1470-490

വാക്സിൻ വിഷയത്തിലെ നിസംഗത വെടിയണം

രവി ചന്ദ്രൻ. സി

കോവിഡ് വാക്‌സിനേഷന്‍ ഏറെക്കുറെ പൂര്‍ത്തിയാകുന്ന രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസകരമാണ്. ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ അടിക്കടി ഏര്‍പ്പെടുത്തി സമൂഹത്തെ തളര്‍ത്തിയിട്ടതുകൊണ്ട് മാത്രം രോഗനിയന്ത്രണം സാധ്യമാകില്ല. വരാനിരിക്കുന്ന തരംഗങ്ങള്‍ എണ്ണി കളിക്കുന്നതില്‍ കഥയില്ല. സ്ഥായിയായ പരിഹാരം വാക്‌സിനേഷന്‍ മാത്രം. കോവിഡ് മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരിക്കും. ലഘുവായ മ്യൂട്ടേഷനുകള്‍ സംഭവിച്ചാലും ഇപ്പോഴുള്ള വാക്‌സിന്‍ പ്രതിരോധം തീര്‍ക്കും. വലിയതോതിലുള്ള മാറ്റം സംഭവിച്ചാലേ നിലവിലുള്ള വാക്‌സിനുകളുടെ പ്രഹരശേഷി കുറയുകയുള്ളൂ. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വീണ്ടും രോഗം വന്നിട്ടുണ്ട്. പലപ്പോഴും വാകസിനേഷന് ശേഷം പ്രതിരോധം ഉത്തേജിപ്പിക്കപെടുന്നതിന് മുമ്പാണ് രോഗബാധ പ്രത്യക്ഷപെട്ടു കാണുന്നത്. വാക്‌സിനേഷന് ശേഷമുള്ള രോഗം കുറഞ്ഞ പ്രയാസങ്ങളെ രോഗിക്ക് ഉണ്ടാക്കുന്നതായി കാണുന്നുള്ളൂ. വാക്‌സിനേഷന് ശേഷവും രോഗം വന്നവരുടെ കണക്ക് എടുത്താല്‍ അത് വളരെ നിസ്സാരമാണ്.

വാക്‌സിനേഷന്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയം ഒട്ടും സഹായകമല്ല. It is a flawed policy, especially in the second phase. മാസ്‌ക്ക്-ശാരീരിക അകലംപാലിക്കല്‍-ലോക്ക്ഡൗണ്‍… തുടങ്ങിയ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ക്ക് കൊടുക്കുന്നതിലും അധികം ഊന്നല്‍ വാക്‌സിനേഷന് നല്‍കേണ്ട സമയമാണ്. വാക്‌സിന്‍ വരുന്നതിന് മുമ്പ് നമുക്ക് നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ മാത്രമേ സാധ്യമായിരുന്നുള്ളൂ. സ്വദേശിവല്‍ക്കരണം, സ്വയംപര്യാപ്തത തുടങ്ങിയ ആശയങ്ങള്‍ പരീക്ഷിക്കാനുള്ള സമയം ഇതല്ല. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനമായിട്ടുള്ളത്. ഇപ്പോള്‍ പ്രസക്തമായ കാര്യം വാക്‌സിന്‍ ലഭ്യമാണോ (available) എന്നതാണ്. വാക്‌സിന്‍ ലഭ്യമാണെങ്കിലേ അതെങ്ങനെ സ്വീകരിക്കണം, എങ്ങനെ വില്‍ക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ പ്രസക്തമാകുന്നുള്ളൂ.

രണ്ട് വാക്‌സിനുകള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. കോവിഷീല്‍ഡും കോ വാക്‌സിനും. രണ്ടിന്റെയും പരമാവധി ഉദ്പാദനം ഉറപ്പുവരുത്തിയാല്‍തന്നെ ഇന്ത്യയിലെ 138 കോടി ജനങ്ങള്‍ക്കും വേണ്ട വാക്‌സിന്‍ ഡോസുകള്‍ ഉദ്പാദിപ്പിക്കാന്‍ 2-3 കൊല്ലം വേണ്ടിവരും. വാക്‌സിനേഷന്റെ ഏകജാലകസംവിധാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം ഉണ്ടാക്കും. തിക്കുംതിരക്കും വെപ്രാളവും വാക്‌സിന്‍ദൗര്‍ലഭ്യവുമൊക്കെ ഏകജാലക സംവിധാനത്തിന്റെ പ്രകടമായ പോരായ്മകളാണ്. ‘ആയിരം കൈകളുള്ള മിശിഹ’യായി സര്‍ക്കാര്‍ വേഷംകെട്ടണമെന്ന ശാഠ്യം രോഗനിയന്ത്രണം വൈകിപ്പിക്കും. ഇന്ന് ലോകത്ത് ഫലപ്രദമെന്ന് കണ്ടെത്തിയ എല്ലാ കോവിഡ് വാക്‌സിനുകള്‍ക്കും രാജ്യത്ത് വിതരണാനുമതി നല്‍കണം. ഫൈസറും മൊഡേണയും സ്പുട്‌നിക്കും ഒക്കെ എളുപ്പംകിട്ടുന്ന അവസ്ഥയുണ്ടാവണം. ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടാവണം.

ഒരാള്‍ വാക്‌സിനേറ്റ് ചെയ്താല്‍തന്നെ അത് കൂട്ടപ്രതിരോധം (herd immunity) നേടിയെടുക്കാന്‍ സഹായകരമാണ്. ഒരേസമയം
OTT പ്‌ളാറ്റ് ഫോമും വൈഡ് റിലീസിംഗും നടത്തുമ്പോള്‍ സിനിമ
പെട്ടെന്ന് കൂടുതല്‍പേരിലേക്ക് എത്തിച്ചേരുന്നതുപോലെ വാക്‌സിന്റെ ലഭ്യത-വിതരണചാനലുകള്‍ പരമാവധിയാക്കണം. പരമാവധി വാക്‌സിനുകള്‍, പരമാവധി, ചാനലുകള്‍, പരമാവധി കൗണ്ടറുകള്‍… സൗജന്യം വേണ്ടവര്‍ക്ക് അങ്ങനെ, പണംകൊടുത്ത് വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് അങ്ങനെ. സൗജന്യവിതരണത്തിനുള്ള പണം സര്‍ക്കാര്‍ കണ്ടെത്തണം. വെടിയുംതീയുംപോലെ വാക്‌സിനേഷന്‍ നടക്കണം. ജനസംഖ്യ നോക്കിയാല്‍ ഇന്ത്യയ്ക്ക് സഞ്ചരിക്കേണ്ട ദൂരം ലോകത്ത് ചൈനയൊഴികെ മറ്റാര്‍ക്കുമില്ല. സ്വഭാവികമായും എല്ലാ സാധ്യതകളും പ്രയോജനപെടുത്തേണ്ടത് അനിവാര്യമാകുന്നു. വാസ്‌കിനേഷന്റെ കാര്യത്തില്‍ നിലവിലുള്ള മന്ദതയും പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളും സമൂഹതാല്‍പര്യത്തിന് എതിരാണെന്നതില്‍ സംശയമില്ല. It is bad, if not worse.

Comments are closed.