തോല്‍ക്കുന്നത് മതങ്ങളല്ല, പച്ച മനുഷ്യരാണ്


ടി.പി. ഷൈജു
ഏതു നിമിഷവും മരണം കവരുമെന്ന ഭയപ്പാടോടെ കഴിയുന്ന ഒരു ജനസമൂഹത്തെ കുറിച്ച് ഓര്‍ക്കാതെ ഉറങ്ങാന്‍ കഴിയില്ല ലോകത്തെ ഒരു മനുഷ്യ സ്നേഹിക്കും. അത്രയേറെ ഭീകരമായി ബോംബുകള്‍ വര്‍ഷിക്കുകയാണ് ഗാസാ മുനമ്പില്‍. 40 മിനിറ്റില്‍ മാത്രം 160 യുദ്ധവിമാനങ്ങള്‍ 80 ടണോളം സ്ഫോടക വസ്തുക്കള്‍ ഗാസയ്ക്കുമേല്‍ വര്‍ഷിച്ചതിന്റെ കണക്ക് പുറത്തു വിട്ടിട്ടുണ്ട് ഇസ്രയേല്‍. മനുഷ്യക്കുരുതിയില്‍ അഭിമാനം കൊള്ളുന്ന വംശവെറിയെന്നല്ലാതെ മറ്റൊന്നുമിതിനെ വിളിക്കാനാവില്ല. കഴിഞ്ഞ ദിവസം വരെ 121 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 31 കുട്ടികളാണെന്നതാണ് വേദനിപ്പിക്കുന്നത്. തിരിച്ച് ഹമാസിന്റെ ആക്രമണത്തില്‍ ഏഴു പേര് ഇസ്രയേലിലും മരിച്ചിട്ടുണ്ടത്രെ. കഴിഞ്ഞ 74 വര്‍ഷങ്ങളായി മതത്തിന്റെ പേരിലുള്ള ഈ ചോരക്കൊതി തുടരുകയാണ്. മതഗ്രന്ഥങ്ങളുടെ മോഹനം നടപ്പാക്കിയെടുക്കാന്‍ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ് ഭരണകൂടങ്ങളും മതസംഘടനകളും.

ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷങ്ങളെല്ലാം ഉടലെടുക്കുമ്പോള്‍ അതിന്റെ പേരില്‍ കടിപിടി കൂടുകയും വോട്ടുബാങ്കിന്റെ വലിപ്പവും കൂട്ടുന്ന പ്രക്രിയയിലായിരുന്നു എന്നും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രത്യേകിച്ച് കേരളത്തില്‍. അക്രമങ്ങളെ ന്യായീകരിച്ചും യുദ്ധസന്നാഹങ്ങളില്‍ അത്ഭുതം കൂറിയുമെല്ലാം സാമൂഹിക പരിസരങ്ങളില്‍ പരിലസിക്കുകയാണ് മലയാളികള്‍. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വിഷയങ്ങളില്‍ പരസ്പരം വെറുപ്പ് ഉത്പ്പാദിപ്പിക്കുന്ന വെളിമ്പറമ്പുകളായിരിക്കുന്നു സോഷ്യല്‍ മീഡിയകള്‍. ചിലര്‍ക്ക് ഹമാസ് ഇരകളാണെങ്കില്‍ മറ്റു ചിലര്‍ക്ക് തീവ്രവാദികള്‍. ചിലര്‍ക്ക് ഇസ്രയേല്‍ നായകരെങ്കില് മറ്റു ചിലര്‍ക്ക് വില്ലന്മാര്. എല്ലാം പ്രത്യേക മതവിദ്വേഷവും സ്പര്‍ദ്ധയും മൂലം മാത്രമാണെന്നു തോന്നിപ്പോകുന്ന സാഹചര്യം.
നൂറ്റാണ്ടുകള്‍ക്കു മുന്‍പും കഴിഞ്ഞ നൂറ്റാണ്ടിലുമെല്ലാം ക്രൂരമായി പീഡിപ്പിക്കപ്പെടുകയും സമാനതകളില്ലാത്ത ദുരന്തമരണങ്ങളുമേറ്റുവാങ്ങിയവരാണ് ജൂത ജനത. ആദ്യം റോമാക്കാരില്‍ നിന്നാണെങ്കില്‍ പിന്നീട് ഹിറ്റ്ലറില്‍ നിന്നായിരുന്നു. തുടര്‍ന്നു ചിതറിപ്പോയവര്‍ സ്വന്തം വാഗ്ദത്ത ഭൂമിയിലേയ്ക്ക് തിരിച്ചു വന്നത് കടുത്ത വംശീയ വെറിയിലും ദൈവത്തെ സംരക്ഷിക്കുന്നതിനുമൊക്കെയായിരുന്നുവെന്നതു യാഥാര്‍ത്ഥ്യം. ഒരു കാലത്തും മുസ്ലീം രാജാക്കകൻമാരിൽ നിന്നും പീഡനമേറ്റു വാങ്ങേണ്ടി വന്നിട്ടില്ല ജൂതർക്ക് എന്നതും ശ്രദ്ദേയം.
കഴിഞ്ഞ 150 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ വലിയൊരു ബ്രിട്ടീഷ് ചതിയുടെ ഇരകളാകുകയായിരുന്നു ഇസ്രയേലികളും ഫലസ്തീനികളും. ഒപ്പം ഇസ്ലാമിക മതമൗലികവാദവും സയണിസ്റ്റ് ചിന്തകളും നേതാക്കള്‍ക്ക് തലയ്ക്കു പിടിച്ചപ്പോള്‍ നിരപരാധികളായവര്‍ കാലങ്ങളായി മരിച്ചു കൊണ്ടിരുന്നു.
1898ല്‍ ഓസ്ട്രിയന്‍ വംശജനായ ജൂതനില്‍ ഉടലെടുത്ത സയണിസ്റ്റ് ചിന്തകളാണ് ഇന്നു കാണുന്ന ജൂത-ഇസ്ലാമിക വിദ്വേഷത്തിനു കാരണമാകുന്നത്. തിയോഡോര്‍ ഹെസലിന്റെ ചിന്തയിലൂന്നിയ സയണിസമാണ് ഇന്ന് മരണത്തിന്റെ തീച്ചൂളയിലേയ്ക്ക് പച്ച മനുഷ്യരെ തള്ളിവിട്ടത്.
ഓട്ടോമാന്‍ സാമ്രാജ്യത്തെ യുദ്ധത്തില്‍ തോല്പ്പിക്കാനായി ബ്രിട്ടീഷുകാരുണ്ടാക്കിയ കരാറുകളാണ് ഈ മേഖലയെ കലുഷിതമാക്കിയത്. ഓട്ടോമാനെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നാല്‍ ജൂതര്‍ക്കും ഫലസ്തീനികള്‍ക്കും സ്വതന്ത്ര രാജ്യമെന്ന വാഗ്ദാനമായിരുന്നു ബ്രിട്ടണ് മുന്നോട്ടു വച്ചത്. തുടര്‍ന്ന് യുദ്ധം ജയിച്ചതോടെ മുസ്ലിംങ്ങളെയും ജൂതരെയും ഭിന്നിപ്പിച്ചു നിര്‍ത്തി ഭരിക്കുകയായിരുന്നു ബ്രിട്ടണ്. ലോകമഹായുദ്ധത്തിനു ശേഷവും പരസ്പരം പോരടിച്ച ജൂത-ഇസ്ലാമികര്ക്കു മുന്നില്‍ 1939ല്‍ ഒരു ഉടമ്പടി കൂടി ബ്രിട്ടണ് വച്ചു. എന്നാല്‍ പ്രസ്തുത ഉടമ്പടി ഇരുകൂട്ടരും തള്ളി. ഇരുകൂട്ടര്‍ക്കും മുഴുവന്‍ ഭൂമിയും വേണമെന്ന മതമൗലിക ചിന്തകളായിരുന്നു വിഭജനത്തിന് തടസമായത്. തുടര്‍ന്ന് ബ്രിട്ടണ് ഐക്യരാഷ്ട്രസഭയെ സമീപിക്കുകയായിരുന്നു. യുഎന്‍ വിഷയത്തില്‍ സമവായമുണ്ടാക്കുകയും 56 ശതമാനം ഇസ്രയേലിനും 44 ശതമാനം ഫലസ്തീനികള്‍ക്കും വീതിച്ചു കൊടുത്തു. സമവായം ഇസ്രയേലിനു സമ്മതമായിരുന്നെങ്കിലും ഫലസ്തീനികള്‍ക്ക് സമ്മതമായിരുന്നില്ല. തുടര്‍ന്ന് 1948ല്‍ ഇസ്രയേല്‍ രൂപം കൊണ്ടയുടന്‍ മുസ്ലിംരാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് ഇസ്രയേലിനെ ആക്രമിച്ചു. യുദ്ധത്തില്‍ ജയിക്കുക മാത്രമല്ല 56 ല്‍ നിന്നും 77 ശതമാനത്തോളം ഭൂമി ഇസ്രയേല്‍ പിടിച്ചെടുത്തു. തുടര്‍ന്നു കുറച്ചു വര്‍ഷങ്ങള്‍ സമാധാനപൂര്‍ണമായിരുന്നെങ്കിലും 1967ല്‍ വീണ്ടും അറബ് ലീഗ് ഇസ്രയേലിനെ ആക്രമിച്ചു. പ്രസ്തുത യുദ്ധത്തിലും വിജയം ഇസ്രയേലിനായിരുന്നു. മാത്രമല്ല ഫലസ്തീന് മണ്ണ് വീണ്ടുമേറെ പിടിച്ചെടുത്തു. തുടര്‍ന്ന് യുഎന്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇസ്രയേല്‍ 67ല്‍ പിടിച്ചെടുത്ത സ്ഥലം വിട്ടു കൊടുത്തു. എന്നാല്‍ 48ല്‍ പിടിച്ചത് വിട്ടു കൊടുത്തിരുന്നുമില്ല. തുടര്‍ന്ന് അറബ് ലീഗ് വിഷയത്തില്‍ നിന്നു പിന്നോട്ടു പോകുകയും ഫലസ്തീന് മാത്രം ഇസ്രയേല്‍ പ്രതിരോധം തുടരുകയുമായിരുന്നു. യുഎന്‍ അനുവദിച്ചു നല്കിയ സ്ഥലം തിരിച്ചു കിട്ടണമെന്നതാണ് നിലവിലും ഫലസ്തീനിന്റെ ആവശ്യം. എന്നാല്‍ യുദ്ധത്തിലൂടെ പിടിച്ചെടുത്ത സ്ഥലം വിട്ടു കൊടുക്കാന്‍ ജൂതര്ക്കിടയിലെ തീവ്രചിന്താഗതിക്കാരായ സയണിസ്റ്റുകള്‍ തയാറല്ല. മാത്രമല്ല ജെറുസലേമില്‍ മുസ്ലീങ്ങളുടെ പ്രധാനമൂന്നു ആരാധനാലയങ്ങളിലൊന്നായ മസ്ജിദുല്‍ അഖ്സ പോലും നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ജൂതരുടെ പരമലക്ഷ്യമായ ക്ഷേത്രം നിര്‍മിക്കുന്നതിനായി നിലവിലെ മുസ്ലിം ആരാധനാലയം തകര്‍ക്കുമെന്ന ആശയങ്കയിലാണ് പുതിയ വിഷയങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. റംസാന് മാസത്തിലെ ഇരുപത്തേഴാം രാവില്‍ കൂട്ടപ്രാര്ത്ഥനയ്ക്കെത്തുന്നതു സംബന്ധിച്ച് വിലക്കേര്‍പ്പെടുത്തി ഇസ്രയേല്‍. ആളുകളെ പരിമിതപ്പെടുത്തിയായിരുന്നു വിലക്ക്. സംഘടിതമായെത്തി കലാപം സൃഷ്ടിക്കുമെന്ന വാദമുന്നയിച്ചായിരുന്നു പ്രസ്തുത വിലക്ക്. തുടര്‍ന്ന് ഫലസ്തീനികളും ഇസ്രയേല്‍ പോലിസും തമ്മില്‍ ഏറ്റുമുട്ടി. വിശ്വാസികള്‍ കല്ലേറും പോലീസ് വെടിവയ്പ്പും നടത്തിയതോടെയാണ് തീവ്രസംഘടനയായ ഹമാസ് യുദ്ധം തുടങ്ങിയത്.
ഇരുരാജ്യങ്ങളും ചിന്തിക്കുന്നതും അക്രമിക്കുന്നതും ആളെ കൊല്ലുന്നതുമെല്ലാം മതത്തിനും ദൈവത്തിനും വേണ്ടിയാണെന്ന കാര്യത്തില്‍ അവര്‍ പോലും തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. ഇവിടെ ഹമാസിന്റെ രീതികളോട് വിയോജിക്കാതെ വയ്യ. സ്വന്തം ജനതയുടെ ജീവന് സംരക്ഷിക്കാന്‍ കഴിയാത്ത ഏതു പോരാട്ടങ്ങളും ലോകം തള്ളിക്കളഞ്ഞിട്ടേയുള്ളൂ. യുദ്ധം ചെയ്യേണ്ടത് മിലിട്ടറിയോടാണ്. ബോംബുകള്‍ക്കു മുന്നില്‍ നെഞ്ചുറപ്പോടെ നില്ക്കേണ്ടതു പോരാളികളും. ഇസ്രയേല്‍ ബോംബുകള്‍ക്കു മുന്നില്‍ കവചമാക്കി സ്ത്രീകളെയും കുട്ടികളെയും നിര്‍ത്തുന്നതിന് പേര് പോരാട്ടമെന്നല്ല. വില കുറഞ്ഞ ഭീരുത്വമാണ്. പോരാട്ടങ്ങളും യുദ്ധങ്ങളുമെല്ലാം തീര്‍ന്നാലും മതങ്ങളും രാജ്യങ്ങളുമെല്ലാം ഇവിടെ പഴയതിനേക്കാള്‍ ശക്തമായി നിലകൊള്ളും. പക്ഷേ പറക്കമുറ്റാതെ ചിതറിത്തെറിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലുന്നത് ഏതു ദൈവത്തിനു വേണ്ടിയായാലും ശരി അത് മനവിക വിരുദ്ധമാണ്. മനുഷ്യനെ മറന്നുള്ള ഏതു വിശുദ്ധ യുദ്ധങ്ങളും തീവ്രവാദത്തിന്റെ പട്ടികയില്‍ ചേര്‍ക്കാന്‍ മാത്രമേ കഴിയുകയുമുള്ളൂ.
പ്രസ്തുത മേഖല ശാന്തമാകട്ടെ എന്നു തന്നെയാണ് ലോകമാകെ ആഗ്രഹിക്കുന്നത്. ഏതു മഹാമാരിയുടെ കാലത്തും മതത്തെയും ദൈവത്തെയുമെല്ലാം മറന്ന് പരസ്പരം കൈകോര്‍ത്തവരാണ് എല്ലാ മനുഷ്യരും. അതുകൊണ്ടാണ് മതമേതായാലും കൊല്ലപ്പെടുന്നവരെ കുറിച്ചോര്‍ക്കുമ്പോള്‍ അനുതാപം തോന്നുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് കുട്ടികളടക്കം നിരവധി പേര് അഫ്ഗാനില്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഒഴുകാത്ത കണ്ണുനീര് ഗാസ വിഷയത്തില്‍ പുഴയായി ഒഴുകുമ്പോള്‍ ഒന്നു തീര്‍ച്ചയാണ്. അത് കാപട്യം നിറഞ്ഞ പൊയ്ക്കണ്ണീരാണ്. അതൊഴുകുന്നത് മനുഷ്യര്‍ക്ക് വേണ്ടിയല്ല, സ്വയം രക്ഷിക്കാന്‍ പോലും ആവതില്ലാത്ത ദൈവത്തിനു വേണ്ടിയാണ്. മറ്റു ചിലര്‍ അതൊഴുക്കുന്നത് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നഖത്തില്‍ പുരട്ടുന്ന മഷിയുടെ പേരിലും.
Comments are closed.