1470-490

Say No to War

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം!”

ആരാണ് നമ്മളെയീ മുദ്രാവാക്യം ഉരുവിടാൻ പഠിപ്പിച്ചത്?

എവിടെ നിന്നുമാണ് നമ്മൾക്കീ മുദ്രാവാക്യം ലഭിച്ചത്?

ഈ ചോദ്യങ്ങൾ നമ്മളെ കൊണ്ടെത്തിക്കുന്നത്, ഇവിടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും, മതങ്ങളിലേക്കും, മത സംഘടനകളിലേക്കും, മത ജീവികളിലേക്കും, ഇവിടെയുള്ള മാധ്യമങ്ങളിലേക്കും തന്നെയാവും.

കേരളത്തിൽ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടി ഈ മുദ്രാവാക്യമുയർത്തി പിടിക്കുന്നുണ്ടെങ്കിൽ, അത് തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടു കൊണ്ട് മാത്രാമാണ്. ഒരുപക്ഷേ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ കഴിവുള്ളത്രയും ജൂതന്മാർ കേരളത്തിലുണ്ടായിരുന്നുവെങ്കിൽ മാറി മറിയുമായിരുന്ന ഒരു മുദ്രാവാക്യം മാത്രമാവുമായിരുന്നു ഇത്!

ഇസ്രയേൽ – പലസ്തീൻ പ്രശ്നം ചില രാഷ്ട്രീയ നയങ്ങളുടെ പേരിലുള്ളതാണെന്ന് തെറ്റിദ്ധരിക്കപ്പെടുമ്പോഴാണ് ശരിക്കും നമ്മൾക്ക് അടി പതറുന്നത്. ഇസ്രയേൽ – പലസ്തീൻ പ്രശ്നമെന്താണെന്ന് മനസ്സിലാക്കണമെങ്കിൽ നൂറ്റാണ്ടുകൾ പുറകിലേക്ക് നമ്മൾ പോവേണ്ടി വരും. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുണ്ടായ ചർച്ചകൾക്കും, കരാറുകൾക്കും, ഇതിനെല്ലാം വഴിവെച്ച ഇസ്രയേൽ – അറബ് യുദ്ധത്തിനും, ഈ യുദ്ധത്തിന് കാരണമായ ഇസ്രയേൽ രാജ്യത്തിന്റെ ജനനത്തിനുമെല്ലാം ഒത്തിരി ഒത്തിരി പിറകോട്ട് നമുക്ക് സഞ്ചാരിക്കേണ്ടതായിട്ടുണ്ട്, യഥാർത്ഥ ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിന്റെ കാരണമെന്താണെന്ന് മനസ്സിലാക്കാൻ.

1948 മെയ്‌ 14 നാണ് ഇസ്രയേൽ എന്ന രാജ്യം, 1920 മുതൽ നിലനിന്നിരുന്ന ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടുന്നത്. അറബ്-ജൂത സംഘർഷങ്ങൾ ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന സമയം മുതൽ തന്നെയുണ്ടായിരുന്ന ഒന്നാണ്. ഇതിനൊരു പരിഹാരമെന്ന രൂപത്തിലാണ് 1947 ൽ, മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ സ്വാതന്ത്ര്യ അറബ് രാജ്യമായും, ജൂത ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഇസ്രയേൽ എന്ന രാജ്യമായും വിഭജിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ വിഭജന പദ്ധതി [UN – Resolution 181 (II)] മുന്നോട്ടു വരുന്നത്.

ഇത് പിന്നീട് ജൂത സമൂഹമംഗീകരിക്കുകയും, ഇതിൻ പ്രകാരം ഇസ്രയേൽ എന്ന രാജ്യം രൂപം കൊള്ളുകയുമാണുണ്ടായത്. അറബ് സമൂഹങ്ങളിത് അംഗീകരിക്കാൻ തയ്യാറായില്ല. അറബ് സമൂഹങ്ങളും ഇസ്രായേലും തമ്മിലുള്ള ഇത്തരം അസ്വാരസ്യങ്ങളാണ് 1947 മുതൽ 1949 വരെ നീണ്ടു നിന്ന ആദ്യ ഇസ്രയേൽ – അറബ് യുദ്ധത്തിനും, ശ്രദ്ധേയമായ 1967 ലെ യുദ്ധത്തിനുമെല്ലാം വഴി വെച്ചത്.

ഈ യുദ്ധങ്ങളെല്ലാം തുടങ്ങി വെക്കാൻ കാരണം, അറബ് രാജ്യങ്ങളുടെ ഇസ്രയേലിനെതിരെയുള്ള നയങ്ങളായിരുന്നു. ഒരു രാജ്യവുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ, അത് തീരാനായി ചർച്ചകൾ നടത്തുക, അല്ലെങ്കിൽ അത് തീരും വരെ യുദ്ധം ചെയ്യുക തുടങ്ങിയ നയങ്ങളല്ല അറബ് രാജ്യങ്ങൾ ഇസ്രയേലിനെതിരെ സ്വീകരിച്ചത്. ഇസ്രയേലിന്റെ സമ്പൂർണ ഉന്മൂലനമായിരുന്നു അവരുടെ ആവശ്യം!

രാഷ്ട്രീയ പ്രശ്നങ്ങളേക്കാളുപരി എന്താണ് ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിന്റെ കാരണമെന്ന് ചോദിച്ചാൽ, അത് മനുഷ്യത്വ വിരുദ്ധമായ മതമല്ലാതെ മറ്റൊന്നുമല്ല.

ഇന്നിപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പോലും പലസ്തീനിലെ തീവ്രവാദ സംഘടനയായ “ഹമാസ്” നടത്തുന്നവയാണ്. കഴിഞ്ഞ ദിവസം മലയാളിയായ ഒരു വനിത ഇസ്രയേലിൽ വെച്ച് കൊല്ലപ്പെട്ടതും ഇതേ തീവ്രവാദ സംഘടനയുടെ ആക്രമണത്തിലാണ്. എന്നിട്ടും അതൊരു തീവ്രവാദ ആക്രമണമാണെന്ന് പറയാൻ നമുക്കിന്നും മടിയാണ്!

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായോ, സ്വാതന്ത്ര്യത്തിനായോ അങ്ങനെയൊന്നിനും തന്നെ വേണ്ടി നടക്കുന്ന പോരാട്ടങ്ങളല്ല ഇന്ന് ഇസ്രയേലിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇരു കൂട്ടരുടേയും മത വിശ്വാസങ്ങളും, യുദ്ധങ്ങൾ ബാക്കി വെച്ചു പോയ പ്രശ്ങ്ങളും, രാഷ്ട്രീയ നയങ്ങളുമെല്ലാം ഇന്നീ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പുറകിലുണ്ട്.

ഒരു ജനതയെ തന്നെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തിന്റെ മറപറ്റി നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ തുടങ്ങിവെച്ച അക്രമ പരമ്പരകളുടെ തുടർച്ച കൂടിയാണിപ്പോഴുമവിടെ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് പലസ്തീനിലുൾപ്പടെ ഫാസിസ്റ്റു വക്താവായ ഹിറ്റ്ലറും, അദ്ദേഹത്തിന്റെ മനുഷ്യത്വ വിരുദ്ധ പ്രവൃത്തികളും, വാചകങ്ങളും ഇന്നും വിശുദ്ധ മന്ത്രങ്ങൾ പോലെ അലയടിച്ചു കൊണ്ടിരിക്കുന്നത്!

കഴിഞ്ഞ ദിവസങ്ങളിലായി ഗാസയിൽ നിന്നും ഇസ്രയേലിലേക്ക് നൂറു കണക്കിന് റോക്കറ്റുകളാണ് ഹമാസ് ആർമി തൊടുത്തു വിട്ടത്. പണ്ടു മുതൽക്കേ ഇത്തരം ആക്രമണങ്ങൾ നേരിട്ടിട്ടുള്ള പരിചയ സമ്പത്തും, ഇവയെ ചെറുക്കൻ ശേഷിയുള്ള സാങ്കേതിക വിദ്യയും കൈവശമുള്ളത് കൊണ്ടു മാത്രമാണ് ഇസ്രയേൽ എന്ന രാജ്യമിന്നുമവിടെ നിലനിൽക്കുന്നത്.

യുദ്ധം ചെയ്യുമ്പോൾ പോലും അതിനും ചില മാന്യതകളുണ്ട്. അത് പോലും മറന്ന് കൊണ്ടുള്ളതാണ് ഹമാസിന്റെ പ്രവർത്തികൾ. ആർമികൾ തമ്മിലാണ് യുദ്ധങ്ങൾ നടത്തേണ്ടത്. സാധാരണ ജനവിഭാഗങ്ങളെ കവചമാക്കി ഹമാസിപ്പോൾ നടത്തി കൊണ്ടിരിക്കുന്ന ഈ നീച പ്രവൃത്തിയെ യുദ്ധമെന്ന് പോലും വിശേഷിക്കാൻ കഴിയില്ല.

യുദ്ധമെപ്പോഴും ഒഴുവാക്കപെടേണ്ട ഒന്ന് തന്നെയാണ്. മരിച്ചു വീഴുന്നത് ഏത് പക്ഷത്തുള്ളവരായാലും മനുഷ്യർ തന്നെയാണ്. എന്നാൽ, ഇതിൽ ചിലയാളുകളെ മാത്രം മതത്തിന്റെ പേരിലും, രാഷ്ട്രീയ ലാഭത്തിന്റെ പേരിലും തിരഞ്ഞെടുത്തു കൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും, പിന്തുണ പ്രഖ്യാപിക്കുന്നതും തീർത്തും നീചമായ ഒന്നാണ്.

“യുദ്ധം വേണ്ട” എന്ന് പ്രഖ്യാപിക്കേണ്ടിടതാണ്, അവനവന്റെ താല്പര്യം മാത്രം മാനദണ്ഡമാക്കി ഒരു വിഭാഗത്തെ മാത്രം വിശുദ്ധ വൽക്കരിക്കുകയും, അവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത്.

ഏറ്റവും കുറഞ്ഞ പക്ഷം, മത താല്പര്യങ്ങൾക്കും, രാഷ്ട്രീയ ലാഭങ്ങൾക്കും വേണ്ടി വിവിധ മത-രാഷ്ട്രീയ മേലാളന്മാർ ഇറക്കുമതി ചെയ്യുന്ന ഇത്തരം ദുഷിച്ച മുദ്രാവാക്യങ്ങളെ തള്ളി കളയാനുള്ള ആർജ്ജവമെങ്കിലും നമ്മൾ കാണിക്കേണ്ടതുണ്ട്.

സി.എസ്. സൂരജ്

Israel #Palestine

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242