ജാവയ്ക്ക് രണ്ടാം ഭാഗം: പങ്കു വച്ച് ബിനു പപ്പു

ബിനു പപ്പു
ഫിലിം ഡെസ്ക്: കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും ഞങ്ങള്‍ക്ക് ഊർജവും ആവേശവുമായിരുന്നു ഓപ്പറേഷന് ജാവ (Operation Java). തരുണ്‍ ആറ്റിക്കുറുക്കിയെടുത്ത സിനിമ… യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ, ചിത്രീകരണത്തിന് മുന്നേ തന്നെ ഞങ്ങള്‍ ഓരോരുത്തരെയും കാട്ടിത്തരുന്നതില്‍ തരുണ്‍ വിജയിച്ചിരുന്നു. ആദ്യ സംവിധാനസംരംഭം ആയിരുന്നിട്ടുകൂടി അത്രയ്ക്ക് ക്ലാരിറ്റിയോടെയാണ് തരുണ്‍ കഥ പറഞ്ഞത്. അതുകൊണ്ട് തന്നെ ഓപ്പറേഷന് ജാവ അതില്‍ പ്രവർത്തിച്ച ഞങ്ങള്‍ ഓരോരുത്തരുടെയും സ്വന്തം സിനിമയായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. അതിന്റെ ഒറ്റബലത്തിലാണ് കോവിഡും ലോക്ഡൌണും പലകുറി പ്രതീക്ഷകളെ തകിടം മറിച്ചപ്പോഴും തീയറ്റർ റിലീസ് തന്നെ മതി എന്ന കാര്യത്തില്‍ തരുണും (Tharun Moorthy) വി. സിനിമാസും (V Cinemas) ഉറച്ചുനിന്നതും. പക്ഷെ ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു നിങ്ങളുടെ വരവേല്‍പ്പ്. ഈ സിനിമയില്‍ കഥയാണ് താരം. സൂപ്പർതാരചിത്രങ്ങള്‍ പോലെ ഓപ്പറേഷന് ജാവയെ നിങ്ങള്‍ നെഞ്ചേറ്റി. സിനിമ റീലിസായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ ഫോണുകളിലേക്കും സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളിലേക്കും വരുന്ന അഭിനന്ദസന്ദേശങ്ങള് ഇപ്പോഴും നിന്നിട്ടില്ല. അതിന് വെറുതെ ഒറ്റവാക്കില്‍ നിങ്ങളോട് നന്ദി പറഞ്ഞാല്‍ തീരില്ല. ചെയ്തതേറെയും പൊലീസ് വേഷങ്ങളാണെങ്കിലും യൂണിഫോമില്ലാതെ ചെയ്ത ഈ പൊലീസ് വേഷം നല്കിയ സന്തോഷം വ്യക്തിപരമായി കുറച്ചുകൂടുതലാണ്. ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് ASI. ജോയി പുളിമൂട്ടിലിന്റേത്. ജോയി സാറിനോടുള്ള നിങ്ങളുടെ സ്നേഹം, ഇതെഴുതുമ്പോഴും ഫോണ്‍ വിളിയായും മേസേജായും വന്നുകൊണ്ടിരിക്കുന്നുണ്ട്. കോവിഡ് വ്യാപനവും രണ്ടാം ലോക്ഡൌണും ഒക്കെയായി ഇനിയെന്തെന്ന് അറിയാതെ ഇരിക്കുന്ന സമയത്ത് കിട്ടുന്ന ഈ സനേഹം, അത് നല്കുന്ന ഊർജം, അത് വളരെ വലുതാണ്. സിനിമ ടിവിയില്‍ കണ്ട് അഭിപ്രായം അറിയിച്ച എല്ലാവർക്കും തിരിച്ച് മറുപടി അയക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു കുറിപ്പ്. ഒപ്പം ഞങ്ങളുടെ വലിയൊരു സന്തോഷം കൂടി അറിയിക്കുന്നു. ഓപ്പറേഷന് ജാവയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അതിനുമുന്നേ ആദ്യഭാഗം കാണാത്തവരെല്ലാം കാണണേ. സീ ഫൈവിലാണ് (ZEE5) ആണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒരിക്കല്‍ കൂടി ഓപ്പറേഷന് ജാവ കണ്ടവർക്കും അഭിപ്രായം അറിയിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🏻. തുടർന്നും നിങ്ങളുടെ പ്രാർഥനയും സ്നേഹവും പ്രതീക്ഷിക്കാമല്ലോ.❤️
എന്ന് സ്വന്തം ,
ബിനു പപ്പു
Comments are closed.