1470-490

തിരൂരങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി

പരപ്പനങ്ങാടി:ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ ലോക്ക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. പൂരപ്പുഴയില്‍ നിന്ന് കീരനെല്ലൂര്‍ പുഴ വഴി ഉപ്പുവെള്ളം കയറുന്നത് തടയാനും കൃഷിയ്ക്കും കുടിവെള്ളത്തിനും ജലം സംഭരിക്കാനും ലക്ഷ്യമിട്ട് ജലസേചന വകുപ്പിന്റെ നേത്യത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ലോക്ക് കം റഗുലേറ്ററിന്റെ രൂപകല്‍പ്പനക്കായി ഇറിഗേഷന്‍ ഡിസൈന്‍ റിസര്‍ച്ച് ബോര്‍ഡിലേക്ക് കൈമാറിയിരിക്കുകയാണ്. ഡിസൈന്‍ ലഭ്യമാകുന്നതോടെ തുടര്‍ നടപടികളുണ്ടാകുമെന്ന് പരപ്പനങ്ങാടി ഇറിഗേഷന്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.അശോക് കുമാര്‍ പറഞ്ഞു.

കീരനെല്ലൂര്‍ ന്യൂകട്ടില്‍ നിലവില്‍ മരപ്പലക ഉപയോഗിച്ച് താല്‍ക്കാലികമായി ലോക്ക് കം റെഗുലേറ്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ശാശ്വത സംവിധാനമെന്ന നിലയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കീരനെല്ലൂരിലെ ഓള്‍ഡ് കട്ട് പാറയില്‍ ഭാഗത്ത് ലോക്ക് കം റഗുലേറ്റര്‍ പ്രവൃത്തി 20 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഏഴ് നൂതന ഷട്ടറുകളടങ്ങുന്ന സംവിധാനമാണ് ഓള്‍ട്ട് കട്ടില്‍ ഒരുക്കുന്നത്. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളിലേയും നന്നമ്പ്ര പഞ്ചായത്തിലേയും കര്‍ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. മുന്‍ എംഎല്‍എ പി.കെ അബ്ദുറബ് ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.70 കോടി രൂപ ചെലവിലാണ് ഓള്‍ഡ് കട്ടില്‍ സ്ഥിരം തടയണ യാഥാര്‍ത്ഥ്യമാക്കുന്നത്.

Comments are closed.