1470-490

സൗജന്യ വാക്സിനു പിന്നിലെ രാഷ്ട്രീയം

Anup Issac

മൂന്നാം ലോകരാജ്യങ്ങള്‍ക്കു റഷ്യയും ചൈനയും വാക്സിനെത്തിക്കുന്നു. ഇത് അവരുടെ കാരുണ്യമാണോ? അങ്ങനെ കരുതാനാവില്ല എന്നതാണ് എന്‍റെ അഭിപ്രായം. അതു മനസ്സിലാക്കാന്‍ ഒരല്പം പരിണാമം പഠിച്ചാല്‍ മതി..

ഒരു വൈറസ് വിഭജിച്ചു രണ്ടാകുമ്പോള്‍, ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായി ചില മാറ്റങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇങ്ങനെ ഉണ്ടാകുന്നവയില്‍ വൈറസിന്‍റെ അതിജീവനത്തിനു സഹായിക്കുന്ന മാറ്റം ഉണ്ടാകുന്ന വൈറസുകള്‍ നിലനില്ക്കുകയും ദോഷകരമായ മാറ്റം വരുന്നവ നശിച്ചു പോവുകയും ചെയ്യും. ഇങ്ങനെ അതിജീവിക്കുന്നവ, നശിച്ചു പോകുന്നവയുടെ space കൂടി കൈയ്യടക്കുന്നു. മിനിട്ടുകള്‍ വച്ച് പുതിയ തലമുറ ഉണ്ടാക്കുന്ന വൈറസുകളില്‍, അനേകം തലമുറകളിലൂടെ വരുന്ന ഈ മാറ്റങ്ങള്‍, പുതിയ ഇനം വൈറസുകളെ സൃഷ്ടിക്കുന്നു. ആദ്യം കണ്ട വൈറസിനെതിരെ വികസിപ്പിച്ച വാക്സിനുകള്‍, ഇങ്ങനെ രൂപം മാറ്റം വന്ന വൈറസുകള്‍ക്കെതിരെ ഫലവത്താകണമെന്നില്ല. കണ്‍മുമ്പില്‍ കാണുന്ന പരിണാമത്തിന്‍റെ ഒരു ഉദാഹരണം കൂടിയാണിത്. പ്രത്യുത്പാദനത്തിനു വേണ്ട സമയം, മിനട്ടുകള്‍ക്കു പകരം വര്‍ഷങ്ങള്‍ ആകുന്ന ജീവികളില്‍, (ഒരാളുടെ ആയുസ്സില്‍) ഈ മാറ്റം പ്രകടമാകില്ല. പരിണാമത്തെ പരിഹസിക്കുന്ന, ‘ഇപ്പോഴത്തെ കുരങ്ങൊന്നും മനുഷ്യനാവാത്തത് എന്ത്’ എന്ന വിഡ്ഢി ചോദ്യം ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നാനുള്ള കാരണവും ഇതുതന്നെ.

ചുരുക്കത്തില്‍, ജനസംഖ്യ കൂടുതലുള്ള ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ വൈറസു പെരുകുമ്പോള്‍ മറ്റു രാജ്യങ്ങളിലെ ജനം മുഴുവന്‍ വാക്സിന്‍ എടുത്തിട്ടു വലിയ കാര്യമില്ല. ഈ മൂന്നാം ലോക രാജ്യങ്ങളില്‍ ഉണ്ടാകുന്ന പുതിയ ഇനം വൈറസുകള്‍ ആ വാക്സിന്‍റെ പ്രതിരോധം അതിജീവിക്കുകയും, സുരക്ഷിതമെന്നു കരുതുന്ന രാജ്യങ്ങളിലേക്കു പടരുകയും ചെയ്യും. അതായത് തനിയെ ഉള്ള അതിജീവനം സാദ്ധ്യമല്ല. രക്ഷപെടുന്നെങ്കില്‍ എല്ലാവരും കൂടി വേണം. പരിണാമത്തിന്‍റെ ഈ തത്വമാണ് ഈ രാജ്യങ്ങള്‍ ചെയ്യുന്ന ‘കാരുണ്യ പ്രവൃര്‍ത്തി’യുടെ യഥാര്‍ത്ഥ കാരണം. പരിണാമം നിരാകരിക്കുന്ന സൃഷ്ടി വാദികള്‍ക്കു ഭൂരിപക്ഷമുള്ള മൂന്നാം ലോകരാജ്യങ്ങള്‍ ഇതു മനസ്സിലാക്കാത്ത പക്ഷം, ഈ വാക്സിന്‍ ദാനം ഒരു ഔദാര്യമായി വാഴ്ത്തപ്പെടുമെന്നു മാത്രം.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689