1470-490

അനാവശ്യ സമ്മര്‍ദ്ദത്തില്‍ തളര്‍ന്ന നസീം

ശ്രീരഥ് കൃഷ്ണന്‍

കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും മകന്‍. പ്ലസ് ടുവിനു ശേഷമുള്ള പഠനം സ്വയം ജോലി ചെയ്തു കൊണ്ടു കൂടിയായിരുന്നു. സ്വന്തമായി വീടില്ല. താഴെ സഹോദരങ്ങളും. സ്വന്തമായൊരു വീടും മികച്ച തൊഴിലും സ്വപ്‌നം കണ്ടു കൊണ്ടു നടക്കുന്ന കേരളത്തിലെ ലക്ഷണക്കണക്കിന് വരുന്ന യുവാക്കളിലൊരാളായിരുന്നു ജസീം.(പേര് സാങ്കല്‍പ്പികം)
പത്രപരസ്യത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന കമ്പനിയില്‍ ഓഫ് റോള്‍ എക്‌സിക്യൂട്ടിവായി ജോലിയില്‍ പ്രവേശിച്ചു.
മികച്ച വാക്ചാതുര്യവും മാര്‍ക്കറ്റിങ് സ്‌കില്ലുമെല്ലാം ആദ്യമേ അയാളില്‍ കണ്ടുവെന്നു സാക്ഷ്യപ്പെടുത്തുന്നു അന്നവിടെ മാനെജറായി രവികുമാര്‍ (പേര് സാങ്കല്‍പ്പികം). എല്ലാ മാസവും തന്റെ ടാര്‍ജറ്റ് തുടക്കം മുതലേ അച്ചീവ് ചെയ്യുന്നയാളായിരുന്നു നസീം. അതുകൊണ്ടു തന്നെ ആദ്യമാസം മുതല്‍ ഇന്‍സന്റീവ് വാങ്ങി തുടങ്ങി. തുടര്‍ന്ന് ഏഴു വര്‍ഷത്തോളം മികച്ച രീതിയില്‍ ഇന്‍സെന്റീവ് വാങ്ങി സ്ഥാപനത്തിന്റെ ഗുഡ്‌ലിസ്റ്റില്‍ തുടര്‍ന്നതിനാല്‍ തന്നെ കമ്പനിയുടെ സ്റ്റാഫായി ഇയാള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. അതും മാനെജര്‍ തസ്തികയില്‍. തന്റെ ടീമുലുണ്ടായിരുന്ന പത്തു പേരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതു കൊണ്ടു തന്നെ മാനെജര്‍ ലെവലിലും നസീം ശോഭിച്ചു. ശമ്പളത്തിനു പുറമെ എല്ലാ മാസവും ഇന്‍സന്റീവ് വാങ്ങിക്കൊണ്ടിരുന്നു. മൊബൈല്‍ ഫോണ്‍ കമ്പനികളില്‍ സെയ്ല്‍സില്‍ രണ്ടു വിഭാഗമുണ്ട്. പോസ്റ്റ്‌പെയ്ഡും പ്രീപെയ്ഡും. പോസ്റ്റ് പെയ്ഡ് ബിസിനസ് പൂര്‍ണമായും നടക്കുന്നത് ചെറുകിട മൊബൈല്‍ ഷോപ്പുകളിലൂടെയാണ്. കമ്പനി ഷോറൂമുകളിലേയ്ക്ക് വരുന്നത് അപൂര്‍വം മാത്രം. എന്നാല്‍ പോസ്റ്റ്‌പെയ്ഡില്‍ 70 ശതമാനത്തോളം ഷോറൂമുകളിലേയ്ക്ക് വരുന്നതാണ്. 30 ശതമാനം മാത്രമാണ് പുറത്തു നിന്ന് ക്യാന്‍വാസ് ചെയ്യേണ്ടത്. എന്നാല്‍ ജില്ലയിലെ പ്രമുഖ നഗരമായതു കൊണ്ട് എല്ലാ കമ്പനികള്‍ക്കും രണ്ടോളം ഷോറൂമുകളുണ്ട്. അതുകൊണ്ട് ഷോറൂമിലേയ്ക്ക് എത്തുന്നവരെ മാത്രം ആശ്രയിച്ച് ടാര്‍ജറ്റ് അച്ചീവ് ചെയ്യാന്‍ കഴിയില്ല. പക്ഷേ നസീമിന് അതൊന്നും പ്രശ്‌നമായിരുന്നില്ല. ദിനംപ്രതി താനുണ്ടാക്കിയ പ്ലാന്‍ വച്ച് സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നും ബിസിനസുണ്ടാക്കിയാണ് നസീം മികച്ച സെയ്ല്‍മാനായത്. ബാക്കിയുള്ളവരെല്ലാം വിയര്‍ക്കുമ്പോള്‍ തന്റെ പ്ലാനിങും സ്മാര്‍ട്ട് വര്‍ക്കും മൂലം മികച്ച റിസല്‍ട്ടുണ്ടാക്കി. ഇതോടെ താരതമ്യേന മോശം പെര്‍ഫോമന്‍സുള്ള ഷോറൂമുകളും നസീമിനെ ഏല്‍പ്പിച്ചു നോക്കി. അവിടെയും മികച്ച പെര്‍ഫോമന്‍സുണ്ടാക്കി നസീം കമ്പനിയെ ഞെട്ടിച്ചു. ഈ സമയത്താണ് കോവിഡ് പാന്‍ഡമിക് നാടാകെ പ്രതിസന്ധി സൃഷ്ടിച്ചത്. പെട്ടെന്നുണ്ടായ സാമ്പത്തിക ഷോക്ക് ജനങ്ങളെയെല്ലാം ഭീതിയിലാക്കിയിരുന്നു ആദ്യ കോവിഡ് തരംഗം. പലരും പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ ഒഴിവാക്കി തുടങ്ങി. 5 മുതല്‍ മുകളിലോട്ടുള്ള പോസ്റ്റ്‌പെയ്ഡ് സിമ്മുകള്‍ നല്‍കുന്ന ഗ്രൂപ്പ് കണക്ഷനുകള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടായിരുന്നു. കോവിഡ് വന്നതോടെ പലരും ഇത്തരം പ്ലാനുകളില്‍ നിന്നു പിന്നോട്ട് പോയി. ഒപ്പം പുതിയത് എടുക്കുന്നതു നിര്‍ത്തുക കൂടി ചെയ്തതോടെ പോസ്റ്റ്‌പെയ്ഡ് ബിസിനസ് വലിയ തോതില്‍ കുറയാന്‍ തുടങ്ങി. ഇതോടെ കമ്പനിയുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദമേറി. അന്നു വരെ സ്വന്തം മാര്‍ക്കറ്റിങ് സ്‌കില്‍ കൊണ്ട് യാതൊരു സമ്മര്‍ദ്ദവുമേല്‍ക്കേണ്ടി വരാതിരുന്ന നസീം ഇവിടെ കാലിടറി. തന്റെ ബുദ്ധിയില്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും പഴയ പെര്‍ഫോമന്‍സിലേയ്‌ക്കെത്തിയില്ല. കോവിഡ് മഹാമാരിയാണ് വിഷയത്തിനു കാരണമെന്ന് കമ്പനിയ്ക്കും കമ്പനിയിലെ ഉന്നത മാനെജര്‍മാര്‍ക്കുമെല്ലാം അറിയാമായിരുന്നിട്ടും അവര്‍ അനാവശ്യമായി പ്രഷര്‍ കൊടുത്തു കൊണ്ടിരുന്നു. പുറത്തിറങ്ങാന്‍ പറ്റാതിരുന്ന സമയത്ത് ഫോണിലൂടെ ബിസിനസ് ചെയ്യാന്‍ പറഞ്ഞു കൊണ്ട് നിരന്തരം വിളിച്ചു.

പുതിയ തലമുറയില്‍ പലര്‍ക്കും ജോലിയെന്നത് അത്രവലിയ പ്രാധാന്യമില്ലെന്ന പരാതി വ്യാപകമാണ്. പക്ഷേ നസീമിനങ്ങനെയല്ലായിരുന്നു. തന്റെ കഠിനാധ്വാനം കൊണ്ട് ഹൗസ് ലോണിലൂടെ വീടെന്ന സ്വപ്‌നം സ്വന്തമാക്കിയത് പ്രസ്തുത ജോലിയിലൂടെയാണ്. അതുകൊണ്ടു തന്നെ വീട്ടിലിരുന്നും നിരന്തരം ഫോണിലൂടെ സെയ്ല്‍സ് തുടര്‍ന്നു. എന്നാല്‍ കോവിഡ് തരംഗത്തില്‍ എന്തു ചെയ്യുമെന്നറിയാതെ എല്ലാവരും പകച്ചു നില്‍ക്കുന്ന കാലമായിരുന്നു അത്. വാക്‌സിന്‍ പോലും കണ്ടുപിടിക്കാത്ത കാലം. മുന്നില്‍ ഒരു പ്രതീക്ഷ പോലുമില്ലാത്ത കാലം. അന്നു വരെ കാണാത്ത പലതും ജീവിതത്തിന്റെ ഭാഗമായ കാലം. എത്ര കഠിനാധ്വാനം ചെയ്തിട്ടും നസീമിന് റിസല്‍ട്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. തന്റെ കീഴിലുള്ളവരെ നിരന്തരം സമ്മര്‍ദ്ദം കൊടുക്കുന്നതിനൊപ്പം സ്വയവും ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ ഒരു തരത്തിലും സെയ്ല്‍സുണ്ടാക്കാന്‍ സാധിച്ചില്ല. ഈ സമയത്തും മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം വളരെ മോശമായി തുടര്‍ന്നുവെന്നു പറയുന്നു നസീം. ശമ്പളം തടഞ്ഞു വയ്ക്കുമെന്ന ഭീഷണിയുമായാണ് ഓരോ ദിവസവും സമ്മര്‍ദ്ദം. തുടര്‍ന്ന് ആളെ വെട്ടിക്കുറയ്ക്കുന്നുണ്ട് ജോലി പോയേക്കുമെന്ന ഭീഷണി വേറെ. പെട്ടെന്നു തൊഴിലില്ലാതാകുന്ന അവസ്ഥ നസീമിനെ ഡിപ്രഷനിലേയ്ക്ക് പോലും തള്ളിവിടുന്ന അവസ്ഥയിലെത്തിച്ചു. ഈ സമയം വീട്ടിലുള്ളവര്‍ മാനസികമായി സപ്പോര്‍ട്ട് നല്‍കി. കൂടെപ്പിറപ്പുകള്‍ കൂടെയുണ്ടെന്നു പറഞ്ഞു സമാധാനിപ്പിച്ചെങ്കിലും ജോലി പോകുന്നത് ചിന്തിക്കാന്‍ നസീമിനാകുമായിരുന്നില്ല. സുഹൃത്തുക്കളെ കൊണ്ടും ബന്ധുക്കളെ കൊണ്ടുമെല്ലാം ഗ്രൂപ്പ് സിമ്മെടുപ്പിച്ചിട്ടും ബോസിന് തൃപ്തിയായില്ല. സമാന സ്ഥാനത്തുള്ള കമ്പനിയിലെ മറ്റുള്ളവര്‍ ബോസിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും നസീം അതു ചെയ്തില്ല. മറ്റുള്ളവരോട് ജോലി പോകുമെന്ന ഭീഷണി മുഴക്കിയപ്പോള്‍ അവരൊന്നും അതില്‍ വീണില്ല. എന്നാല്‍ കമ്പനിയ്ക്ക് പ്രോഫിറ്റ് എന്നത് യാഥാര്‍ത്ഥ്യമെന്ന ബോധമാണ് നസീമിനെ നയിച്ചത്. എത്രയൊക്കെ പ്രഷര്‍ കിട്ടിയിട്ടും കമ്പനിയെ കുറ്റം പറയാന്‍ നസീമിന് തോന്നിയില്ല. എന്നിട്ടും പിടിച്ചു നിന്നു. ഒടുവില്‍ അണ്‍ ലോക്ക് വന്നു മാര്‍ക്കറ്റ് പച്ച പിടിക്കാന്‍ തുടങ്ങി. സാവധാനത്തില്‍ സെയ്ല്‍സില്‍ വര്‍ധനവുണ്ടായി വന്നെങ്കിലും ബോസിന് തൃപ്തിയായില്ല. ശമ്പളം വാങ്ങി തിന്നുന്നില്ലേ എന്ന രീതിയിലുള്ള സംസാരം തുടര്‍ന്നു. ഒടുവില്‍ തന്തയ്ക്ക് വിളിയില്‍ വരെയെത്തി. ഇതു സഹിക്കാവുന്നതിലുമപ്പുറമായി. തൊഴില്‍ വിടുന്ന കാര്യത്തെ കുറിച്ച് നസീം ചിന്തിക്കാന്‍ തുടങ്ങി. പത്തു വര്‍ഷത്തോളം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ഇന്‍സെന്റീവും പ്രമോഷനുമെല്ലാം നേടിയിട്ടും കോവിഡ് പശ്ചാത്തലം മൂലമുണ്ടായ പ്രശ്‌നം തിരിച്ചറിയാന്‍ കമ്പനി തയാറായില്ലെന്ന വേദന നസീമില്‍ നിന്നും വിട്ടുമാറിയില്ല. മറ്റു ജോലികളിലേയ്ക്ക് പോകാന്‍ മനസുകൊണ്ടു തയാറെടുത്തു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഒരു എഫ്എംസിജിയില്‍ ഇതിലും മികച്ച ശമ്പളത്തില്‍ ജോലി കിട്ടി. അതോടെ സന്തോഷമായി. മറ്റൊരു സ്ഥാപനത്തില്‍ ജോലി കിട്ടിയതോടെ ബോസിന്റെ ഭാവം മാറി. പോകരുതെന്ന അനുനയം തുടങ്ങി. എന്നാല്‍ നസീമിന് പിന്നെ ഒരിക്കലും പ്രസ്തുത സ്ഥാപനത്തില്‍ നില്‍ക്കാന്‍ തോന്നിയില്ല. അത്രയേറെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച, ജോലി ചെയ്ത സ്ഥാപനത്തോട് കടുത്ത വെറുപ്പായി. ജോലിയില്‍ നിന്നിറങ്ങിയയുടന്‍ നമ്പര്‍ പോര്‍ട്ട് ചെയ്തു. പലരെയും പോര്‍ട്ട് ചെയ്യിച്ചു. ഇത് അണ്‍ എത്തിക്കല്‍ എന്നറിഞ്ഞു കൊണ്ടു തന്നെ ചെയ്തു. ഒരിയ്ക്കല്‍ പോലും ഒരാളോടും പ്രത്യേകിച്ച് ബോസിനോട് പോലും തട്ടിക്കയറാത്ത നസീം കമ്പനിയുടെ ശത്രുവായി. ഇന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്വപ്‌നമായാണ് പ്രസ്തുത കമ്പനിയിലെ ജോലിയെ നസീം കാണുന്നത്.

(സമാനമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കും പങ്കുവയ്‌ക്കേണ്ടതുണ്ടോ? ഞങ്ങളെ വിളിക്കാം- 9961437437

അടുത്ത ലക്കം മാധ്യമ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവിന്റെ അനുഭവം

Comments are closed.