1470-490

പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കലാരംഗം

തലശേരി: ലോക്ക് ഇളവില്‍ എല്ലാ മേഖലകളും കരകയറാന്‍ ശ്രമിക്കുമ്പോഴും പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കലാരംഗം. നൃത്തം, സംഗീതം അനുബന്ധ മേഖലയിലുള്ള കലാകാരന്മാരാണ് നഷ്ടപ്പെട്ട തൊഴില്‍ വീണ്ടെടുക്കാന്‍ കഴിയാതെ ആശങ്കയിലായിരിക്കുന്നത്. സംസ്ഥാനത്ത് പ്രളയം വന്നതു മുതല്‍ ആരംഭിച്ചതാണ് പ്രതിസന്ധി. തുടര്‍ന്നുണ്ടായ കൊവിഡ് മഹാമാരിയിലും ദുരിതം തുടരുകയാണ്. ഇതില്‍ ഏറെയും ബാധിച്ചത് പ്രൊഫഷണല്‍ നൃത്ത കലാരംഗത്തുള്ളവരെയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നിട്ടുണ്ടായിരുന്നത് നൃത്തം ചെയ്യുന്ന കലാകാരന്മാരായിരുന്നു. വിദേശങ്ങളിലെ പല സംഘടനകളും കലാപരിപാടികള്‍ക്കു വേണ്ടി മാറ്റി വച്ച തുക പ്രളയ സമയത്ത് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പിന്നീട് സംസ്ഥാനത്ത് നിന്നു കലാകാരന്മാരെ വിദേശ പരിപാടികള്‍ക്കു ക്ഷണിക്കാത്ത ഒരവസ്ഥയായിരുന്നു. വിദേശത്തുള്ള പരിപാടികളാണ് സാമ്പത്തികമായി പ്രൊഫഷണല്‍ കലാകാരന്മാര്‍ക്കു നേട്ടം ഉണ്ടായിരുന്നത്. അതും നിലച്ചതോടെ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുകയാണിവര്‍. അതില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണു കൊവിഡ് വ്യാപനവും രൂക്ഷമായത്. ഓണ്‍ലൈനായി നൃത്ത ക്ലാസുകള്‍ കലാകാരന്മാര്‍ നടത്താന്‍ ശ്രമിച്ചെങ്കിലും എല്ലാവര്‍ക്കും വിജയം കണ്ടെത്താന്‍ കഴിഞ്ഞുമില്ല. നൃത്ത പരിശീലനത്തിനായി വാടകയ്‌ക്കെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണിവര്‍. മഹാമാരി കാലത്ത് സര്‍ക്കാര്‍ നല്‍കിയ 1000 രൂപ പോലും എല്ലാ കലാകാരന്മാര്‍ക്കും ലഭിച്ചിട്ടുമില്ല. പ്രതിസന്ധിയിലായിരിക്കുന്ന അര്‍ഹതപ്പെട്ട കലാരംഗത്തുള്ളവരെ സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണു ആവശ്യം.

Comments are closed.