ടീച്ചറമ്മയ്ക്കു വേണ്ടി തിളയ്ക്കുന്ന സാമ്പാറുകള്‍

കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു തുടര്‍ഭരണമെന്ന നേട്ടം കൈവരിച്ചതിന്റെ നേതൃത്വത്തിലിരുന്നതിന്റെ പ്രഭയിലായിരുന്നു രണ്ടാഴ്ചകളോളമായി സിപിഎം. അതിന്റെ ഓളം കെട്ടടങ്ങുന്നതിന് മുന്‍പ് മന്ത്രിസഭാ രൂപീകരണത്തിലൂടെ കേരളത്തെ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്. മന്ത്രിസഭയിലാകെ പുതുമുഖങ്ങളെ കൊണ്ടു നിറച്ചാണ് പുതിയ തീരുമാനം ജനങ്ങളെ അറിയിച്ചിരിക്കുന്നത്. സിപിഐയും ഏകദേശം പുതുമുഖങ്ങളെ തന്നെയാണ് മന്ത്രിസഭയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. രണ്ടു കമ്യൂണിസ്റ്റ് പാര്‍ട്ടികളെടുത്ത പ്രസ്തുത തീരുമാനത്തെ കുറിച്ച് പാതിയായും മുഴുവനുമൊക്കെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് മലയാളി. ഇതിനിടെ പ്രസ്തുത പുതുമുഖ തെരഞ്ഞെടുപ്പില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉള്‍പ്പെടാത്തതില്‍ മനംനൊന്ത് വിങ്ങി പൊട്ടുകയാണ് മുഖ്യധാരാ വലതു മാധ്യമങ്ങളെല്ലാം. ഇക്കൂട്ടത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ വലതല്ലാത്ത ചില നിഷ്പക്ഷരും കൂടി ചേര്‍ന്നതോടെ ടീച്ചറമ്മയ്ക്കായുള്ള ക്യാംപയ്നായി അതു മാറിയിരിക്കുകയാണ്


എന്താണ് പുതിയ മന്ത്രിസഭയുടെ പ്രത്യേകത. ഒറ്റനോട്ടത്തില്‍ മുഖ്യമന്ത്രിയൊഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. കെ. രാധാകൃഷ്ണന് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്പീക്കറും അതിന് മുന്‍പ് മന്ത്രിയുമൊക്കെയായിട്ടുമുണ്ട്. ബാക്കിയെല്ലാം പുതുമുഖങ്ങള്‍.
എം.വി. ഗോവിന്ദന്, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്, സജി ചെറിയാന്, വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്. ബിന്ദു, വീണ ജോര്‍ജ്, വി. അബ്ദുറഹിമാന് എന്നിവരാണ് പ്രസ്തുത മന്ത്രിമാര്‍. ഇവരില്‍ ഭൂരിഭാഗം പേരും രാഷ്ട്രീയ രംഗത്തു കഴിവു തെളിയിച്ചിട്ടുള്ളവരാണെന്ന് വിമര്ശിക്കുന്നവര്ക്കും കരഞ്ഞു കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ക്കുമെല്ലാം അറിയാം. പിന്നെ എന്തിനാണിങ്ങനെ ഇവര്‍ കരയുന്നത്. കെ.കെ. ശൈലജയെന്ന മികച്ച ആരോഗ്യമന്ത്രിക്കു വേണ്ടി. പൂര്‍ണമായും ശരിയാണ്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ആരോഗ്യമന്ത്രിമാരില്‍ ഒരാളാണ് ശൈലജ ടീച്ചര്‍. സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയയാളുമാണ്.

അവരെ ഒരിയ്ക്കല്‍ കൂടി ആരോഗ്യമന്ത്രിയാക്കാമായിരുന്നില്ലേയെന്നു ചോദിച്ചാല്‍ ഒരിയ്ക്കല്‍ കൂടിയാക്കാമായിരുന്നു. പക്ഷേ മന്ത്രിയാക്കാന്‍ സിപിഎം തീരുമാനിച്ചില്ല. എന്തേ തീരുമാനിച്ചില്ല. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിവേചന അധികാരം. ആരെ മത്സരിപ്പിക്കണം. ആരെ മന്ത്രിയാക്കണം. ആരെ പാര്‍ട്ടി നേതാവാക്കണം എന്നൊക്കെ നാളിതുവരെയായി സിപിഎം തീരുമാനിച്ചത് പാര്‍ട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളില്‍ ചര്‍ച്ച ചെയ്താണ്. എന്നാല്‍ ചിലപ്പോഴെല്ലാം ചില പ്രതിഷേധങ്ങളെ തുടര്‍ന്ന് ചില തിരുത്തലുകള്‍ വരുത്തിയിട്ടുമുണ്ട്. അതും പാര്‍ട്ടിയ്ക്ക് താത്പര്യമില്ലാതെ തന്നെ. അതെല്ലാം വോട്ട് ബാങ്കിന് വിള്ളല്‍ വരുത്തരുതെന്ന ഉദ്ദേശം കൊണ്ടു മാത്രം. അങ്ങനെ നോക്കുമ്പോള്‍ ശൈലജ ടീച്ചറെ മന്ത്രിയാക്കാതിരുന്നാലുള്ള പ്രതിഷേധങ്ങള്‍ പാര്‍ട്ടി മുഖവലിയ്ക്കെടുക്കുമോ? സാധ്യത കുറവാണ്. കാരണം പാര്‍ട്ടി സംസ്ഥാന സമിതിയാണിക്കാര്യത്തില് ഐക്യകണ്ഠേന തീരുമാനത്തിലെത്തിയത്. എല്ലാം പുതുമുഖങ്ങളാകുമ്പോള്‍ ഏതെങ്കിലുമൊരാള്‍ക്ക് പ്രത്യേക പരിഗണന വേണ്ടെന്നു തീരുമാനിച്ചതും സംസ്ഥാന സമിതിയാണ്. പ്രസ്തു തീരുമാനം ഇടതുമുന്നണിയെ വോട്ടു ചെയ്തു വിജയിപ്പിച്ച ജനതയെ വേദനിപ്പിച്ചോ?. കുറച്ചൊക്കെ വേദനിപ്പിച്ചു കാണും. കാരണം ശൈലജ ടീച്ചര്‍ മികച്ച മന്ത്രിയെന്നു മാത്രമല്ല ജനകീയയായ ഒരു മന്ത്രി കൂടിയായിരുന്നു.
പ്രസ്തുത തീരുമാനത്തെ ഗൗരിയമ്മയെയും സുശീല ഗോപാലനെയുമെല്ലാം കൂട്ടിക്കെട്ടി സിപിഎം സ്ത്രീ വിരുദ്ധരുടെ കോട്ടയാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. പക്ഷേ അവര്‍ക്കു മുന്നില്‍ ഒരു ശൈലജ ടീച്ചര്‍ക്കു പകരം രണ്ടു വനിതകളെയാണ് സിപിഎം അവതരിപ്പിച്ചിരിക്കുന്നത്. അതോടെ ആ പ്രചാരണത്തിന്റെ മുനയൊടിയുമായിരിക്കുമെന്നു പ്രതീക്ഷിക്കാം. എന്നാലും ടീച്ചറമ്മയ്ക്കു വേണ്ടിയുള്ള മുറവിളി മാറുമോ? സാധ്യതയില്ല. ഒരു കാലത്ത് തുന്നല്‍ ടീച്ചറെന്നും ടീസറമ്മ എന്നുമൊക്കെ വിളിച്ചു കളിയാക്കിയവരെ തോളിലെടുത്തു കൊണ്ടു നടന്നിരുന്നവരാണ് ടീച്ചര്‍ക്കു വേണ്ടി മുറവിളി കൂട്ടുന്നതെന്ന ആശ്വാസം ടീച്ചര്ക്കുണ്ടാകുമെന്നതു മാത്രമാണ് ഏക ആശ്വാസം.
നിലവില്‍ എനിയ്ക്ക് മന്ത്രിയാകണമെന്നു ടീച്ചര്‍ എവിടേയെങ്കിലും ആവശ്യപ്പെട്ടിട്ടില്ല. തന്നെ മന്ത്രിയാക്കാതിരുന്നത് ശരിയല്ലെന്ന പരാതിയും ടീച്ചര്‍ ഉന്നയിച്ചിട്ടില്ല. മാത്രമല്ല പുതിയ ടീമിനെ അഭിനന്ദിക്കുകയും പാര്‍ട്ടി തീരുമാനത്തെ ശിരസാവഹിക്കുകയും ചെയ്തിരിക്കുകയുമാണ് ശൈലജ ടീച്ചര്‍. എന്നാലും നമ്മുടെ മാധ്യമങ്ങള്‍ വിടില്ല. ടീച്ചര്‍ക്ക് വേണ്ടെങ്കിലും സിപിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കാന്‍ ടീച്ചറമ്മയെ മാധ്യമങ്ങള്‍ക്കും വലതു സൈദ്ധാന്തികര്‍ക്കും വേണമെന്നതാണ് രസകരമായ വസ്തുത.
ശൈലജ ടീച്ചറും പ്രൊഫ. ആര്. ബിന്ദുവുമെല്ലാം സിപിഎമ്മിനെ സംബന്ധിച്ച് സമമാണ്. നിലവിലെ ശൈലജ ടീച്ചറെന്ന മികച്ച മന്ത്രി രൂപപ്പെട്ടത് സിപിഎം എന്ന പാര്‍ട്ടിയുടെയും പാര്‍ട്ടി നേതൃത്വം നല്കുന്ന മന്ത്രിസഭയിലൂടെയുമായിരുന്നു. അതു പോലെ മറ്റൊരു ശൈലജ ടീച്ചറെയോ അതിലും മികച്ചതോ ആയ ഒരു മന്ത്രിയെയോ ആര്. ബിന്ദുവിലൂടെയോ മുഹമ്മദ് റിയാസിലൂടെയോ സിപിഎം കൊണ്ടു വരുമെന്നുറച്ച് പറയുമ്പോള്‍ അതംഗീകരിച്ചു കൊടുക്കാനുള്ള ജനാധിപത്യ അവകാശമെല്ലാം ഒരു മുന്നണിയും പാര്ട്ടിയുമിവിടെ നേടിയിട്ടുണ്ടെന്നു മനസിലാകാത്തവരല്ല നമ്മുക്കു ചുറ്റിലുമുള്ളത്.

എല്ലാം പുതുമുഖമാണെങ്കില്‍ മുഖ്യമന്ത്രിയും പുതുമുഖമാകാമായിരുന്നില്ലേ? അങ്ങനെയൊരു മോഹം മനസിലുള്ളവര്‍ തന്നെയാണ് മെയ് ആറിന് വൈകുന്നേരം വിജയം ഇടതുമുന്നണിയുടേതല്ല പിണറായിയുടേതാണെന്നു വാഴ്ത്തിപ്പാടിയത്. സത്യത്തില്‍ പിണറായിയോടുള്ള ആരാധാന മൂത്തല്ലായിരുന്നു ആ പുകഴ്ത്തല്‍. വിജയം ഇടതുമുന്നണിയ്ക്കുള്ളതല്ലെന്നും പിആര്‍ വര്‍ക്കിന്റെ പേരില്‍ കിട്ടിയതാണെന്നു ധ്വനി വളര്‍ത്തുകയെന്ന ഉദ്ദേശം മാത്രമായിരുന്നു വാഴ്ത്തിപ്പാട്ടിനു പിന്നില്‍.
ഏതാണ്ടു മുഴുവന്‍ കാര്യങ്ങളിലും വകതിരിവുള്ള ജനതയാണ് കേരളം. കാരണം ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയ്ക്കൊപ്പം കാലാകാലങ്ങളായി നിന്നിട്ടുള്ളവരല്ല മലയാളികള്‍. മലയാളിയുടെ ചിന്തകളെയോ തീരുമാനങ്ങളെയോ ഏതെങ്കിലും തരത്തില്‍ തെറ്റായി സ്വാധീനിക്കാന്‍ ഇവിടെയുള്ള ജനാധിപത്യസംവിധാനങ്ങള്ക്കൊന്നും കഴിഞ്ഞിട്ടുമില്ല. അക്കാര്യത്തില്‍ ഏറെ തോറ്റു തുന്നംപാടിയിട്ടുള്ളവരാണ് നമ്മുടെ നാലാംതൂണുകാരും. അങ്ങനെ നോക്കുമ്പോള്‍ പുതിയ തീരുമാനവും സ്വയം ബുദ്ധിയില്‍ ചിന്തിച്ച് രൂപപ്പെടുത്തിയെടുക്കാനുള്ള ഒരു സമയത്തിനുള്ളില്‍ സ്വാധീനക്കാറ്റേല്ക്കാന് മാത്രമേ പുതിയ ടീച്ചര്‍ക്കു വേണ്ടി തിളയ്ക്കുന്ന സാമ്പാറുകള്ക്കു കഴിയൂ.
പ്രൊഫ. ആര്. ബിന്ദു എ. വിജയരാഘവന്റെ ഭാര്യയാകുന്നതിനു മുന്‍പ് എസ്എഫ്ഐ സംസ്ഥാന വിദ്യാര്‍ഥിനി സബ് കമ്മിറ്റി കണ്വീനറായിരുന്നുവെന്നതും കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നുവെന്നതും പുറമെ വിവിധ വര്‍ഗബഹുജന സംഘടനകളിലെ ഭാരവാഹിയായിരുന്നുവെന്നതുമെല്ലാം നല്ലൊരു ശതമാനം മലയാളികള്‍ക്കുമറിയാം. അതുപോലെ അഡ്വ. മുഹമ്മദ് റിയാസ് പിണറായിയുടെ മരുമകനാകുന്നതിന് മുന്‍പ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നുവെന്നതും എല്ലാവര്‍ക്കുമറിയാം. ഒരു പക്ഷേ സോഷ്യല്‍ മീഡിയയില്‍ കിടന്നു കണ്ണീരൊഴുക്കുന്ന സൈബര്‍ പോരാളികള്ക്കറിയില്ലായിരിക്കാമെങ്കിലും നമ്മുടെ മാധ്യമ ശിങ്കങ്ങള്ക്കെല്ലാം ഉറപ്പായും ഇവയെല്ലാം അറിയാം. എന്നിട്ടുമെന്തേ ഇങ്ങനെ എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല. കാരണം കഥയില്‍ പണ്ടേ ചോദ്യമില്ലല്ലോ.

പിതൃപാരമ്പര്യമോ കുടുംബ പാരമ്പര്യമോ നോക്കാതെ ഒരാളെ വിവിധ സംഘടനകളിലൂടെ ചുവരെഴുതിച്ചും പോസ്റ്ററൊട്ടിപ്പിച്ചും പോലീസ് ലാത്തിചാര്ജുകളിലേക്ക് തള്ളി വിട്ടുമെല്ലാം പാര്‍ട്ടി കേഡര്‍മാരാക്കി വളര്‍ത്തി, പിന്നെയവിടുന്നങ്ങോട്ട് തോല്‍ക്കുന്നിടത്തും കടുത്ത മത്സരം നടക്കുന്നിടത്തുമെല്ലാം മത്സരിപ്പിച്ചു ശക്തരാക്കിയാണ് വല്ലപ്പോഴുമൊക്കെ ഒരുറച്ച മണ്ഡലം നല്കി ഒരാളെ സിപിഎം പോലുള്ള ഒരു പ്രസ്ഥാനം വിജയിപ്പിച്ചെടുക്കുന്നത്. അങ്ങനെയെല്ലാം കൊണ്ടുവരുന്നവരെ മന്ത്രിയാക്കാനും വെറും പാര്ട്ടിക്കാരനാക്കി നിര്‍ത്താനുമൊക്കെയുള്ള അവകാശമുണ്ടെന്നു പാര്‍ട്ടി പറയാതെ പറഞ്ഞാല്‍ അതംഗീകരിക്കാനുള്ള മുഴുപ്പെയുള്ളൂ നിലവില്‍ നമ്മുടെ പ്രതിഷേധ കുഴലൂത്തുകാര്ക്കെല്ലാം. അതല്ലാത്ത വിധത്തിലൊരു പ്രതിഷേധം സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നോ കീഴ് ഘടകങ്ങളില്‍ നിന്നോ ഉണ്ടായാല്‍ അന്നു നോക്കാം പാര്‍ട്ടിയെടുത്ത തീരുമാനം ജനവിരുദ്ധമാണോ എന്ന പരിശോധന.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ ഒരു മത്സരം പോലെ കൊണ്ടാടുന്ന മന്ത്രിസഭാ പാനല്‍ അമ്പേ ചീറ്റിപ്പോയി എന്നതു സത്യം തന്നെ. പുതുമുഖങ്ങളായിരിക്കുമെന്ന സിപിഎം വൃത്തങ്ങളില്‍ നിന്നു കിട്ടിയ സൂചനകളില്‍ അവരവര്‍ക്കു തോന്നിയതു പോലുള്ള നിരീക്ഷണങ്ങള്‍ കുത്തിക്കയറ്റിയത് വോട്ടര്‍മാരോടോ പാര്‍ട്ടിയോടോ ചോദിച്ചിട്ടൊന്നുമല്ലല്ലോ. അത്തരം നിരീക്ഷണങ്ങളിലൂടെയും പുകമറകളിലൂടെയുമൊക്കെ തന്നെയാണ് മലയാളിയെ നമ്മുടെ മാധ്യമങ്ങള്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനക്കാരേക്കാള്‍ ന്യൂസ് സെന്സുള്ളവരാക്കിയത് എന്ന കാര്യത്തില്‍ തര്‍ക്കിക്കാന്‍ തത്ക്കാലം നില്ക്കുന്നില്ല. പറയുന്നതില്‍ പലതും സത്യവും അര്‍ദ്ധസത്യവും പച്ചപ്പൊള്ളുമാണെന്നൊക്കെ തിരിച്ചറിയാനുള്ള സെന്‍സും സെന്‍സിബിലിറ്റിയുമൊക്കെ മലയാളിക്കുണ്ട് എന്ന കാര്യം കൂടി മനസിലുണ്ടെങ്കില്‍ കൂടുതല്‍ ഇത്തരം കാര്യങ്ങളില്‍ ചളിപ്പുണ്ടാകാന് സാധ്യതയില്ല. ഇനി സിപിഎം എടുത്ത ഒരു തീരുമാനത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലേ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. അത് അഭിപ്രായം മാത്രമായാല്‍ മാത്രം. അല്ലാതെ തഴച്ചു വളരുന്ന ജാള്യതാ രോമങ്ങള്‍ക്ക് വളരാനുള്ള കണ്ണീര്പ്പൊഴിക്കലാകരുത് ടീച്ചര്‍ ക്യാംപെയ്ന്. മേല്‍പ്പറഞ്ഞ കാര്യങ്ങളിലെല്ലാം സിപിഎം തീരുമാനമിനി തെറ്റാണെന്നു തന്നെ വയ്ക്കുക. അതിലും വലിയൊരു റെഡ് സല്യൂട്ട് നല്‍കണം ഈ മന്ത്രിസഭാ രൂപീകരണ സാഹചര്യത്തില്‍ സിപിഎമ്മിന്. ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നമ്മള് ചില വിഴുപ്പലക്കുകള്‍ കേട്ടതേയില്ല. താക്കോല്‍ സ്ഥാനത്ത് ഇന്ന ആള് വേണമെന്ന ഭീഷണിയുമായി ഒരു സഭക്കാരും മാടമ്പി തമ്പുരാക്കന്മാരും വന്നില്ല. ഒരു ജാതി സംഘടനാ നേതാക്കള്‍ക്കും അഭിപ്രായം പറയാന്‍ പോലും അവസരം കൊടുത്തിട്ടില്ല. എന്നെ മന്ത്രിയാക്കണം എന്ന് പറഞ്ഞു പിബിക്ക് ആരും കത്തയച്ചതുമില്ല….ആത്മഹത്യ ഭീഷണിയോ പോസ്റ്ററുകളോ ഇല്ല….
സമുദായ സമവാക്ക്യ തൂക്കമൊപ്പിക്കല്‍ ഇല്ല….നേതാക്കന്മാരുടെ മലര്‍ന്ന് കിടന്ന് തുപ്പുന്ന പരിപാടിയില്ല…അഞ്ചാം മന്ത്രിക്ക് വേണ്ടിയുള്ള പിടിവലിയും ഇല്ല….. ആകെയുള്ളത് ടീച്ചറമ്മേ ന്നുള്ള കരച്ചില് മാത്രം.

Comments are closed.