വികസനം ഒരവലോകനം
ആധുനിക സംവിധാനത്തിലുള്ള റോഡും പാലവും നിർമിക്കുന്നതോടെ നാട് വികസിക്കുമെന്നും ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുമെന്നുമുള്ള ധാരണയോടെയായിരുന്നു മുൻകാല സർക്കാറുകൾ പ്രവർത്തിച്ചിരുന്നത്. ജനങ്ങളുമായി ബന്ധപ്പെടാൻ അവസരം ലഭിക്കുന്ന സന്ദർഭങ്ങളിലൊക്കെയും നിർമ്മിച്ചു കഴിഞ്ഞതും നിർമ്മാണത്തിലിരിക്കുന്നതും നിർമ്മിക്കാനുദ്ദേശിക്കുന്നതുമായ റോഡുകളും പാലങ്ങളുമാണ് സർക്കാറിൻ്റെ ഭരണ നേട്ടമായി ഭരണകർത്താക്കൾ ചൂണ്ടി ക്കാണിച്ചു കൊണ്ടിരുന്നത്.
എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ വികസന പദ്ധതികളാണ് ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കിയത്. അതിൻ്റെ ഭാഗമെന്ന നിലയിൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താവും ഉപയോക്താവുമാവാൻ സംസ്ഥാനത്തെ സാധാരണക്കാരനും അവസരമുണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. അതേ സമയം അത്യാധുനിക നിലവാരത്തിലുള്ള റോഡും പാലവും ഉൾപ്പടെയുള്ള വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിറകോട്ടു പോയില്ല എന്നതും ശ്രദ്ധേയമാണ്.
പിണറായി സർക്കാർ അധികാരത്തിൽ എത്തുന്നതു വരെയുള്ള കാലയളവിൽ സർക്കാർ തലത്തിൽ ഉന്നത നിലവാരവും ആധുനിക സംവിധാനങ്ങളുമുള്ള വിദ്യാലയങ്ങളും സ്വകാര്യ ആശുപത്രികൾക്കു സമാനമായ സൗകര്യങ്ങളും സേവനങ്ങളും ലഭിക്കുന്ന സർക്കാർ ആശുപത്രികളുമെല്ലാം സാധാരണക്കാരൻ്റെ സങ്കൽപങ്ങളിൽ പോലും ഇടമില്ലാത്തതായിരുന്നു. റോഡും പാലവും അനുബന്ധ ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുന്നതോടൊപ്പം തന്നെ സംസ്ഥാനത്തെ സാധാരണക്കാരൻ്റെ ആശ്രയമായ പ്രാഥമികാരോഗ്യകേന്ദ്രംമുതൽ മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ചികിത്സാലയങ്ങളും അങ്കണവാടികൾ മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാലയങ്ങളും രാജ്യത്തിന് മാതൃകയാവും വിധം ഉയർത്തിക്കൊണ്ടുവരാൻ സർക്കാറിനു സാധിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവം തന്നെയാണ്.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരും കുറഞ്ഞ വരുമാനമുള്ളവരുമായ തുകൊണ്ട് അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടല്ലാതെ സംസ്ഥാനത്തിന് പുരോഗതി കൈവരിക്കാനാവില്ലെന്ന കാഴ്ചപ്പാടിൻ്റെ ഭാഗമായി നടപ്പാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതികളും പെൻഷൻ വിതരണവുമെല്ലാം ഒന്നാം പിണറായി സർക്കാറിന് ബഹുജന പിന്തുണയും സ്വീകാര്യതയും വർദ്ധിക്കാൻ കാരണമായി എന്നതും വസ്തുതയാണ്.ഇക്കഴിഞ്ഞ നിയമ സഭാതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഇരുപക്ഷത്തെയും സ്ഥാനാർത്ഥികൾ സമ്മതിദായകർക്കു മുമ്പാകെ സംസാരിച്ചതും മേൽപറഞ്ഞ വികസന പദ്ധതികളെ കുറിച്ചും സാമുഹ്യ സുരക്ഷാ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ചുമെല്ലാമായിരുന്നു. തങ്ങൾക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽ ഒരിടത്തു പോലും നടപ്പാക്കാത്ത ന്യായ് പദ്ധതി നടപ്പാക്കുമെന്നു ഐക്യജനാധിപത്യ മുന്നണിയ്ക്കു വേണ്ടികോൺഗ്രസിൻ്റെ ഉന്നത നേതാവായ ശ്രീ രാഹുൽ ഗാന്ധി പ്രഖാപിച്ചതിൻ്റെ പ്രധാന കാരണവും പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി നടപ്പാക്കിയതിലൂടെ പിണറായി സർക്കാറിന് ബഹുജന പിന്തുണ നേടിയെടുക്കാനായിട്ടുണ്ടെന്ന തിരിച്ചറിവിൻ്റെ ഭാഗമായിട്ടായിരുന്നു.
സ്വന്തമായി വാസയോഗ്യമായൊരു ഭവനമുണ്ടാവുക എന്നത് ഏതൊരു മനുഷ്യൻ്റെയും ആഗ്രഹമാണ്. ദൈനംദിന ചെലവുകൾ കഴിച്ച് സ്വപ്ന ഭവനം സാക്ഷാൽക്കരിക്കുന്നതിനാവശ്യമായ പണം നീക്കിവെയ്ക്കാൻ ശേഷിയില്ലാത്ത അനേകായിരങ്ങളാണ് സംസ്ഥാനത്തുള്ളത്. പോയ കാലത്തെ സർക്കാറുകൾ വിവിധ പദ്ധതികൾ പ്രകാരം ഭവന നിർമാണത്തിനായി പണം അനുവദിച്ചിരുന്നെങ്കിലും അവയൊന്നും ഭവനനിർമാണത്തിന് മതിയായതായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതേ സമയം ഒന്നാം പിണറായി സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ ലൈഫ്മിഷൻ പദ്ധതി സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായിരുന്നു.
ഗുണഭോക്താക്കളുടെ പട്ടികയിൽ ഇടം ലഭിച്ചവർക്കെല്ലാം സ്വന്തമായി ഭവനമുണ്ടായി എന്നതാണ് മറ്റു ഭവന പദ്ധതികളിൽ നിന്നും ലൈഫ്മിഷൻ പദ്ധതി വേറിട്ടു നിൽക്കാൻ ഹേതുവായിട്ടുള്ളത്.
ചുരുക്കത്തിൽ ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ ജനഹിത പദ്ധതികൾക്ക് ലഭിച്ച പൊതു സ്വീകാര്യതയും പിന്തുണയും മുൻകാല സർക്കാറുകൾക്കൊന്നും അവകാശപ്പെടാൻ കഴിയാത്ത തരത്തിലുള്ളതായിരുന്നു എന്നത് നിഷേധിക്കാനാവാത്തതാണ്.ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജനങ്ങൾക്കുമുമ്പാകെ പറഞ്ഞതും ഇത്തരം പദ്ധതികൾ വിപുലമായ നിലയിൽ തുടരും എന്നു തന്നെയായിരുന്നു. വലതുപക്ഷത്തിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലേറെയും ഇടതുപക്ഷം നടപ്പാക്കിയ പദ്ധതികളുടെ പേര് മാറ്റിയ പകർപ്പുകളായിരുന്നു എന്നതു തന്നെ ആ പദ്ധതികൾ ജനപക്ഷപദ്ധതികളായിരുന്നു എന്നതിൻ്റെ മികച്ച ഉദാഹരണമായി കാണാവുന്നതാണ്.
ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെയും ജനക്ഷേമ പ്രവർത്തനങ്ങളുടെയും ഗുണഫലം 140 മണ്ഡലങ്ങളിലും ഉറപ്പുവരുത്തണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചിരുന്നതെന്ന കാര്യം തർക്കരഹിതമാണ്. വികസന പദ്ധതികളിൽ നിന്നുംതൻ്റെ മണ്ഡലത്തെ മാറ്റി നിർത്തിയെന്ന് അവകാശപ്പെടാൻ അവസരമില്ലാത്ത വിധമാണ് ഓരോ മണ്ഡലത്തിലുംസർക്കാർ ഫണ്ടുകൾ അനുവദിച്ചിരുന്നത്. കിഫ്ബി ഫണ്ടും ലൈഫ്മിഷൻപദ്ധതിയും വിദ്യാലയങ്ങൾ ആധുനികവൽക്കരിക്കുന്നതിനാവശ്യമായ പണവും ആതുരാലയങ്ങളിൽ കാലാനുസൃതമായ ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കാനാവശ്യമായ ഫണ്ടും ലഭിക്കാത്ത ഒരു മണ്ഡലം പോലുമില്ല എന്നത് വിമർശകർ പോലും അംഗീകരിക്കുന്നതാണ് പൊതുജനം കണ്ടത്. അതോടൊപ്പം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിമാർ ഭരണമികവിൻ്റെ അടിസ്ഥാനത്തിൽ ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങൾക്കർഹരാവുന്നതും ജനം കണ്ടിട്ടുള്ളതാണ്.
ഒന്നാം പിണറായി സർക്കാറിൽ ആരോഗ്യ വകുപ്പ്മികച്ച നിലയിൽ കൈകാര്യം ചെയ്തതിൻ്റെ പേരിൽ കെ കെ ശൈലജ MLA യെ കഴിഞ്ഞ ദിവസം സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ (സി.ഇ.യു) ഓപ്പൺ സൊസൈറ്റി പുരസ്കാരം തേടിയെത്തിയതു തന്നെ ആ മേഖലയിൽ സർക്കാറിൻ്റെ പ്രവർത്തനങ്ങൾ എത്രത്തോളം മികച്ചതായിരുന്നു എന്നതിൻ്റെ തെളിവാണ്. അതേ സമയം ആരോഗ്യ,ഭവന പദ്ധതികളുടെ ഗുണഫലം അനുഭവിക്കാൻ അവസരമില്ലാതെ പോയ ചിലരും സംസ്ഥാനത്തുണ്ടെന്നത് വസ്തുതയാണ്.
അവശരായ രക്ഷിതാക്കൾക്കൊപ്പം പ്രായപൂർത്തിയായ പെൺമക്കൾ സുരക്ഷിതമല്ലാത്ത വീടുകളിൽ ഭയാശങ്കയോടെ കഴിഞ്ഞുകൂടുന്ന വാർത്തകൾ സോഷ്യൽ മീഡിയകളിൽ ദിവസവും ചർച്ച ചെയ്യപ്പെടാറുള്ളതാണ്. അത്തരം കുടുംബങ്ങളെ ലക്ഷ്യം വെച്ച് നടപ്പാക്കിയ ലൈഫ് ഭവനപദ്ധതിയിൽ അവർ ഉൾപ്പെടാതെ പോയതിൻ്റെ യഥാർത്ഥ കാരണം ഉദ്യോഗസ്ഥരുടെ അലംഭാവവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരുടെയും മണ്ഡലം എം എൽ എ മാരുടെയും സർക്കാർ വിരുദ്ധ മനോഭാവം തന്നെയാണ്.വടക്കാഞ്ചേരി മണ്ഡലത്തിൽ അതാണ് കണ്ടത്.
ഭവന നിർമ്മാണ പദ്ധതികളുടെ കാര്യത്തിലെന്ന പോലെ സർക്കാർ ആശുപത്രികളുടെ കാര്യത്തിലും ഇത്തരം സമീപനങ്ങൾ സ്വീകരിച്ച ജനപ്രതിനിധികളെ കാണാവുന്നതാണ്. ഏറനാട് മണ്ഡലത്തിലെ ഏക താലൂക്ക് ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രി വികസിക്കാതെ പോയതിൻ്റെ പിന്നിൽ മണ്ഡലം എം എൽ എ പി കെ ബഷീറിൻ്റെ സർക്കാർ വിരുദ്ധ സമീപനമാണെന്ന യാഥാർത്ഥ്യം ഏതാനും ദിവസം മുൻപ് പത്രവാർത്ത വന്നതിനെ തുടർന്നാണ് ജനം അറിഞ്ഞത്.താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി കേന്ദ്രമാക്കുന്നതിന് 2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ 25 കോടി രൂപ അനുവദിക്കുകയും സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ചതിനു ശേഷം കെട്ടിട നിർമാണ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തിരുന്നതാണ്. താൻ അറിയാതെ തൻ്റെ മണ്ഡലത്തിൽ ഭരണപക്ഷ രാഷ്ട്രീയപാർട്ടിയുടെ ഇടപെടൽമൂലം അനുവദിക്കപ്പെട്ട പദ്ധതി മരവിപ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയിൽ പി കെ ബഷീർ ആവശ്യപ്പെട്ടതോടെയാണ് പദ്ധതി നിലച്ചത്. ആർദ്രം മിഷൻ്റെ ഭാഗമായി അരീക്കോട് താലൂക്കാശുപത്രിയും ഉൾപ്പെടുത്തണമെന്ന് പ്രദേശത്തെ ഭരണപക്ഷ പാർട്ടിയുടെ അഭ്യർത്ഥന അരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് അംഗീകരിച്ചതിനെ തുടർന്ന് അരീക്കോട് താലൂക്കാശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ആശുപ്രതിയാക്കാനുള്ള നടപടികൾക്ക് പൊതുമരാമത്ത് കെട്ടിടവിഭാഗം നടപടികൾ ആരംഭിച്ചിരിക്കുകയാണ്.ഇത് ഒറ്റപ്പെട്ട സംഭവമോ ഏറനാട് മണ്ഡലത്തിൽ മാത്രമായി സംഭവിച്ചിട്ടുള്ളതോ അല്ല.സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും ഇത്തരം അനുഭവങ്ങൾ വാർത്തയായിട്ടുണ്ട്.
സർക്കാർ പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതുമായ വികസന പദ്ധതികളും ജനക്ഷേമ പരിപാടികളും ജനങ്ങൾക്ക് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും കക്ഷിരാഷ്ട്രീയ വിരോധം മൂലം നിലച്ചുപോവാതിരിക്കുന്നതിനാവശ്യമായ നപടികൾ സ്വീകരിക്കേണ്ടതുമെല്ലാം സർക്കാർ തന്നെയാണ്. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി, താലൂക്ക് – ജില്ലാതല വികസന സമിതി തുടങ്ങിയ ഒട്ടേറെ സമിതികൾക് സർക്കാർ രൂപം നൽകിയതും ഇത്തരം സംവിധാനങ്ങളിൽ ഉദ്യാഗസ്ഥ പ്രാതിനിധ്യം ഉറപ്പു വരുത്തിയതുമെല്ലാം അതാതു കാലത്തെ സർക്കാറുകൾ നടപ്പാക്കുന്ന വികസന പദ്ധതികൾ കുറ്റമറ്റ നിലയിലും കാലതാമസം കൂടാതെയും നടപ്പാക്കണമെന്ന ഉദ്ദേശത്തോടെയാണന്നിരിക്കെ വികസനങ്ങൾ മരവിപ്പിക്കുന്നതിനു നുള്ള ഇടമായി അവ മാറുന്നുണ്ടെന്നു കണ്ടാൽ ഇത്തരം സംവിധാനങ്ങൾ നിലനിർത്തേണ്ടതുണ്ടോ എന്ന കാര്യത്തിലും ഗൗരവതരമായ ആലോചനകൾ സർക്കാർ തലത്തിൽ ഉണ്ടാവേണ്ടതാണ്.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ സന്ദർഭത്തിലും അധികാരത്തുടർച്ച ലഭിച്ച ഉടനെയും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉപദേശ രൂപേണ ഉദ്യോഗസ്ഥരോടായി പറഞ്ഞിട്ടുള്ളത് ഓരോ ഫയലും ഓരോ കുടുംബത്തിൻ്റെയുംജീവിതമാണെന്നു കണ്ട് പണിയെടുക്കണമെന്നാണ്. കൈക്കൂലി വാങ്ങുന്നതു മാത്രമല്ല ഫയലുകൾ നടപടിയെടുക്കാതെ താമസിപ്പിക്കുന്നതും അഴിമതിയാണെന്നാണ്.അഴിമതി നിരോധന നിയമം പ്രകാരം നടപടികൾക്കു വിധേയരാവാൻ, ശിക്ഷിക്കപ്പെടാൻ ഇടവരുത്തരുത് എന്നാണാ പറഞ്ഞതിൻ്റെ ധ്വനി.അതേ സമയം വികസന സമിതി മീറ്റിങ്ങുകളിൽ പങ്കെടുത്തു കൊണ്ട് സർക്കാർ അനുവദിച്ച വികസന പദ്ധതികൾ മരവിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്ന MLA മാർ അഴിമതി നിരോധന നിയമത്തിൻ്റെ പരിധിക്കു പുറത്താണെന്ന കാര്യവും മുഖ്യമന്ത്രി ഓർക്കേണ്ടതാണ്.
കക്ഷിരാഷ്ട്രീയ വിരോധത്തിൻ്റെയും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനാവശ്യമായ പണമില്ലാത്തതിൻ്റെയും കാരണത്താൽ ഒന്നാം പിണറായി സർക്കാറിൻ്റെ വികസന പദ്ധതികളിൽ ഇടം ലഭിക്കാതെ പോയ അനേകർ രണ്ടാം പിണറായി സർക്കാറിൽ പ്രതീക്ഷയർപ്പിച്ചിരിപ്പുണ്ട്. ഭവനരഹിതർ മുതൽ വിധവകൾ വരെ അക്കൂട്ടത്തിലുണ്ട്. റോഡും ആശുപത്രിയും വിദ്യാലയങ്ങളും മെച്ചപ്പെടണമെന്നാഗ്രഹിക്കുന്നവരുമുണ്ട്. പദ്ധതികൾ നടപ്പാക്കുന്ന സന്ദർഭങ്ങളിൽ സർക്കാർ വിരുദ്ധ രാഷ്ടീയ ഉദ്യോഗസ്ഥ സംഘങ്ങളുടെ ഇടപെടൽ മൂലം അവ തടസ്സപ്പെടാതിരിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികളും സ്വീകരിച്ചെങ്കിൽ മാത്രമേ അവശ വിഭാഗങ്ങളുടെയും അർഹതയുണ്ടായിട്ടും അനർഹരുടെ പട്ടികയിലേക്കു മാറ്റപ്പെട്ടവരുടെയും പ്രതീക്ഷകൾ സഫലമാവൂ എന്ന യാഥാർത്ഥ്യമുൾക്കൊള്ളാൻസർക്കാർ തയ്യാറാവേണ്ടതാണ്.
കെ എം സലീം, പത്തനാപുരം.9947857560.

Comments are closed.