1470-490

ശരിപ്പകർപ്പുകൾ

സി.എസ്. മുരളി ശങ്കർ

ഓർമ്മകൾ ചിതയെ പോലെ
എരിഞ്ഞു കൊണ്ടിരിക്കും
തീ ആളിപ്പടർത്താൻ
ഒരു വിറക് കൊള്ളി, ‘
ഒരു ചെറു കാറ്റ്
അതു മതി

രണ്ടു രൂപയുടെ ഒരു ഊണ്
ഇനി ആര് എനിക്ക് വാങ്ങി തരും?
ചെറുചൂടിൽ പൊട്ടി വിടർന്ന മലരുകൾ
നെയ് തിളക്കുന്ന
ചാളക്കറിയുടെ ഗന്ധം
ഒരു സ്പൂൺ നിറയെ അച്ചാർ
ഒരു പപ്പടം
ഒരല്പം വൻപയർ
ഓർമ്മയിൽ ഒരു അക്ഷയപാത്രം.
തെറ്റാലിയിൽ നിന്നും തെറിക്കുന്ന കല്ലുകൾ
കൂട്ടിയുരസി തീ ഉണ്ടാക്കി നീ
ആ തീയിൽ വിടർന്ന ഞാൻ
നീ വരച്ച മാസ്റ്റേഴ്സിന്റെ ശരി പകർപ്പുകൾ
ഒത്തു നോക്കുന്ന ഒരു പരിശോധകൻ മാത്രമായിരുന്നു
നീ ദൈവമെന്ന ആർട്ടിസ്റ്റ് വരച്ചചിത്രം
ഞാൻ
എല്ലാ വർണ്ണവും കൂടിക്കുഴഞ്ഞ
വെറും ആർട്ട് ഹിസ്റ്ററി

നിന്റെ ഭവനം

ചിത്രങ്ങളുടെ മ്യൂസിയം
ചരിത്രത്തിന് കൈമാറാൻ ഓരോ നിമിഷവും തുടച്ചുമിനുക്കി കാത്തുവച്ചിരിക്കുന്ന ചിത്രങ്ങളുടെ
സൂക്ഷിപ്പുകാരൻ

നീ ചായം തേച്ച് മിനുക്കിയെടുത്ത
ഞങ്ങളുടെ ജീവിതങ്ങൾ
നീ ചായം വിറ്റ് പോറ്റിയ ഞങ്ങളുടെ ശരീരങ്ങൾ
നിന്റെ സ്വപ്നങ്ങൾ
പേക്കിനാവുകളാക്കിയ
ഞങ്ങളുടെ പിഴകൾ

ദൈവത്തിന്റെ ശിരസ്സിലെ
വരയായിരുന്നു നീ
എന്നിട്ടും ജീവിതം പടർത്തുവാൻ
വാൻഗോഗ് ദാലി രവിവർമ്മ
ചിത്രങ്ങളുടെ
പകർപ്പുകൾ പകർപ്പുകൾ പകർപ്പുകൾ
പലതും കടൽകടന്നു
ഒറിജിനിലിനെ
നാണിപ്പിക്കാൻ
അവരുടെ നാടുകളിലേക്ക് തന്നെ
തിരിച്ചുപോയി.

‘പണിപ്പുര’ ഇപ്പോൾ
ചിത്രവും
ചിത്രകാരനും ഇല്ലാതെ
നിശ്ചലം ശൂന്യം
അമരാവതിയിൽ
ഒരിക്കൽ കൂടി
ക്യാൻവാസിലേക്ക്
വർണ്ണങ്ങൾ
കുത്തിയൊലിക്കുമോ വീണ്ടും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689