1470-490

എങ്ങനെയാണ് കാലാവസ്ഥ പ്രവചിക്കുന്നത്

സയന്‍സ് ഡെസ്‌ക്: കാലാവസ്ഥാ പ്രവചനം വളരെ ബുദ്ധിമുട്ടുള്ളതാണ്. നിലവില്‍ കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ വളരെ വലുതും അതുകൊണ്ടുതന്നെ വിക്ഷേപണച്ചെലവ് കൂടിയവയുമാണ്. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവുണ്ടാകുന്ന അത്തരം കൃത്രിമ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിനോ അവ നല്‍കുന്ന മുന്നറിയിപ്പ് സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനോ ദരിദ്ര രാജ്യങ്ങള്‍ക്ക് കഴിയില്ല. സാമ്പത്തികമായി ഉന്നതിയിലുള്ള വികസിത രാജ്യങ്ങള്‍ക്കു പോലും കാലാവസ്ഥാ പ്രവചനത്തിന് ആവശ്യമുള്ളത്ര കൃത്രിമ ഉപഗ്രഹങ്ങള്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. കൊടുങ്കാറ്റുകളുടെ ഉദ്ഭവവും അവയുടെ പ്രഹര ശേഷിയും അവ സൃഷ്ടിക്കുന്ന പേമാരിയും മറ്റ് പ്രകൃതി ക്ഷോഭങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുന്നില്ല എന്നകാര്യം അംഗീകരിച്ചേ മതിയാകൂ. വിശേഷിച്ചും ചുഴലി കൊടുങ്കാറ്റുകളും ന്യൂന മര്‍ദമേഖലകളും നിത്യേനയെന്നോണം ആഗോള വ്യാപകമായി സംഭവിക്കുമ്പോള്‍ നിലവിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ അപര്യാപ്തമാണ് എന്ന് കാണാന്‍ കഴിയും.

ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് നാസ. പരീക്ഷണ വിക്ഷേപണം നടത്തിയ റെയിന്‍ക്യൂബ് ഈ മേഖലയിലുള്ള വലിയൊരു ചുവടുവയ്പാണ്. നിരീക്ഷണ പേടകത്തിന്റെ വലുപ്പം വളരെ കുറച്ച് ഏകദേശം ഒരു ഷൂ ബോക്‌സിന്റെ വലുപ്പത്തിലാക്കുകയും ചെയ്ത ആദ്യ റെയിന്‍ക്യൂബ് കൃത്രിമ ഉപഗ്രഹം 2018 മേയ് 21ന് വിജയകരമായി വിക്ഷേപിച്ചു. ഭാരക്കുറവ്, വലുപ്പക്കുറവ്, ചെലവ് കുറവ് എന്നിവ മാത്രമല്ല ഈ കൃത്രിമ ഉപഗ്രഹത്തിന്റെ സവിശേഷതകള്‍. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ കൃത്രിമ ഉപഗ്രഹം വലിയ കാലാവസ്ഥാ നിര്‍ണയ ഉപഗ്രഹങ്ങള്‍ക്ക് കഴിയാത്ത മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും.

കൊടുങ്കാറ്റുകളുണ്ടാകുമ്പോള്‍ അവയിലുണ്ടാകുന്ന ജലത്തിന്റെയും വാതകത്തിന്റെയും പ്രവാഹവും തോതും കൃത്യമായി അളക്കാന്‍ കഴിയുന്നില്ല എന്നത് ഇന്ന് നേരിടുന്ന വലിയൊരു സാങ്കേതിക വിഷമമാണ് അതുകൊണ്ടുതന്നെ ന്യൂനമര്‍ദം സൃഷ്ടിക്കുന്ന പേമാരിയും ദുരന്തങ്ങളും പലപ്പോഴും പ്രവചനാതീതമാകാറുണ്ട്. കേരളത്തില്‍ അനുഭവപ്പെട്ട പ്രളയ ദുരന്തവും പേമാരിയും മറക്കാനായിട്ടില്ല. ഇത്തരം ന്യൂനമര്‍ദ മേഖലകള്‍ സ്ഥിരമായി സൃഷ്ടിക്കപ്പെടുന്നത് ഭാവിയില്‍ ആഗോള കാലാവസ്ഥയിലും താപനിലയിലുമുണ്ടാക്കുന്ന വ്യതിയാനങ്ങള്‍ പ്രവചനാതീതമായിരിക്കും.

ഇനി നാസയുടെ റെയിന്‍ക്യൂബ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം. ഈ കൊച്ചു പേടകത്തിലുള്ള റഡാര്‍ ഒരു സോണാര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പേടകത്തിലുള്ള കുടയുടെ ആകൃതിയിലുള്ള ഡിഷ് ആന്റിന അയക്കുന്ന സവിശേഷ റഡാര്‍ സിഗ്‌നലുകള്‍ കൊടുങ്കാറ്റ് രൂപപ്പെടുമ്പോള്‍ അവയിലുണ്ടാകുന്ന വെള്ളത്തുള്ളികളില്‍ തട്ടി പ്രതിഫലിക്കുകയും കൊടുങ്കാറ്റ് വഹിക്കുന്ന ജലശേഖരത്തിന്റെ കൃത്യമായ വിവരം നല്‍കുകയും ചെയ്യും. അതുവഴി കൊടുങ്കാറ്റ് ഉണ്ടാക്കാനിടയുള്ള തീവ്ര മഴയുടെ അളവും അത് വ്യാപിക്കുന്ന മേഖലയും കണക്കു കൂട്ടുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ നല്‍കുന്നതിനും കഴിയും. കൊടുങ്കാറ്റിനുള്ളിലേക്ക് തുളച്ചു കയറുന്ന റഡാര്‍ സിഗ്‌നലുകള്‍ ജല കണികകളില്‍ തട്ടി പ്രതിഫലിക്കുന്നതുകൊണ്ടാണ് വിവര ശേഖരണം കൂടുതല്‍ സൂക്ഷ്മമായും കൃത്യമായും നടത്താന്‍ കഴിയുന്നത്.

2018 ഓഗസ്റ്റില്‍ റെയിന്‍ക്യൂബ് നടത്തിയ ടെക്‌നോളജി ഡമോണ്‍സ്‌ട്രേഷനില്‍ മെക്‌സിക്കോയില്‍ ഉണ്ടായ ചുഴലിക്കാറ്റിന്റെയും അതു വഴിയുണ്ടായ പേമാരിയുടെയും വ്യക്തമായ തോത് മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ കഴിഞ്ഞു. കൂടാതെ 2018 സെപ്തംബറില്‍ അമേരിക്കയിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് സൃഷ്ടിച്ച വൃഷ്ടിപാതത്തിന്റെ തോതും മുന്‍കൂട്ടി കണ്ടെത്താന്‍ സാധിച്ചു എന്നത് റെയിന്‍ക്യൂബ് സാറ്റലൈറ്റിന്റെ മികവാണ് തെളിയിക്കുന്നത്. നിലവിലുള്ള ഭൗമ നിരീക്ഷണ നിലയങ്ങളും ബഹിരാകാശത്തുള്ള കാലാവസ്ഥാ പ്രവചനം നടത്തുന്ന ഉപഗ്രഹങ്ങളും പരാജയമാണെന്നല്ല പറയുന്നത്. മറിച്ച് ഇവയ്‌ക്കൊന്നും തന്നെ ആഗോള കാലാവസ്ഥാചക്രത്തിന്റെ പൂര്‍ണ ചിത്രം നല്‍കാന്‍ കഴിയുന്നില്ല എന്ന് പറയാതെ വയ്യ. നിലവിലുള്ള ഏറ്റവും ശക്തമായ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ക്കുപോലും ചുഴലിക്കൊടുങ്കാറ്റിനുള്ളിലുള്ള ജല ശേഖരം എത്രയാണെന്ന് നിര്‍ണയിക്കാനോ അതിന്റെ പ്രഹരശേഷി എത്രയാണെന്ന് പ്രവചിക്കാനോ കഴിയുന്നില്ല.

റെയിന്‍ക്യൂബ് കൊടുങ്കാറ്റുകളെ മാത്രം ലക്ഷ്യമിടുന്ന ഒരു ബഹിരാകാശ ദൗത്യമല്ല, മറിച്ച് ഏതൊരു ഹിമപാതത്തെയും പേമാരിയെയും നിരീക്ഷിക്കുന്നതിനുള്ള ബഹിരാകാശ പേടകമാണ്. ഓരോ നിമിഷത്തിലും ആഗോള കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പരിശോധിക്കാന്‍ റെയിന്‍ ക്യൂബിന് കഴിയും. അതുവഴി മഴയുടെ സഞ്ചാരം, മഞ്ഞുവീഴ്ച, ആലിപ്പഴവര്‍ഷം തുടങ്ങിയ പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കാന്‍ കഴിയും.

ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി നാസവിക്ഷേപിക്കുന്ന കെ.എ ബാന്‍ഡ് കാലാവസ്ഥാ മഴ നിര്‍ണയ ഉപഗ്രഹങ്ങളുടെ ശ്രേണിയില്‍പെട്ട ദൗത്യമാണ് റെയിന്‍ക്യൂബ്. നാസയുടെ എര്‍ത്ത് സയന്‍സ് ടെക്‌നോളജി ഓഫീസ് ആണ് ഇന്‍വെസ്റ്റ്15 എന്ന പേരിട്ടിട്ടുള്ള റെയിന്‍ക്യൂബ് പേടകങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു 6 യു. ക്യൂബ്‌സാറ്റ് പേടകത്തില്‍ സജ്ജീകരിച്ചിട്ടുള്ള റഡാര്‍ ആണ് പേടകത്തിന്റെ പ്രധാന ഭാഗം. കെ.എ ബാന്‍ഡ് റഡാറുകളുടെയും കെ.എ ബാന്‍ഡ് ആന്റിനകളുടെയും ഏറ്റവും പുതിയ രൂപഭേദവും സാങ്കേതിക പരിഷ്‌ക്കാരവുമാണ് റെയിന്‍ക്യൂബില്‍ ഒരുക്കിയിട്ടുള്ളത്. ഓരോ റെയിന്‍ക്യൂബ് സാറ്റലൈററിനും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന കലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് പ്രധാന ശാസ്ത്രദൗത്യങ്ങളാണ് റെയിന്‍ക്യൂബ് സാറ്റലൈറ്റുകള്‍ക്കുള്ളത് ക്യൂബ് സാറ്റ് പേടകത്തില്‍ ഒരു കാലാവസ്ഥാ നിര്‍ണയ റഡാര്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുക, 35.75 ഹെര്‍ട്‌സ് ആവൃത്തിലുള്ള കെ.എ ബാന്‍ഡ് റഡാര്‍ ഉപയോഗിച്ച് വര്‍ഷപാതത്തിന്റെ തോത് ഭൗമോപരിതലത്തില്‍ നിന്ന് 400 കിലോമീറ്റര്‍ മുകളില്‍ നിന്ന് അളക്കുക, ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗത്തില്‍ കാലാവസ്ഥാ പ്രവചനം നടത്തുക എന്നിവയാണവ.

ലിനക്‌സ് ബേസ്ഡ് കംപ്യൂട്ടിംഗ് സിസ്റ്റമാണ് റെയിന്‍ക്യൂബ് സാറ്റ്‌ലൈറ്റുകളുടെ ഡാറ്റ സമാഹരിക്കുന്നതും അപഗ്രഥിക്കുന്നതും. സോണാര്‍ പ്രഭാവമുള്ള റഡാറിനുപുറമെ രണ്ട് സ്റ്റാര്‍ ക്യാമറകളും അവ ക്രമീകരിക്കുന്നതിനുളള റിയാക്ഷന്‍ വീലുകളും ചില കാന്തിക ഉപകരണങ്ങളും റെയിന്‍ക്യൂബ് പേടകത്തിലുണ്ട്. 120 വാട്ട്‌സ്/മണിക്കൂര്‍ ശേഷിയുള്ള ബാറ്ററി പായ്ക്കാണ് പേടകത്തിന് പ്രവര്‍ത്തനശേഷി പ്രധാനം ചെയ്യുന്ന ഊര്‍ജ സ്രോതസ്സ്. കൂടുതല്‍ ഊര്‍ജം ആവശ്യമായ സമയത്ത് പേടകത്തിലുറപ്പിച്ചിട്ടുള്ള രണ്ട് സോളാര്‍ പാനലുകള്‍ 45 വാട്ട്‌സ് അധിക ശക്തി പ്രദാനം ചെയ്യും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689