1470-490

കോവിഡും പഴങ്ങളും ചില അന്ധവിശ്വാസങ്ങളും

ഡോ. കെ.ടി. ജിതേഷ്

ഹെൽത്ത് ഡെസ്ക്: കോവിഡ് വന്നാൽ ഫ്രൂട്ട്സും ജ്യൂസും ഒരുപാട് കഴിക്കുന്നത് നല്ലതാണ് എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. കോവിഡ് വന്ന് മാറിയവരും ഇങ്ങനെതന്നെ. യഥാർത്ഥത്തിൽ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

കോവിഡ് രോഗവും കോവിഡ് ചികിത്സയും സങ്കീർണമാക്കുന്ന ഒരു വിഷയം അനിയന്ത്രിതമായ പ്രമേഹമാണ്. കോവിഡിൽ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കേണ്ടി വരുന്നതുകൊണ്ട് പ്രമേഹം വരാൻ സാധ്യത ഉള്ളവർക്കും കോവിഡ് കാലത്ത് ബ്ലഡ് ഷുഗർ കൂടി നിൽക്കും. പഴവർഗ്ഗങ്ങൾ അമിതമായി ഉപയോഗിക്കുമ്പോൾ കോവിഡ് രോഗികളിൽ കുതിച്ചുയരുന്ന പ്രമേഹം, ചികിൽസ കൂടുതൽ ദുർഘടമാക്കുന്നു.

അതുപോലെതന്നെ ഫാറ്റി ലിവർ ഉള്ളവരിൽ കോവിഡ് സങ്കീർണതകൾ സൃഷ്ടിക്കാം. പലവിധ അസുഖങ്ങൾ ഉള്ള വൃദ്ധരായ കോവിഡ് രോഗികളെ മാറ്റിനിർത്തിയാൽ, കോവിഡ് വരുന്നവരിൽ ആശുപത്രിയിൽ കിടക്കേണ്ടി വരുന്നവരും അതിൽ അസുഖം ഗുരുതരമാവുന്നതും ഏറ്റവും കൂടുതൽ ഫാറ്റി ലിവർ ഉള്ളവർക്കാണ്. അത്തരക്കാർ ഫ്രൂട്ട് ജ്യൂസ് അമിതമായി കഴിക്കുന്നത് കോവിഡ് കാലത്തും അല്ലാത്തപ്പോഴും ദോഷം ചെയ്യും. ഫ്രൂട്ട്സിൽ നാരുകൾ ഉള്ളതുകൊണ്ട് ജ്യൂസിന്റെ അത്ര പ്രശ്നമില്ലെങ്കിലും അമിത അളവിൽ കഴിക്കുന്നത് ഗുണകരമല്ല. (ഇതിന്റെ കാരണം ഫ്രൂട്ട്സിൽ ഉള്ള ഫ്രക്ടോസ്, ഫാറ്റി ആസിഡുകൾ ആയി മാറി കരളിൽ കൊഴുപ്പായി അടിയുന്നു എന്നതാണ്)

അമിതവണ്ണമുള്ള ആളുകൾക്ക് (BMI > 35) കോവിഡ് മരണ സാധ്യതയും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ് എന്നാണ് ലോകത്തെല്ലായിടത്തും കണ്ടുവരുന്നത്.

ഫാറ്റി ലിവർ എങ്ങനെയാണ് കോവിഡ് രോഗം സങ്കീർണമാക്കുന്നത്?

കോവിഡും ഫാറ്റിലിവറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെയുള്ള പഠനങ്ങളും ലഭ്യമായ അറിവുകളും വച്ച് എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങൾ ഇവയാണ് –

അണുബാധകൾ ഉണ്ടാകുമ്പോൾ ശരീരം അതിനെതിരെ പ്രതികരിക്കും. ഈ പ്രതിരോധ പ്രക്രിയയിൽ ആവശ്യമായ പലവിധ വസ്തുക്കളും യഥാസമയം ഉൽപാദിപ്പിക്കുന്നതും പുറത്തുവിടുന്നതുമായ ശരീരത്തിലെ അവയവങ്ങൾ, ഉദാഹരണത്തിന് കരൾ, പ്ലീഹ മജ്ജ.. ഇവയിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് ഈ പ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. അതുകൊണ്ട് അമിതവണ്ണമുള്ളവർക്ക് സ്വാഭാവിക പ്രതിരോധ ശേഷി കുറയുന്നു.

അമിതവണ്ണവും പ്രമേഹവും ഉള്ളവർക്ക് രക്തം കട്ടപിടിക്കാനുള്ള സാധ്യത സ്വതവേ തന്നെ കൂടുതലായിരിക്കും. അതുകൊണ്ടാണ് അത്തരക്കാർക്ക് ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. കോവിഡ് രോഗത്തിന്റെ ഒരുപ്രധാന പ്രശ്നമാണ് രക്തം കട്ടപിടിക്കാനുള്ള സാധ്യതയും അതുകൊണ്ടുള്ള സങ്കീർണ്ണതകളും.

കോവിഡ് ന്യുമോണിയ ഗുരുതരം ആവുന്നതിന്റെ ഒരു പ്രധാന കാരണം വൈറസിന്റെ നേരിട്ടുള്ള ആക്രമത്തെക്കാൾ ശരീരം നടത്തുന്ന അനിയന്ത്രിതമായ പ്രത്യാക്രമണത്തിന്റെ ഫലമായാണ്. ശരീരത്തിലെ കൊഴുപ്പിന്റെ സംഭരണ കോശങ്ങളായ adipose tissue ഈ സാധ്യത വർദ്ധിപ്പിക്കുന്നു.

Central obesity അഥവാ കുടവയറുള്ളവർക്ക് ശ്വാസകോശത്തിന്റെ സ്വാഭാവിക വികാസത്തിനും തടസ്സം അനുഭവപ്പെടുന്നു. ഇത് രക്തത്തിലേക്കുള്ള ഓക്സിജൻ വിനിമയം കുറയുന്നതിന് ഇടയാക്കുന്നു.

പറഞ്ഞു വരുന്നത് ഫ്രൂട്സും ജ്യൂസും കഴിക്കരുത് എന്നല്ല… നിർബന്ധമായും ഭക്ഷണത്തിൽ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തണം. അതിന്റെ അളവ് കൂടുന്നതാണ് പ്രശ്നം.

കോവിഡ് വന്ന, അനിയന്ത്രിതമായ പ്രമേഹമുള്ളവർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാവാനുള്ള സാധ്യതയും കൂടുതൽ. അതുകൊണ്ടുതന്നെ കോവിഡാനന്തര കാലം ഭക്ഷണ നിയന്ത്രണത്തിൽ അങ്ങേയറ്റം ശ്രദ്ധ പാലിക്കേണ്ട സമയം കൂടിയാണ്.

സമീകൃതാഹാരം എന്നുവച്ചാൽ കിലോ കണക്കിന് ഫ്രൂട്ട്സ് കഴിക്കലും രാവിലെ തൊട്ട് രാത്രി വരെ ജ്യൂസ് കുടിക്കലും അല്ല… മിതമായ അളവിൽ ഫ്രൂട്ട്സ് ഭക്ഷണത്തിലുൾപ്പെടുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആവശ്യത്തിന് പ്രോട്ടീനും മറ്റു പോഷകങ്ങളും കൂടി ഉൾപ്പെടുമ്പോഴാണ് അത് ബാലൻസ്ഡ് ഡയറ്റ് ആവുന്നത്. അതാണ് അസുഖം ഉള്ളപ്പോഴും അല്ലാത്തപ്പോഴും ആരോഗ്യത്തിന് ആവശ്യമുള്ളതും.”

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098