ഹെൽത്ത് സെന്ററുകളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ നൽകി ജില്ലാ പഞ്ചായത്തംഗം
തിരൂർ : തന്റെ ഡിവിഷനിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും പൾസ് ഓക്സി മീറ്ററുകൾ സമാഹരിച്ചു നൽകി ജില്ലാ പഞ്ചായത്തംഗം. മലപ്പുറം ജില്ലാ പഞ്ചായത്ത് തിരുനാവായ ഡിവിഷൻ മെമ്പർ ഫൈസൽ എടശ്ശേരിയാണ് തന്റെ ഡിവിഷൻ പരിധിയിൽ വരുന്ന തിരുനാവായ, തൃപ്രങ്ങോട്, തവനൂർ, മംഗലം, തലക്കാട് പഞ്ചായത്തുകളിലെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് 20 വീതം പൾസ് ഓക്സി മീറ്ററുകൾ സമാഹരിച്ചു നൽകിയത്.
ഡിവിഷനിലെ 5 പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനെ തുടർന്ന് ഓക്സി മീറ്ററിന്റെ ആവശ്യകത വർദ്ധിച്ചത്തോടെയാണ് സുമനസ്സുകളുടെ സഹായത്തോടെ ആദ്യ ഘട്ടമെന്ന നിലയിൽ 100 പൾസ് ഓക്സി മീറ്ററുകൾ വാങ്ങി നൽകിയത്. ആവശ്യമെങ്കിൽ ഇനിയും വാങ്ങി നൽകുമെന്നും ഇതു കൂടാതെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ബ്രീത്ത് ഈസി ചലഞ്ചിലൂടെ ജില്ലയിലെ മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കും പൾസ് ഓക്സി മീറ്റർ, പി. പി. ഇ കിറ്റ്, സാനിറ്റൈസർ, ഫോഗിംഗ് മെഷീൻ, എൻ 95 മാസ്ക്, സർജിക്കൽ മാസ്ക് എന്നിവ ഒരാഴ്ചക്കക്കം വിതരണം ചെയ്യുമെന്നും ഫൈസൽ എടശ്ശേരി പറഞ്ഞു.
തിരുനാവായ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി, മംഗലത്ത് പ്രസിഡന്റ് സി. പി. കുഞ്ഞുട്ടി, തലക്കാട് പ്രസിഡന്റ് പി.പുഷ്പ, തവനൂരിൽ മെഡിക്കൽ ഓഫീസർ ഡോ. വിജിത്ത് വിജയ ശങ്കർ,ജെ. എച്ച്. ഐ കൃഷ്ണ കുമാർ, തൃപ്രങ്ങോട് അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോ. അസ്ന, ജെ.എച്ച്. ഐ. അബുൽ ഫസൽ എന്നിവർ ഏറ്റു വാങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റുമാരായ എ. കെ. ബാബു (തലക്കാട്), കുന്നത്ത് മുസ്തഫ(തിരുനാവായ), കെ.പാത്തുമ്മക്കുട്ടി(മംഗലം),പൂളക്കൽ മുജീബ്, ശിഹാബ് തങ്ങൾ കടകശ്ശേരി, കെ. രാമകൃഷ്ണൻ, റാഫി അയിങ്കലം, അബ്ദുള്ള അമ്മായത്ത്, റാഫി മാസ്റ്റർ മംഗലം, റംല ടീച്ചർ,സലീം പാഷ, മുനീർ മുളന്തല,ഷാഫി കാടേങ്ങൽ, ഹാരിസ് പറമ്പിൽ, ബി. ജയശ്രീ, പി ബാബുമോൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.