1470-490

മുട്ടിലിഴയുന്ന വര്‍ഗബോധം

ടി.പി. ഷൈജു

വാര്‍ത്താ പ്രധാന്യമുള്ള ഒരു സംഭവം നടക്കുന്നിടത്ത് അല്ലെങ്കില്‍ ഒരു വാര്‍ത്തയ്ക്ക് സ്‌കോപ്പുണ്ടെന്ന് തനിയ്ക്ക് തോന്നുന്നയിടത്തേയ്ക്ക് ഒരു മാധ്യമപ്രവര്‍ത്തകന് കടന്നു ചെല്ലാമെന്നുള്ളത് ലോകത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ള അലിഖിതമായ നിയമമാണ്. വിവാദ വാര്‍ത്തകളെ കൊണ്ട് എത്രയൊക്കെ പ്രതിസന്ധികള്‍ നേരിട്ടുണ്ടെങ്കിലും ഒട്ടുമിക്ക ഭരണാധികാരികളും നിയമജ്ഞരും നിയമപാലകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സര്‍വോപരി ജനങ്ങളും അനുവദിച്ചു കല്‍പ്പിച്ചു നല്‍കിയ അംഗീകാരം അല്ലെങ്കില്‍ അധികാരമാണ് ഒരു മാധ്യമപ്രവര്‍ത്തകന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം. ഭരണഘടനാപരമായി അതു അനുവദിച്ചു നല്‍കിയിട്ടില്ലെങ്കിലും മതത്തിനോ രാഷ്ട്രീയത്തിനോ തലച്ചോറു പണയപ്പെടുത്താത്ത ഏതൊരു പൗരനും തങ്ങളുടെ ശബ്ദമെന്ന നിലയില്‍ കല്‍പ്പിച്ചു കൊടുക്കുന്നുണ്ട് ഓരോ മാധ്യമ പ്രവര്‍ത്തകനും പ്രസ്തുത അവകാശം.
ജനാധിപത്യപരമായി വലിയ മുന്നേറ്റം നടത്തിയ ഏതു പരിഷ്‌കൃത സമൂഹവും അതൊരു മികച്ച കര്‍ത്തവ്യമായി തന്നെ വിശ്വസിക്കുന്നുമുണ്ട്. അത്തരത്തിലൊരു പരിഷ്‌കൃത സമൂഹത്തിലാണ് കഴിഞ്ഞ രണ്ടു തവണകളിലായി ഒരു സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകനെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഒരു ജനാധിപത്യ പാര്‍ട്ടിയെന്നു സ്വയം അവകാശപ്പെടുന്ന ബിജെപി ഇറക്കിവിട്ടിരിക്കുന്നത്. ഇറക്കി വിട്ട മാധ്യമ പ്രവര്‍ത്തകന്‍ മൂടും തട്ടി പുറത്തു പോകുന്നതും നോക്കി നിന്ന ഒരു കൂട്ടം മാധ്യമ ശിങ്കങ്ങളിന്നും കോഴിക്കോട് ജില്ലയില്‍ ധീരോദാത്തമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്നതില്‍ കേരള മാധ്യമ സമൂഹത്തിന് ഇരുന്ന് കോള്‍ മയിര്‍ കൊള്ളാവുന്നതാണ്.
2010ല്‍ തൃശൂരില്‍ നടന്ന ഒരു സംഭവമാണ് ഇതുകേട്ടപ്പോള്‍ ഓര്‍ത്തെടുത്തത്. ശക്തന്‍ സ്റ്റാന്റില്‍ തിരക്കേറിയ മേഖലയില്‍ വാഹന പരിശോധന നടത്തിയ അഡീഷനല്‍ എസ്‌ഐയുടെ ഫോട്ടോയെടുത്ത ന്യൂസ് ഫോട്ടോഗ്രാഫറെ പോലീസ് കസ്റ്റിഡിയിലെടുത്ത് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. മെട്രൊ വാര്‍ത്തയുടെ അന്നത്തെ ഫോട്ടോ ഗ്രാഫറെയാണ് എസ്‌ഐ തന്റെ ഫോട്ടോയെടുത്തെന്ന പേരില്‍ കസ്റ്റഡിയിലെടുത്തത്. ഫോട്ടോഗ്രാഫറെ സ്റ്റേഷനില്‍ കൊണ്ടു പോയി മണിക്കൂറുകളോളം നിര്‍ത്തിയതിനു ശേഷമാണ് തന്റെ ഓഫീസിലേയ്ക്ക് വിളിക്കാന്‍ എസ്‌ഐ അനുവദിച്ചത്. വിവരം കേട്ട് ഓഫിസിലുള്ളവര്‍ പോലീസ് സ്‌റ്റേഷനിലെത്തുന്നതിനു മുന്‍പ് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ സ്റ്റേഷനു സമീപത്ത് എത്തിത്തുടങ്ങിയിരുന്നു. നിമിഷ നേരം കൊണ്ടാണ് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ മുറ്റത്ത് മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരുമടക്കം 30ഓളം പേര്‍ ഒത്തുകൂടിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു. ഫോട്ടോഗ്രാഫറെ വിട്ടയച്ചു തടിയൂരാന്‍ ശ്രമിച്ച പോലീസിനു മുന്നില്‍ ഒത്തുതീര്‍പ്പിന് തയാറാവാതെ മാധ്യമ പ്രവര്‍ത്തകര്‍ ഉറച്ചു നിന്നു. ഒടുവില്‍ പ്രസ്തുത എസ്‌ഐയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു കിട്ടിയതിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനു മുന്നില്‍ നിന്നും പിരിഞ്ഞു പോയത്. കൂട്ടത്തിലൊരുത്തനെ തൊട്ടാല്‍ അതു സ്വന്തം പ്രശ്‌നം തന്നെയാണെന്നു വിശ്വസിക്കുന്ന ഒരു വര്‍ഗബോധം അക്കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരുന്നു. അത്തരം വര്‍ഗബോധങ്ങളും സാമാന്യ മര്യാദകളുമെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഇറങ്ങിയോടിയത് ഏത് സിന്‍ഡിക്കേറ്റ് പത്രപ്രവര്‍ത്തനത്തിന്റെ കാലത്താണെന്ന് ഇന്നുമറിയില്ല.
കേരളത്തിലെ മാധ്യമ മുതലാളിമാരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം സത്യസന്ധരും സാമൂഹ്യസ്‌നേഹികളും മാതൃകാപുരുഷോത്തമന്‍മാരുമെല്ലാമാണെന്ന് തലയ്ക്കു വെളിവുള്ള ഒരാളുമിന്ന് വിശ്വസിക്കുന്നില്ല. നിക്ഷ്പക്ഷമെന്ന് എത്രയൊക്കെ നെറ്റിയിലൊട്ടിച്ചു വച്ചാലും അവനവന്റെയുള്ളില്‍ കിടക്കുന്ന മതതാത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളുമെല്ലാം കുത്തിത്തിരുകാന്‍ പെന്‍ടോര്‍ച്ചടിക്കുന്നവരാണ് മിക്കവരും. അത് ഇന്നലെ തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളായാലും ശരി മൂത്തു നരച്ച മുത്തശ്ശി പത്രങ്ങളായാലും ശരി. എന്നിരുന്നാലും വിവിധ വിഷയങ്ങളില്‍ നാളിതുവരെയായി എല്ലാവരും കാത്തു സൂക്ഷിക്കുന്ന ഒന്നായിരുന്നു സഹജീവി സ്‌നേഹവും മിനിമം മര്യാദകളുമെല്ലാം. അത്തരം മര്യാദകള്‍ പോലും ലംഘിക്കുന്നിടത്ത് ചില വിയോജിപ്പുകളും പ്രതിഷേധങ്ങളുമെല്ലാം പാടില്ലെന്നു പറയില്ല നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാളും. ചാനല്‍ ഓഫിസിലേയ്ക്ക് വിളിച്ചയാളെ അധിഷേപിച്ചു സംസാരിച്ച റിപ്പോര്‍ട്ടര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചുവെന്നു ഒരു മാധ്യമം പറഞ്ഞിട്ടും തുടരുന്ന പ്രതിഷേധങ്ങള്‍ മര്യാദകളുടെ സീമകള്‍ ലംഘിക്കുന്നുണ്ടെന്ന കാര്യത്തില്‍ മറിച്ചൊരഭിപ്രായമുണ്ടാകാന്‍് തരമില്ല.
ചാനല്‍ ജഡ്ജിമാര്‍ പക്ഷപാതിത്തം കാണിക്കുന്നുവെന്നു കാട്ടി സിപിഎം ഒരിയ്ക്കല്‍ ഏഷ്യാനെറ്റിനെ ബഹിഷ്‌കരിച്ചിരുന്നു. അത് ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചകളിളിനി സിപിഎം പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് കാട്ടിയായിരുന്നു ബഹിഷ്‌കരണം. അന്നും സിപിഎം പരിപാടികളില്‍ നിന്നോ വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നോ മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്ന നടപടികളൊന്നും സിപിഎം എടുത്തിരുന്നില്ല. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോളം മാധ്യമങ്ങള്‍ വേട്ടയാടിയ മറ്റൊരു നേതാവ് കേരളത്തിലില്ലെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ലെന്നാണ് തോന്നല്‍. അന്നും മാധ്യമ സ്ഥാപനങ്ങളെ പഴിക്കുകയും വയറ്റിപ്പിഴപ്പു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരിതെല്ലാം എഴുതുന്നതെന്നു പരിഹസിക്കുകയുമായിരുന്നു പിണറായി വിജയന്‍. കമല ഇന്റര്‍നാഷണലും വ്യാജ ബംഗ്ലാവിന്റെ പടവുമെല്ലാം ചര്‍ച്ചയായിരുന്ന കാലത്ത് ഒരേ വാര്‍ത്ത ഒരു പോലെ മാധ്യമങ്ങളില്‍ വന്നതിനെ ചൂണ്ടി മാധ്യമ സിന്‍ഡിക്കേറ്റുകള്‍ കേരളത്തിലുണ്ടെന്ന ആക്ഷേപവും പിണറായി വിജയന്‍ അന്ന് ഉന്നയിച്ചിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തെ ഇതാ കടലെടുക്കുന്നേയെന്നു മുറവിളി കൂട്ടിയും പാര്‍ട്ടിയും സെക്രട്ടറിയും മാധ്യമ വിരോധികളെന്നു അച്ചു നിരത്തിയവരും വാഗ്‌ദ്ദോരണി മുഴക്കിയവരുമായിരുന്നു അന്നത്തെ മാധ്യമ ശിങ്കങ്ങള്‍. അന്ന് മുറവിളി കൂട്ടിയവരില്‍ പ്രധാനികളായിരുന്നു ഇന്നത്തെ ഇരകളെന്നതും കാലത്തിന്റെ കാവ്യനീതി. ഒരു കാല്‍ ആര്‍എംപിയിലും മറുകാല്‍ ഏഷ്യാനെറ്റിലും വച്ച് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ പ്രത്യേക ലാക്കോടെ നിരന്തരം റിപ്പോര്‍ട്ട് ചെയ്ത ഒരു റിപ്പോര്‍ട്ടറെ ഒഴിച്ച് കേരളത്തിലൊരു റിപ്പോര്‍ട്ടറെയും ടാര്‍ജറ്റ് ചെയ്ത് ആക്രമിച്ചിരുന്നില്ല സിപിഎം അന്നൊന്നും. എന്നാല്‍ കല്‍പ്പിച്ചു കിട്ടിയ മാധ്യമ സ്വാതന്ത്ര്യങ്ങളെയാകെ തിരസ്‌കരിച്ച ഒരു ജനത ഇവിടെ ഉദയം ചെയ്തതിനു പിന്നില്‍ സിപിഎം എന്ന പാര്‍ട്ടിയുടെ പ്രചാരണം ഒരു പ്രധാന കാരണമാണെന്നു പറയാതെയും വയ്യ. തങ്ങളിരിക്കുന്നിടത്തേയ്ക്ക് കയറി വരുന്ന, തങ്ങള്‍ക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ലാത്ത തൊഴിലെടുക്കുന്ന ഒരാളെ ഇറക്കി വിടാന്‍ മാത്രമുള്ള സംസ്‌കാര ശൂന്യത ബിജെപിയെ പോലെ ഒരു പാര്‍ട്ടി കാണിച്ചുവെന്നത് അങ്ങേയറ്റം അപലപനീയമാണെന്ന കാര്യത്തില്‍ മറ്റൊരു അഭിപ്രായമുണ്ടാവുകയുമില്ല.
ഒരു ജില്ലയില്‍ അല്ലെങ്കില്‍ ഒരു നഗരത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്തണമെങ്കില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് മറ്റു മാധ്യമ പ്രവര്‍ത്തകരുടെ സഹായമില്ലാതെ ഒട്ടുമേ സാധ്യമല്ലെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകില്ല ഒരു മാധ്യമ പ്രവര്‍ത്തകനും. സാങ്കേതിക വിദ്യയിനി എത്രയൊക്കെ വളര്‍ന്നാലും സഹപ്രവര്‍ത്തകനോടുള്ള കരുണയും കരുതലും പരസ്പരസഹായവും കൊണ്ടു മാധ്യമ പ്രവര്‍ത്തനം നടത്തി ഉപജീവനം നടത്തിയവരാണ് കഴിഞ്ഞകാലങ്ങളിലെല്ലാമുള്ളവര്‍. അതുകൊണ്ടു തന്നെയാണ് കൂട്ടത്തിലൊരുത്തനൊരു പ്രശ്‌നം വന്നാല്‍ കാക്കക്കൂട്ടം പോലെ ഒത്തൊരുമിച്ചു നിന്നിട്ടുള്ളതും. ആകാശത്തിനു കീഴെ സകല തെറ്റിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അഴിമതികള്‍ക്കും സ്വജനപക്ഷപാതിത്തത്തിനുമെല്ലാം എതിരായി ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും സംരക്ഷകരായി ചാടി വീഴുന്നവരാണ് മാധ്യമ പ്രവര്‍ത്തകരെല്ലാം. എന്നാല്‍ കൂട്ടത്തിലൊരുത്തനെ തങ്ങളുടെ മുന്നില്‍ വച്ച് ഇറക്കിവിട്ടപ്പോള്‍ ഒരുത്തനും ഉദ്ദരിക്കപ്പെട്ടില്ല മാധ്യമ ധര്‍മ്മവും വര്‍ഗബോധവുമൊന്നും. ഒരു ബസ് തൊഴിലാളിയെ അല്ലെങ്കില്‍ ഓട്ടോ തൊഴിലാളിയെ ആരെങ്കിലുമൊരാള്‍ ഒന്നു തൊട്ടാല്‍ തൊട്ടടുത്ത നിമിഷം യാത്രമുടക്കി പ്രതിഷേധിക്കുന്ന അടിസ്ഥാന വര്‍ഗ തൊഴിലാളികളുടെയത്രയൊന്നുമില്ലെങ്കിലും കൂടെ ജോലി ചെയ്യുന്നവനോട് തോന്നുന്ന മിനിമം അനുകമ്പയെങ്കിലും അകാമായിരുന്നു കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തര്‍ക്ക്. കൂട്ടത്തിലൊരുത്തനെ ഇറക്കി വിട്ടപ്പോള്‍ കൂടെയിറങ്ങി പോകാന്‍ തോന്നിയ ഒരുത്തനെങ്കിലും അക്കൂട്ടത്തിലുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നുണ്ട് കേരള സമൂഹം. അത്തരത്തിലൊരുത്തനെങ്കിലുമുണ്ടാകുന്ന ഒരുകൂട്ടമാകണം കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടേതെന്ന് ആശിക്കുന്നുണ്ട് നിലവില്‍ ഈ മേഖലയിലേയ്ക്ക് കടന്നു വരുന്ന പുതുതലമുറ. പ്രസ്തുത വീഴ്ചയുടെ കറ എത്ര കഴുകിയാലും പോകില്ല മാധ്യമങ്ങളുള്ളിടത്തോളം കാലം കേരളത്തില്‍.
സംഭവം നടന്ന് രായ്ക്കുരാമാനം വരുന്ന പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധ വാര്‍ത്താകുറിപ്പും കാത്തിരിക്കുന്ന മുട്ടിലിഴയുന്ന വര്‍ഗബോധം ഞെളിയന്‍പറമ്പിനു പോലും ആവശ്യമില്ലാത്ത കാലമാണിതെന്നു മറന്നു പോകരുത് പേനയും മൈക്കും അലങ്കാരമാക്കി ഈ തൊഴിലെടുക്കുന്നവര്‍.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0