-ചമ്രവട്ടം-തൃശൂര്‍ റൂട്ടില്‍ ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. മുന്‍പും പ്രസ്തുത റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടായിരുന്നില്ല. എങ്കിലും ആവശ്യത്തിന് സ്വകാര്യബസുകളുള്ളതിനാല്‍ യാത്രക്കാര്‍ക്കും വ്യാപാര രംഗത്തുള്ളവര്‍ക്കും കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. രണ്ടാം തരംഗത്തിനു ശേഷം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താതായതോടെ ഇലക്ട്രോണിക്‌സ് വാണിജ്യമേഖലയായ തിരൂരിനെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ ദുരിതത്തിലായി.
കലടുണ്ടി-തിരൂര്‍-പൊന്നാനി വഴി നിലവില്‍ ഒരുപാട് കെഎസ്ആര്‍ടിസി സര്‍വീസുകളുണ്ടെങ്കിലും തൃശൂരിലേയ്ക്കുള്ള യാത്ര സാധ്യമല്ല. മുന്‍പും തൃശൂരിലേയ്‌ക്കെത്തണമെങ്കില്‍ ഒന്നുകില്‍ ഗുരുവായൂരില്‍ ചെന്ന് സ്വകാര്യ ബസിനെ ആശ്രയിക്കണം. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളില്ലാത്തതിനാലാണ് സ്വകാര്യ സര്‍വീസുകളെ ആശ്രയിക്കേണ്ടി വരുന്നത്. കടലുണ്ടി, പരപ്പനങ്ങാടി മേഖലയിലുള്ളവര്‍ക്ക് ദേശീയപാതയിലേയ്ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കണം. താനൂരിലുള്ളവര്‍ക്ക് വെന്നിയൂരിലേക്കോ കുറ്റിപ്പുറത്തേയ്‌ക്കോ സ്വകാര്യ ബസുകളെ ആശ്രയിക്കണം. തിരൂരിലുള്ളവര്‍ക്കും കുറ്റിപ്പുറം വഴി മാത്രമാണ് തൃശൂര്‍ മേഖലയിലേയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. മാത്രമല്ല തിരൂരില്‍ നിന്നും ദീര്‍ഘമായ ഇടവേളകളിലാണെങ്കിലും തൃശൂരിലേയ്ക്ക് സ്വകാര്യ ബസുകളുണ്ടായിരുന്നു.
സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കിയതോടെയാണ് തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിനെ ആശ്രയിക്കുന്നവരും യാത്രക്കാരും പ്രതിസന്ധിയിലായത്. നിലവില്‍ എണറാകുളത്ത് നിന്നും ചേര്‍ത്തലയില്‍ നിന്നും ഗുരുവായൂരില്‍ നിന്നുമെല്ലാം തിരൂര്‍ വഴി കോഴിക്കോട്ടേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുണ്ട്. എന്നാല്‍ തൃശൂരില്‍ നിന്നുമൊരു സര്‍വീസ് ഇതുവരെയില്ലാത്തതാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്.
തൃശൂരില്‍ നിന്നും വാടാനപ്പള്ളി-ചാവക്കാട്-പൊന്നാനി-തിരൂര്‍-കടലുണ്ടി വഴി കോഴിക്കോട്ടേയ്ക്ക് സര്‍വീസുകള്‍ നടത്തിയാല്‍ പ്രസ്തുത മേഖലയില്‍ നിന്നും തൃശൂരിലേയ്ക്കുള്ള യാത്ര സുഖമമാകും. സ്വകാര്യ സര്‍വീസുകളുടെ കാര്യം തീരുമാനത്തിലാകാത്ത സാഹചര്യത്തില്‍ തൃശൂര്‍-തിരൂര്‍ വഴി കോഴിക്കോട്ടേയ്ക്കും തിരിച്ചും കൂടുതല്‍ ബസുകള്‍ അനുവദിക്കാന്‍ എംഎല്‍എയും മന്ത്രി വി. അബ്ദുറഹിമാനും അടിയന്തരമായി ഇടപെടണമെന്നാണ് ഗള്‍ഫ് മാര്‍ക്കറ്റ് വ്യാപാരികളുടെയും മേഖലയിലെ യാത്രക്കാരുടെയും ആവശ്യം.
Comments are closed.